ചികിത്സാ പിഴവ്; സ്വകാര്യ ആശുപത്രി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

മലപ്പുറം പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിക്കെതിരെയാണ് നടപടി

ചികിത്സാ പിഴവ്; സ്വകാര്യ ആശുപത്രി അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ
dot image

മലപ്പുറം: രോ​ഗിയെ ചികിത്സിക്കുന്നതിൽ വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടിയെടുത്ത് ഉപഭോക്തൃ കമ്മീഷൻ. മലപ്പുറം സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉപഭോക്തൃ കമ്മീഷൻ്റെ ഇടപെടൽ. രോഗി പ്രമേഹബാധിതയാണെന്ന് മനസിലാക്കാതെയായിരുന്നു മലപ്പുറം പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രി ചികിത്സിച്ചത്. ഇത് രോഗിയുടെ മരണത്തിന് കാരണമായിരുന്നു. രോഗിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു.

രാത്രി വീട്ടിൽ വീണ് കൈക്ക് പരിക്കേറ്റതിന് പിന്നാലെയാണ് പരാതിക്കാരൻ അമ്മയെ പെരുമ്പടപ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എക്സറേ എടുത്ത ശേഷം കുഴപ്പമില്ലെന്ന് പറഞ്ഞ് തിരിച്ചയയ്ക്കുകയായിരുന്നു. പിന്നീട് രണ്ട് ദിവസത്തിന് ശേഷം വേദനയ്ക്ക് കുറവില്ലാത്തതിനാൽ വീണ്ടും ആശുപത്രിയിലെത്തിച്ചു. തുടർന്നുള്ള പരിശോധനയിൽ തുടയെല്ല് പൊട്ടിയതായി കണ്ടെത്തുകയും ഉടൻ അഡ്മിറ്റ് ചെയ്ത് കാനുല വഴി മരുന്നു നൽകകയും ചെയ്തു.

രണ്ട് ദിവസത്തിനകം കാനുല വെച്ച കൈ പൂർണ്ണമായും പഴുത്തതിനെ തുടർന്ന് രക്തം പരിശോധിച്ചപ്പോഴാണ് രോ​ഗി പ്രമേഹ ബാധിതയാണെന്ന് കണ്ടെത്തുന്നത്. ഓപ്പറേഷൻ വഴി പഴുപ്പ് നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പത്തുദിവസം ആശുപത്രിയിലെ കിടത്തി ചികിത്സ ഫലം കണാണത്തതിനാൽ തൃശുരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ചികിത്സക്ക് ശേഷം ഡിസ്ചാർജ്ജ് ചെയ്തെങ്കിലും ഒരു മാസത്തിന് ശേഷം രോ​ഗി മരണപ്പെട്ടു. തുടർന്നാണ് ചികിത്സാ പിഴവിനെതിരെ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്. അന്വേഷണത്തിൽ പ്രമേഹബാധിതയാണ് രോ​ഗിയെന്ന് മനസിലാക്കാതെയുള്ള ചികിത്സാരീതിയും അശ്രദ്ധയും കമ്മീഷൻ കണ്ടെത്തി. മരണകാരണം ചികിത്സാ പിഴവായിരുന്നില്ലെങ്കിലു രോഗിയെ മരണത്തോടടുപ്പിക്കാന്‍ ചികിത്സ നിമിത്തമായെന്ന് കമ്മീഷൻ വിധിയില്‍ പറഞ്ഞു.

ചികിത്സാ ചെലവ് 1,73,736 രൂപയും നഷ്ടപരിഹാരമായി മൂന്ന് ലക്ഷം രൂപയും കോടതി ചെലവായി 20,000 രൂപയും ഉൾപ്പെടെ ആകെ 493,736 രൂപ ഒരു മാസത്തിനകം ഹർജിക്കാരന് നല്‍കാന്‍ കോടതി ഉത്തരവിട്ടു. നഷ്ടപരിഹാരത്തിൽ വീഴ്ച വന്നാൽ ഒമ്പത് ശതമാനം പലിശയും നൽകണമെന്നാണ് ഉത്തരവ്.

Content Highlights: Consumer Commission demands action against private hospital for negligence in treating patient and pay compensation of Rs 5 lakh

dot image
To advertise here,contact us
dot image