'ഇത് കേരളത്തിലെ ജനങ്ങളുടെ സോഷ്യൽ കാപ്പിറ്റൽ'; വയനാട് ടൗൺഷിപ്പിൽ മമ്മൂട്ടിയുടെ സർപ്രൈസ് വിസിറ്റ്

അനുതാപവും സഹതാപവും ആണ് കേരളത്തിന്റെ സോഷ്യൽ കാപ്പിറ്റൽ എന്ന് മമ്മൂട്ടി

'ഇത് കേരളത്തിലെ ജനങ്ങളുടെ സോഷ്യൽ കാപ്പിറ്റൽ'; വയനാട് ടൗൺഷിപ്പിൽ മമ്മൂട്ടിയുടെ സർപ്രൈസ് വിസിറ്റ്
dot image

കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി സർക്കാർ നിർമിച്ചുനൽകിയ ടൗൺഷിപ്പ് സന്ദർശിച്ച് നടൻ മമ്മൂട്ടി. അപ്രതീക്ഷിതമായിട്ടായിരുന്നു മമ്മൂട്ടിയുടെ സന്ദർശനം.ടൗൺഷിപ്പ് നടന്നുകണ്ടതിന് ശേഷം കേരളത്തിന്റെ സാമൂഹിക മൂലധനമാണ് ഈ കാണുന്നത് എന്നും ജനങ്ങളുടെ മനസാണ് ഈ ടൗൺഷിപ്പ് എന്നും മമ്മൂട്ടി പറഞ്ഞു. അനുതാപവും സഹതാപവും ആണ് കേരളത്തിന്റെ സോഷ്യൽ കാപ്പിറ്റൽ എന്ന് മമ്മൂട്ടി കൂട്ടിച്ചേർത്തു.

മാർച്ച് ഒന്നിനാണ് ആദ്യഘട്ടമായി ടൗൺഷിപ്പിലെ 178 വീടുകൾ മുഖ്യമന്ത്രി ദുരന്തബാധിതർക്ക് കൈമാറിയത്. സർക്കാർ വാക്കുപാലിച്ചെന്നും ഒട്ടും എളുപ്പമായിരുന്നില്ല ഈ യജ്ഞമെന്നുമാണ് വീടുകൾ കൈമാറിയതിന് ശേഷം മുഖ്യമന്ത്രി പറഞ്ഞത്. തെരഞ്ഞെടുപ്പ് ഉണ്ടെങ്കിലും മഴക്കാലത്തിന് മുൻപായി മുഴുവൻ ദുരന്തബാധിതർക്കും വീടും ഭൂമിയും നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയിരുന്നു.

ദുരന്തത്തിൽ വീട് പൂർണമായി നഷ്ടപ്പെട്ട 178 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീട് നൽകിയത്. 44.33 കോടി രൂപ കോടതിയിൽ കെട്ടിവച്ച് 2025 ഏപ്രിൽ 11 ന് സർക്കാർ ഏറ്റെടുത്ത കൽപറ്റ ഏൽസ്റ്റൺ എസ്റ്റേറ്റിലെ 64.4075 ഹെക്ടർ ഭൂമിയിൽ പ്രകൃതിക്കും കാലാവസ്ഥയ്ക്കും അനുയോജ്യമായ രീതിയിൽ 410 വീടുകളാണ് നിർമിക്കുന്നത്. 402 കുടുംബാംഗങ്ങളിലെ 1662 പേരാണ് താമസിക്കുക.

2024 ജൂലൈ 30നാണ് നാടിനെയാകെ നടുക്കിയ മുണ്ടക്കൈ-ചൂരൽമല പ്രദേശത്തുണ്ടായ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടാകുന്നത്. ഒരു രാത്രി ഇരുട്ടിവെളുത്തപ്പോൾ ഒരു നാട് തന്നെ മണ്ണിനടിയിലായ വാർത്തയാണ് നാം കേട്ടത്. ആ മഹാദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തുപിടിക്കാൻ ഈ നാട് ഒന്നടങ്കം രംഗത്തു വന്നതോടെയാണ് ദുരന്തത്തിന്റെ ആദ്യ നാളുകളെ നാം അതിജീവിച്ചത്.

Content Highlights: Actor Mammootty visits the township built for Mundakkai–Chooralmala disaster victims in Wayanad, praising it as a symbol of Kerala’s social capital and unity.

dot image
To advertise here,contact us
dot image