

കോഴിക്കോട്: 1980 മുതല്‍ സിപിഐഎം സ്ഥാനാർത്ഥികള്‍ മാത്രം ജയിച്ചുവരുന്ന, ജില്ലയില്‍ ഇടതുപക്ഷം അവരുടെ ഉറച്ച സീറ്റുകളില്‍ ഒന്നായി കണക്കാക്കുന്ന മണ്ഡലമാണ് പേരാമ്പ്ര. ഇത്തവണയും വലിയ അട്ടിമറികളൊന്നും അവർ മണ്ഡലത്തില്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ മറുപക്ഷത്ത് ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നടത്തിയ മുന്നേറ്റമാണ് യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാർത്ഥി കെ കെ ശൈലജയേക്കാള്‍ 19000 ത്തിലേറെ വോട്ടുകളൂടെ ഭൂരിപക്ഷമാണ് പേരാമ്പ്ര മണ്ഡലത്തില്‍ മാത്രം യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന് ലഭിച്ചത്.
തദ്ദേശ തെരഞ്ഞടുപ്പില്‍ പതിറ്റാണ്ടുകളായി എല്‍ഡിഎഫ് ഭരിക്കുന്ന കുത്താളി പോലുള്ള പഞ്ചായത്തുകള്‍ അടക്കം പിടിച്ചെടുത്തായിരുന്നു യുഡിഎഫിന്റെ മുന്നേറ്റം. മണ്ഡലത്തില്‍ ആകെയുള്ള 10 പഞ്ചായത്തില്‍ ആറിടത്താണ് യുഡിഎഫ് ഭരണം. ഇതില്‍ അഞ്ച് പഞ്ചായത്തുകളും എല്‍ഡിഎഫില്‍ നിന്നും പിടിച്ചെടുക്കുകയായിരുന്നു. എല്‍ഡിഎഫ് ഭരണം 4 പഞ്ചായത്തില്‍ ഒതുങ്ങി. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കില്‍ രണ്ടായിരത്തിലേറെ വോട്ടാണ് പേരാമ്പ്രയില്‍ യുഡിഎഫിനുള്ളത്.
ലോക്സഭ, തദ്ദേശ തെരഞ്ഞെടുപ്പിലെ ലീഡ് യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും നിയമസഭ തെരഞ്ഞെടുപ്പില്‍ മണ്ഡലം ഒപ്പം നില്‍ക്കുമെന്ന് തന്നെയാണ് എല്‍ഡിഎഫ് നേതൃത്വം വിലയിരുത്തുന്നത്. 22592 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കഴിഞ്ഞ തവണ ടി പി രാമകൃഷ്ണന്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച് കയറിയത്. ടി പി രാമകൃഷ്ണനാണ് ഇത്തവണയും ഇടത് സ്ഥാനാർത്ഥി പട്ടികയില്‍ മുന്‍ഗണന.

എല്‍ഡിഎഫ് കണ്‍വീനർ എന്ന നിലയില്‍ ടിപി രാമകൃഷ്ണന്‍ മത്സര രംഗത്ത് നിന്നും മാറുകയാണെങ്കില്‍ ജില്ലാ പഞ്ചായത്ത് അംഗം കെ കെ ഹനീഫ, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് കെ സജീഷ് എന്നിവരുടെ പേരുകളാണ് സിപിഐഎം പരിഗണിക്കുന്നത്. യുവ നേതാവ് എന്നതാണ് സജീഷിനെ പരിഗണിക്കുന്നതിനുള്ള പ്രധാന ഘടകം.
ചരിത്രത്തിലാദ്യമായി കോഴിക്കോട് ജില്ലാ പഞ്ചായത്ത് യുഡിഎഫ് പിടിച്ചപ്പോഴും പേരാമ്പ്ര ഡിവിഷനെ ഇടതുപാളയത്തില്‍ ഉറപ്പിച്ച് നിർത്തിയ നേതാവാണ് കെ കെ ഹനീഫ. 4765 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അദ്ദേഹത്തിന്റെ വിജയം. യുഡിഎഫ് മേല്‍ക്കൈ നേടിയ പല പഞ്ചായത്ത്, ബ്ലോക്ക് വാർഡുകളിലും ജില്ലാ പഞ്ചായത്തിലേക്ക് കൂടുതല്‍ വോട്ടുകള്‍ നേടാന്‍ കെ കെ ഹനീഫക്ക് സാധിച്ചിരുന്നു. യുഡിഎഫ് വോട്ടുകളില്‍ സ്വാധീനം ചെലുത്താന്‍ അദ്ദേഹത്തിൻ്റെ കുടുംബ വേരുകളും സഹായകമായേക്കും. ഒരുപക്ഷെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വസീഫിഫ് തന്നെ പേരാമ്പ്രയില്‍ സ്ഥാനാർത്ഥിയായി എത്തിയാലും അത്ഭുതപ്പെടാനില്ല. അതേസമയം, കേരള കോണ്‍ഗ്രസ് എമ്മിന് കഴിഞ്ഞ തവണ അവസാന നിമിഷം നിഷേധിക്കപ്പെട്ട കുറ്റ്യാടി സീറ്റിന് പകരമായി പേരാമ്പ്ര നല്‍കുകയാണെങ്കില്‍ മുഹമ്മദ് ഇഖ്ബാലിന് പകരം മറ്റൊരു പേരിലേക്ക് പാർട്ടി പോകാന്‍ സാധ്യതയില്ല.
യുഡിഎഫില്‍ 1977 മുതല്‍ കേരള കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റായിരുന്നു പേരാമ്പ്ര. എന്നാല്‍ പാർട്ടിക്ക് ആകെ വിജയിക്കാന്‍ സാധിച്ചത് 1977 ല്‍ മാത്രമാണ് (കെസി ജോസഫ്). 2016 ലെ ഇടതുതരംഗത്തിലും ടിപി രാമകൃഷ്ണനെ 4101 വോട്ടിന്റെ ഭൂരിപക്ഷത്തിലേക്ക് ചുരുക്കാന്‍ സാധിച്ചതാണ് അടുത്തകാലത്ത് പേരാമ്പ്രയില്‍ യുഡിഎഫ് നടത്തിയ ശ്രദ്ധേയമായ പ്രകടനം. കേരള കോണ്‍ഗ്രസ് എം മുന്നണി മാറിയതോടെ 2021 ല്‍ സീറ്റ് ആദ്യമായി ലീഗിന് ലഭിച്ചു. എങ്കിലും പാർട്ടി ചിഹ്നത്തില്‍ മത്സരിക്കാതെ സിഎച്ച് ഇബ്രാഹിംകുട്ടിയെ യുഡിഎഫ് പൊതുസ്വതന്ത്രനായി മത്സരിപ്പിക്കാനായിരുന്നു പാർട്ടി തീരുമാനം. ആ തീരുമാനം പാളിയെന്ന് ശരിവെക്കുന്നതായിരുന്നു തെരഞ്ഞെടുപ്പ് ഫലം. വന്‍ഭൂരിപക്ഷത്തില്‍ ടി പി രാമകൃഷ്ണന്‍ വീണ്ടും വിജയിച്ചു.

