

ആലപ്പുഴ: പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തതിൽ വിശദീകരണവുമായി മുതിർന്ന സിപിഐഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരൻ. പാർട്ടിയിൽ തുടർന്ന് നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അതിനാൽ സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണെന്നും ജി സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രാദേശിക നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിനൊപ്പം സ്ഥാനാർത്ഥിത്വത്തെ കുറിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പ്രതികരണത്തിൽ അതൃപ്തി പരസ്യമാക്കിക്കൊണ്ടുള്ള പോസ്റ്റിലാണ് ജി സുധാകരൻ ഇക്കാര്യം പറയുന്നത്. സംസ്ഥാന സെക്രട്ടറി താന്‍ ഒരു പരിഗണനയും അര്‍ഹിക്കുന്നില്ലെന്ന തരത്തില്‍ പറഞ്ഞുവെന്നും കളിയാക്കി ചിരിച്ചുവെന്നും സുധാകരൻ ആരോപിച്ചു. ജി സുധാകരന്‍ പാര്‍ട്ടി അംഗത്വം പുതുക്കുന്നില്ലെന്ന 'റിപ്പോര്‍ട്ടര്‍' വാര്‍ത്ത ശരിവെച്ചുകൊണ്ടാണ് മുതിര്‍ന്ന നേതാവിന്‍റെ ഇപ്പോഴത്തെ പ്രതികരണം.
2026ലെ മെമ്പർഷിപ്പ് സ്‌ക്രൂട്ടണി അംഗത്വം പുതുക്കാൻ താൻ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്‌ക്കേണ്ടി വന്നില്ല. 2022ൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചിൽ വന്നു പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. എന്നാൽ അതില്‍ പരാതിയില്ലെന്നും സുധാകരൻ പറയുന്നു.
63 വർഷക്കാലത്തെ പാർട്ടി അംഗത്വചരിത്രമുള്ള തനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വർഷക്കാലം നൽകിയിട്ടില്ല. അടിയന്തരാവസ്ഥയുടെ അൻപതാം വാർഷികം തന്റെ വീടിനടുത്തുള്ള ഇഎംഎസ് ഹാളിൽ വെച്ച് നടത്തിയപ്പോൾ അടിയന്തരാവസ്ഥയുടെ ആദ്യകാലത്ത് തന്നെ നിരോധനം ലംഘിച്ച് പ്രകടനം നടത്തി അറസ്റ്റും ജയിൽവാസവും ലോക്കപ്പ് മർദ്ദനവും ബിഐആർ കേസ് ഉൾപ്പെടെ അനുഭവിച്ച് ജില്ലയിൽ ജീവിച്ചിരിക്കുന്ന ഒരേ ഒരാൾ ആയ തനിക്ക് ഒരു ക്ഷണക്കത്ത് പോലും നൽകിയില്ലെന്ന് ജി സുധാകരൻ ആരോപിച്ചു.
തന്റെ അച്ഛനെ വരെ ആക്ഷേപിച്ച് ഒരു എൽ സി മെമ്പർ പോസ്റ്റിട്ടു. അദ്ദേഹം ജില്ലാ കമ്മിറ്റി അംഗത്തിന്റെ ഉറ്റ ശിഷ്യനാണ്. ഇതെല്ലാം നേരിട്ട് കഴിഞ്ഞ അഞ്ചു വർഷങ്ങളായി ഇവിടെ താൻ പാർട്ടിയിൽ തുടരുകയാണ്. ഒരു പ്രലോഭനത്തിനും കീഴടങ്ങിയില്ല. അപ്പോഴാണ് പാർട്ടി സെക്രട്ടറിയുടെ അടുത്ത് സംസാരിക്കാൻ ചെന്ന തോട്ടപ്പള്ളിക്കാരനായ ഒരു സഖാവിനോട് ശരിയല്ലാത്ത തരത്തിൽ ജില്ലാ നേതൃത്വത്തിൽ പെട്ടയാൾ സംസാരിച്ചതായി അറിഞ്ഞത്. ഇപ്പോൾ സംസ്ഥാന സെക്രട്ടറി തന്നെ പത്രസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായി താൻ ഒരു പരിഗണനയും അർഹിക്കുന്ന ആളല്ല എന്ന അർത്ഥം വരുന്ന ശരിയല്ലാത്ത പ്രയോഗം നടത്തുകയും കളിയാക്കി ചിരിക്കുകയും ചെയ്തു. അത് കേട്ട് പത്രക്കാരെല്ലാം പൊട്ടിച്ചിരിക്കുന്നതും കണ്ടു. ഇതൊന്നും ചോദിക്കാനോ തിരുത്താനോ ആരും തയ്യാറായിട്ടില്ല. കൂടുതൽ സംഭവങ്ങൾ വിവരിക്കുന്നില്ല. ഈ സാഹചര്യത്തിൽ പാർട്ടിയിൽ തുടർന്ന് മേൽപ്പറഞ്ഞ നേതാക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ഈ മെമ്പർഷിപ്പ് സ്‌ക്രൂട്ടണി കാലത്ത് സ്വമനസ്സാലെ മെമ്പർഷിപ്പ് പുതുക്കാതെ ഇരിക്കുകയാണ്. ആശയാദർശങ്ങളിൽ ജനലക്ഷങ്ങളോടൊപ്പം ഉറച്ചുനിൽക്കുകയും ചെയ്യുമെന്നും ജി സുധാകരൻ കുറിച്ചു.
ബ്രാഞ്ച് സെക്രട്ടറി അടക്കം നേരിട്ടുകണ്ടിട്ടും സുധാകരൻ മെമ്പർഷിപ്പ് പുതുക്കാൻ തയ്യാറായിരുന്നില്ല. സിപിഐഎം ജില്ലാ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷക ബ്രാഞ്ചിലെ അംഗമാണ് ജി സുധാകരൻ. ജില്ലാ കമ്മിറ്റിക്ക് നേരിട്ട് ചുമതലയുള്ള ബ്രാഞ്ചിലാണ് സുധാകരൻ അംഗമായിരുന്നത്. സുധാകരൻ ഒഴികെയുള്ള 18 അംഗങ്ങളിൽ 17 പേരും ജില്ലാകമ്മറ്റിക്ക് അംഗത്വ ഫോം പൂരിപ്പിച്ച് നൽകി. സുധാകരൻ പുതുക്കാതെ വന്നപ്പോൾ ബ്രാഞ്ച് സെക്രട്ടറി നേരിട്ട് വീട്ടിലെത്തുകയായിരുന്നു. എന്നാൽ ഒരു കമ്മ്യൂണിസ്റ്റ് ആയിരിക്കാൻ അംഗത്വം ആവശ്യമില്ല എന്നായിരുന്നു സുധാകരന്റെ അപ്പോഴത്തെ മറുപടി.
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ആഗ്രഹം സുധാകൻ നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും ജില്ലാ നേതൃത്വത്തിന്റെ സ്ഥാനാർത്ഥി സാധ്യതാ പട്ടികയിൽ സുധാകരന്റെ പേരുണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ജി സുധാകരനെ പരിഗണിക്കുമോ എന്ന ചോദ്യത്തിന് പരിഹാസത്തോടെ എം വി ഗോവിന്ദൻ മറുപടി നൽകിയത്.
Content Highlight : senior Kerala politician G Sudhakaran explains why he has not renewed his party membership, he criticized m v govindan