ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്ന് ആർ ബിന്ദു; കുറ്റംചെയ്‌താൽ മന്ത്രിയെന്ന പരിഗണനയില്ലെന്ന് സതീദേവി

മന്ത്രി ഗണേഷ് കുമാറിനെതിരായ ഭാര്യ ബിന്ദു മേനോന്‍റെ പരാതിയിലാണ് മന്ത്രി ആർ ബിന്ദുവിന്‍റെ പ്രതികരണം

ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്ന് ആർ ബിന്ദു; കുറ്റംചെയ്‌താൽ മന്ത്രിയെന്ന പരിഗണനയില്ലെന്ന് സതീദേവി
dot image

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ആരോപണത്തിൽ പ്രതികരിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ആരായാലും സ്ത്രീകളോട് മാന്യമായി പെരുമാറണമെന്നും പൊലീസ് ഇടപെടേണ്ട ആവശ്യമുണ്ടായിരുന്നെങ്കിൽ ഇടപെടണമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. മുഖ്യന്ത്രിയുടെ മകളെയല്ല മുഖ്യമന്ത്രിയെ തന്നെ വിളിച്ച് വിഷയം പറയാമായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. വിഷയം മുഖ്യമന്ത്രിയുടെ മകളെ വിളിച്ച് അറിയിച്ചിരുന്നുവെന്ന് ബിന്ദു മേനോൻ പറഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനോടാണ് മന്ത്രി ആർ ബിന്ദുവിന്റെ പ്രതികരണം.

സ്ത്രീയെ സംരക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്ന സർക്കാരാണ് സംസ്ഥാനത്ത് ഉള്ളത്. നീതിയുക്തമായി നടപടികൾ സ്വീകരിക്കുന്ന സമീപനമാണ് സർക്കാരിനുള്ളത്. കൂടുതൽ കാര്യങ്ങൾ വസ്തുതകൾ മനസ്സിലാക്കിയ ശേഷം പ്രതികരിക്കാം. സ്ത്രീകൾക്ക് ബഹുമാനം നൽകുന്ന സമൂഹമാണ് സർക്കാറിന്റെ ലക്ഷ്യമെന്നും ആർ ബിന്ദു പറഞ്ഞു.

വ്യക്തിജീവിതവുമായി ബന്ധപ്പെട്ട പരാതി ആയതിനാൽ വിഷയത്തിൽ മന്ത്രി തന്നെ മറുപടി പറയണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി റിപ്പോർട്ടറിനോട് പറഞ്ഞു. വിഷയം കൃത്യമായി മനസ്സിലാക്കിയിട്ടില്ല. ഗണേഷിന്റെ ഭാര്യ പരാതി നൽകിയാൽ അന്വേഷണം ഉണ്ടാകും. സ്വമേധയാ നടപടി സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടെങ്കിൽ അത് ചെയ്യും. പൊലീസിന്റെ ഭാഗത്തുനിന്ന് അനാസ്ഥ ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി എടുക്കും. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ മന്ത്രിയെന്ന പരിഗണനയുണ്ടാകില്ലെന്നും സതീദേവി പറഞ്ഞു.

മന്ത്രി ഗണേഷ് കുമാറിനെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടുവെന്നും അത് ചിത്രീകരിക്കാൻ ശ്രമിച്ച തന്നെ മന്ത്രിയുടെ നിർദേശപ്രകാരം അദ്ദേഹത്തിന്റെ ഡ്രൈവർ മർദിച്ചുവെന്നുമാണ് ബിന്ദു മേനോന്റെ ആരോപണം. സംഭവ സമയം പൊലീസിനെ വിളിച്ചെങ്കിലും ഇടപെട്ടില്ലെന്നും മാനസികമായി വർഷങ്ങളായി താൻ പീഡനം നേരിടുകയാണെന്നും ബിന്ദു മേനോൻ ആരോപിച്ചിരുന്നു. എന്നാൽ ആരോപണങ്ങളെ തള്ളിയ ഗണേഷ് കുമാർ തനിക്കെതിരെ ഉയരുന്ന വിവാദങ്ങള്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമാണെന്ന് പറഞ്ഞിരുന്നു.

Content Highlights: Minister R Bindu reacts on allegations against Minister K B Ganesh Kumar by his wife Bindu Menon

dot image
To advertise here,contact us
dot image