പേരാമ്പ്ര ഇത്തവണയും ലീഗിന് തന്നെ ലഭിച്ചേക്കുമെന്നാണ് സൂചന. കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടിടി ഇസ്മായിലിനാണ് ലീഗില്‍ പ്രഥമ പരിഗണന. മണ്ഡലത്തില്‍ സ്വാധീനമുള്ള നേതാവ് എന്നതാണ് അദ്ദേഹത്തിന്‍റെ സാധ്യത വർധിപ്പിക്കുന്നത്. ജില്ലാ സെക്രട്ടറി സിപിഎ അസീസിന്റെ പേരും ചർച്ചയിലുണ്ട്. ഇദ്ദേഹത്തിനായി പ്രാദേശിക സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ ഒരുവിഭാഗം പ്രചരണവും ആരംഭിച്ചിരുന്നു. 2021 ല്‍ പരാജയപ്പെട്ടെങ്കിലും സന്നദ്ധപ്രവർത്തനങ്ങളുമായി മണ്ഡലത്തില്‍ സജീവമായി നില്‍ക്കുന്ന സിഎച്ച് ഇബ്രാഹീംകുട്ടി ഇത്തവണയും സ്ഥാനാർത്ഥിത്വം പ്രതീക്ഷിക്കുന്നുണ്ട്. പേരാമ്പ്ര ലീഗില്‍ നിന്നും ഏറ്റെടുക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ലീഗിനുള്ളില്‍ ഏകാഭിപ്രായമില്ല. സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുന്ന സാഹചര്യമുണ്ടായാല്‍ കെഎം അഭിജിത്തിനാണ് ഏറ്റവും കൂടുതല്‍ സാധ്യത. എല്‍ഡിഎഫ് സ്ഥാനാർത്ഥി നിർണ്ണയം കൂടി യുഡിഎഫിന്‍റെ തീരുമാനത്തില്‍ സ്വാധീനിച്ചേക്കും.
ബിജെപിക്ക് കാര്യമായ പ്രതീക്ഷകളൊന്നും ഇല്ലാത്ത മണ്ഡലമാണ് പേരാമ്പ്ര. കഴിഞ്ഞ തവണ മത്സരിച്ച അഡ്വ.കെവി സുധീർ, കെ കെ രജീഷ്, ടി പി രാജേഷ്, കെ അനൂപ് മാസ്റ്റർ എന്നിവരില്‍ ആരെങ്കിലുമാകും ബിജെപി സ്ഥാനാർത്ഥി. 2016 ല്‍ മുന്നണിയില്‍ ബിഡിജെഎസിനായിരുന്നു സീറ്റെങ്കിലും കഴിഞ്ഞ തവണ ബിജെപി തിരിച്ചെടുക്കുകയായിരുന്നു.
Content Highlights: Discussions are underway regarding probable candidates from the LDF and UDF for the Perambra Assembly constituency in the upcoming Kerala elections.