

തിരുവനന്തപുരം: വിവാദങ്ങള്‍ തുടര്‍ച്ചയാവുന്നതിനിടെ എ പത്മകുമാര്‍ സിപിഐഎമ്മിന് പുറത്തേക്ക്. നാളെ ചേരുന്ന ജില്ലാ കമ്മിറ്റി യോഗം സംഘടനാ നടപടിയില്‍ തീരുമാനം എടുക്കും. ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പത്മകുമാറിനെ പുറത്താക്കണമെന്ന ജില്ലാ കമ്മിറ്റി തീരുമാനം നടപ്പിലാക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. പത്മകുമാര്‍ ജില്ലാ കമ്മിറ്റി അംഗമായതിനാല്‍ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന നേതൃത്വത്തിന്റെ അംഗീകാരം വേണം. മുതിർന്ന നേതാക്കളായ തോമസ് ഐസക്, വി എന്‍ വാസവന്‍ എന്നിവര്‍ സംസ്ഥാന സെന്ററിനെ പ്രതിനിധീകരിച്ച് നാളത്തെ ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റായിരുന്നു എ പത്മകുമാര്‍.
അതേസമയം ശബരിമല സ്വര്‍ണ്ണക്കൊള്ളയിലും യുവതീ പ്രവേശന വിവാദത്തിലും പത്മകുമാര്‍ വെളിപ്പെടുത്തല്‍ നടത്തിയേക്കുമെന്നാണ് സൂചന. എഡിജിപി എസ് ശ്രീജിത്തിനേയും തന്നെയും ശബരിമലയില്‍ നിന്നും മാറ്റിയ ശേഷമാണ് യുവതികളെ മല കയറ്റിയതെന്ന് പത്മകുമാര്‍ അടുപ്പക്കാരോട് പങ്കുവെച്ചതായാണ് വിവരം. ശ്രീജിത്തിനെ ഡിജിപിയും തന്നെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും തിരുവനന്തപുരത്തേക്ക് എത്താന്‍ നിര്‍ദേശം നല്‍കി വിളിപ്പിച്ചിരുന്നു. പുലര്‍ച്ചെ മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ദേവസ്വം ബോര്‍ഡ് ഓഫീസിലെ മുറിയില്‍ എത്തി ടി വി ഓണ്‍ ആക്കിയപ്പോഴാണ് ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചതായി അറിയുന്നതെന്നും ഇതിന് പിന്നില്‍ ചിലര്‍ പ്രവര്‍ത്തിച്ചുവെന്നുമാണ് ആരോപണം.
അതേസമയം പത്മകുമാര്‍ വിഷയത്തില്‍ മറുപടി പറയാനില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചു. പത്മകുമാര്‍ എന്തൊക്കെയാണോ പറയുന്നത് അതിനെക്കുറിച്ചുള്ള വിശദീകരണം അദ്ദേഹത്തോട് തന്നെ ചോദിക്കണം. മറുപടി പറയേണ്ട ഉത്തരവാദിത്തം ഞങ്ങള്‍ക്കില്ല. ജയിലില്‍ നിന്നും പുറത്തുവന്ന ഘട്ടത്തില്‍ എല്ലാ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തിയിട്ടുണ്ട്. അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനത്തിലില്ല. സംഘടനാ നടപടി സ്വീകരിക്കേണ്ടത് പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ്. അവരത് സ്വീകരിക്കും എന്നുമായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
Content Highlights: A. Padmakumar is set to be expelled from the CPIM, with the district committee meeting scheduled to take a final decision on disciplinary action