

പാലക്കാട്: സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ അടക്കം രൂക്ഷ വിമര്‍ശനം ഉന്നയിച്ച് രംഗത്തെത്തിയതിന് പിന്നാലെ പി കെ ശശിക്കെതിരെ നടപടി. പി കെ ശശിയെ സിപിഐഎം പുറത്താക്കി. പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് പുറത്താക്കിയത്. തൊട്ടുപിന്നാലെ പാര്‍ട്ടി നടപടിയോട് പ്രതികരിച്ച് പി കെ ശശി രംഗത്തെത്തി. പുറത്താക്കാനുള്ള സമ്പൂര്‍ണ അധികാരം പാര്‍ട്ടിക്കുണ്ടെന്ന് പി കെ ശശി പറഞ്ഞു. ദീര്‍ഘകാലത്തെ സിപിഐഎം ബന്ധം അവസാനിച്ചു. പക്ഷേ പോരാട്ടം തുടരും. കള്ളന്മാരെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുമെന്നും പി കെ ശശി പറഞ്ഞു.
ഇന്ന് രാവിലെയായിരുന്നു സിപിഐഎമ്മിനോട് എതിര്‍ത്തുനില്‍ക്കുന്നവര്‍ ഒത്തുചേര്‍ന്ന പരിപാടിയില്‍ പി കെ ശശി പങ്കെടുത്തത്. സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സുരേഷ് ബാബുവിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു പി കെ ശശി ഉന്നയിച്ചത്. പല മഹാന്മാരും ജനകീയ നേതാക്കളും ഇരുന്ന കസേരയിലാണ് സ്പിരിറ്റ് കച്ചവടക്കാരന്‍ കയറിയിരിക്കുന്നതെന്ന് പി കെ ശശി പറഞ്ഞു. ജില്ലാ സെക്രട്ടറി സഖാക്കളെ തമ്മില്‍ തല്ലിക്കുകയാണ്. ജില്ലാ സെക്രട്ടറി കാരണം പലരും പാര്‍ട്ടി വിരോധികളായി മാറി. മറ്റ് പാര്‍ട്ടികളിലേക്ക് പോയി. ഏഴ് സിപിഐഎം ജില്ലാ കമ്മിറ്റി അംഗങ്ങള്‍ തങ്ങള്‍ക്കൊപ്പമുണ്ട്. സ്പിരിറ്റ് കച്ചവടക്കാരനെ വേണ്ടെന്ന് പറഞ്ഞ് സിപിഐഎം സംസ്ഥാന നേതൃത്വം തിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരും. ചെങ്കൊടി പിടിക്കുമെന്നും പി കെ ശശി പറഞ്ഞു.
സുരേഷ് ബാബുവിന്റെ ജാതകം വായിക്കാന്‍ നില്‍ക്കുന്നില്ല. വായിച്ചാല്‍ പലരും തലകറങ്ങി വീഴും. കണ്‍വെന്‍ഷന്‍ വിളിച്ച് ചേര്‍ക്കും എന്ന് അറിഞ്ഞപ്പോള്‍ ജില്ലാ സെക്രട്ടറി പാര്‍ട്ടി പ്രവര്‍ത്തകരുടെ വീടുകള്‍ കയറി ഇറങ്ങുകയാണ്. ഇത് നല്ലതാണോ?. കാട്ടുപോത്തിന്റെ കൊമ്പും കാണ്ടാമൃഗത്തിന്റെ തൊലിലുമാണ് ജില്ലാ സെക്രട്ടറിക്ക്. സുരേഷ് ബാബുവിന് ഒരു വിവരവുമില്ല. പലസ്തീന്‍ യൂറോപ്പിലാണെന്ന് പ്രസംഗിച്ച് നടക്കുകയാണ്. സെക്രട്ടറിക്ക് പത്രവായനയില്ല. അക്ഷരം അലര്‍ജിയാണ്. സുരേഷ് ബാബുവിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നത് തന്റെ തെറ്റാണ്. ആ തെറ്റ് താന്‍ ഏറ്റ് പറയുന്നുവെന്നും പി കെ ശശി പറഞ്ഞു. ശശി വിരോധികളെ പാര്‍ട്ടി കമ്മിറ്റികളില്‍ ചിരുകി കയറ്റുകയാണ്. ഈ കണ്‍വെന്‍ഷന്‍ പൊളിക്കാന്‍ പല ശ്രമവും നടത്തിയെന്നും ശശി ആരോപിച്ചിരുന്നു.
കോടിയേരി മരിച്ചതോടെ പാര്‍ട്ടിയില്‍ വന്‍ ശൂന്യതയാണെന്ന് എം വി ഗോവിന്ദനെ ഉന്നംവെച്ച് പി കെ ശശി പറഞ്ഞിരുന്നു. കോടിയേരി പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് മനുഷ്യരെ ചേര്‍ത്ത് പിടിച്ചിരുന്നു. പക്ഷേ നമുക്ക് ഭാഗ്യമില്ലാതെയായി പോയി. കോടിയേരി ജീവിച്ചിരുന്നുങ്കില്‍ ഈ ഗതി സിപിഐഎം പാര്‍ട്ടിക്കുണ്ടാവുമായിരുന്നില്ല. എന്തുകൊണ്ട് ഓര്‍മപ്പെടുത്തുന്നു എന്നത് ഓര്‍ക്കണമെന്നും പി കെ ശശി വ്യക്തമാക്കിയിരുന്നു. പി കെ ശശിയുടെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെയായിരുന്നു പാര്‍ട്ടി നടപടി.
Content Highlights- CPI(M) has expelled P K Sasi from the party as part of disciplinary action. The decision marks a major political development in Kerala.