അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപനം; അനുനയിപ്പിക്കാൻ ജില്ലാ സെക്രട്ടറി, സംസാരിക്കാൻ കൂട്ടാക്കാതെ ജി സുധാകരൻ

പ്രാദേശിക നേതൃത്വത്തിനും സംസ്ഥാന സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് സുധാകരൻ പ്രഖ്യാപിച്ചത്

അംഗത്വം പുതുക്കില്ലെന്ന് പ്രഖ്യാപനം; അനുനയിപ്പിക്കാൻ ജില്ലാ സെക്രട്ടറി, സംസാരിക്കാൻ കൂട്ടാക്കാതെ ജി സുധാകരൻ
dot image

ആലപ്പുഴ: പാർട്ടി അംഗത്വം പുതുക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി സുധാകരനെ അനുനയിപ്പിക്കാൻ പ്രാദേശിക നേതൃത്വം. സുധാകരനെ ജില്ലാ സെക്രട്ടറി ആർ നാസർ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹം സംസാരിക്കാൻ തയ്യാറായില്ല.

63 വർഷത്തെ പാർട്ടി അംഗത്വ ചരിത്രമുള്ള താൻ ഇനി അംഗത്വം പുതുക്കുന്നില്ലെന്നും പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ജി സുധാകരൻ പറഞ്ഞിരുന്നു.
പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തതിലെ വിശദീകരണം പങ്കുവെച്ചുള്ള കുറിപ്പിലായിരുന്നു പ്രതികരണം. പ്രാദേശിക നേതൃത്വം തന്നെ അവഗണിച്ചെന്നും സംസ്ഥാന സെക്രട്ടറി താൻ ഒരു പരിഗണനയും അർഹിക്കുന്നില്ലെന്ന തരത്തിൽ പറഞ്ഞുവെന്നും കളിയാക്കി ചിരിച്ചുവെന്നും സുധാകരൻ ആരോപിച്ചിരുന്നു. ജില്ലാ സെക്രട്ടറി ആർ നാസറിനെതിരെ കടുത്ത വിമർശനമാണ് സുധാകരൻ ഉന്നയിച്ചത്.

തനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വർഷക്കാലം നൽകിയിട്ടില്ല. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം തന്റെ വീടിനടുത്തുവെച്ച് നടത്തിയപ്പോൾ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ച് പ്രകടനം നടത്തി അറസ്റ്റും ജയിൽവാസവും ലോക്കപ്പ് മർദ്ദനവും ബിഐആർ കേസ് ഉൾപ്പെടെ അനുഭവിച്ച് ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ ആയ തനിക്ക് ഒരു ക്ഷണക്കത്ത് പോലും നൽകിയില്ലെന്നും ജി സുധാകരൻ ആരോപിച്ചിരുന്നു.

സംസ്ഥാന സെക്രട്ടറി പത്രസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി താൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ല എന്ന അർത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് മേൽപ്പറഞ്ഞ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഈ മെമ്പർഷിപ്പ് സ്‌ക്രൂട്ടണി കാലത്ത് സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണെന്നും ജി സുധാകരൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.

ബ്രാഞ്ച് സെക്രട്ടറി അടക്കം നേരിട്ടുകണ്ടിട്ടും സുധാകരൻ മെമ്പർഷിപ്പ് പുതുക്കാൻ തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് വിഷയത്തി വിശദീകരണവുമായി രംഗത്തെത്തിയത്. സുധാകരൻ അംഗത്വം പുതുക്കാതെ വന്നപ്പോൾ ബ്രാഞ്ച് സെക്രട്ടറി നേരിട്ട് വീട്ടിലെത്തി. എന്നാൽ ഒരു കമ്മ്യൂണിസ്റ്റ് ആയിരിക്കാൻ അംഗത്വം ആവശ്യമില്ല എന്നായിരുന്നു സുധാകരന്റെ മറുപടി.

Content Highlight: G Sudhakaran he has not renewed his party membership, District Secretary R Nazar called G Sudhakaran on the phone, but he refused to talk

dot image
To advertise here,contact us
dot image