തളിപ്പറമ്പിൽ എം വി ഗോവിന്ദന് പകരം കെ പി ശ്യാമളയോ? എൻ സുകന്യയും, എം വി നികേഷ് കുമാറും പരിഗണനയിൽ?

എം വി ഗോവിന്ദന് പകരം തളിപ്പറമ്പിൽ സിപിഐഎം ആരെ നിയോഗിക്കുമെന്നത് ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്

തളിപ്പറമ്പിൽ എം വി ഗോവിന്ദന് പകരം കെ പി ശ്യാമളയോ? എൻ സുകന്യയും, എം വി നികേഷ് കുമാറും പരിഗണനയിൽ?
dot image

കണ്ണൂർ: ഒരിക്കൽ മാത്രം കമ്മ്യൂണിസ്റ്റ് പാർട്ടിയെ കൈവെടിഞ്ഞ തളിപ്പറമ്പിൻ്റെ തെരഞ്ഞെടുപ്പ് ചരിത്രം മാറ്റിയെഴുതപ്പെടുമോ എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം. 2021ൽ സിപിഐഎമ്മിൻ്റെ സംസഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ 22689 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് തളിപ്പറമ്പ് നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. 2016ൽ സിപിഐഎമ്മിലെ ജെയിംസ് മാത്യു 40617 വോട്ടിനായിരുന്നു ഇവിടെ വിജയിച്ചത്.

തളിപ്പറമ്പ് ന​ഗരസഭ അടക്കം ആകെയുള്ള ഒൻപത് തദ്ദേശ സ്ഥാപനങ്ങളിൽ ആറിടത്ത് എൽഡിഎഫും മൂന്നിടത്ത് യുഡിഎഫുമാണ് ഭരണത്തിൽ. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ പാർലമെൻ്റ് മണ്ഡലത്തിൻ്റെ ഭാഗമായ തളിപ്പറമ്പിൽ 8,787 വോട്ടിൻ്റെ ഭൂരിപക്ഷം യുഡിഎഫിന് ലഭിച്ചിരുന്നു. ഇതിന്റെ ആത്മവിശ്വസത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി പരിഗണനയിലേയ്ക്ക് കടന്നിരിക്കുന്നത്.

സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്നതിനാൽ സിറ്റിംഗ് എംഎൽഎ എം വി ഗോവിന്ദൻ തളിപ്പറമ്പിൽ രണ്ടാമൂഴത്തിന് ഇറങ്ങില്ല. എം വി ഗോവിന്ദന് പകരം തളിപ്പറമ്പിൽ സിപിഐഎം ആരെ നിയോഗിക്കുമെന്നത് ആകാംക്ഷയോടെയാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

ആന്തൂർ ന​ഗരസഭ മുൻ അധ്യക്ഷയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ്റെ ഭാര്യയുമായ പി കെ ശ്യാമള, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അം​ഗം എൻ സുകന്യ എന്നിവരെയാണ് പ്രധാനമായും സിപിഐഎം കണ്ണൂർ ജില്ലാ ഘടകം തളിപ്പറമ്പിൽ പരി​ഗണിക്കുന്നത്. നേരത്തെ എം വി നികേഷ് കുമാറിന്റെ പേരും തളിപ്പറമ്പിൽ പറഞ്ഞ് കേട്ടിരുന്നു. എകെജി സെൻ്ററിലെ ചുമതല ഒഴിവാക്കി എം വി നികേഷ് കുമാറിനെ സിപിഐഎം പരിഗണിക്കുമോ എന്നാണ് അറിയേണ്ടത്.

കോൺഗ്രസിന്റെ പരിഗണനാ പട്ടികയിൽ 2021 മത്സരിച്ച അബ്ദുൾ റഷീദ് വി പിയ്ക്കാണ് മുൻഗണന. മുഹമ്മദ് ബ്ലാത്തൂർ, ചന്ദ്രൻ തില്ലങ്കേരി എന്നിവരും പരിഗണനാ പട്ടികയിലുണ്ട്. 2021ൽ ഇവിടെ മത്സരിച്ച എ പി ഗംഗാധരനെ തന്നെ ബിജെപി പരിഗണിച്ചേക്കും.

2021ലെ തെരഞ്ഞെടുപ്പ് ഫലം

  • എം വി ഗോവിന്ദൻ- എൽ‌ഡിഎഫ് - 92870 (52.14%)
  • വി പി അബ്ദുൽ റഷീദ് - യുഡിഎഫ് - 70181(39.40%)
  • എ പി ഗംഗാധരൻ - എൻഡിഎ - 13058(7.33%)
  • കെ ഒ പി ഷിജിത്ത് - സ്വതന്ത്രൻ - 508(0.29%)
  • അബ്ദുൾ റഷീദ് - സ്വതന്ത്രൻ - 365(0.20%)
  • സി ബാലകൃഷ്ണൻ യാദവ് - സ്വതന്ത്രൻ - 191(0.11%)
  • ഗോവിന്ദൻ കരയപത്ത് - സ്വതന്ത്രൻ - 150(0.08%)
  • നോട്ട - 789
  • പോൾ ചെയ്ത വോട്ട് - 178112
  • ഭൂരിപക്ഷം - 22689

തളിപ്പറമ്പിൽ നിന്നും ജയിച്ച എംഎൽഎമാർ

  • 2021- എം വി ഗോവിന്ദൻ സിപിഐഎം
  • 2016-2021 - ജെയിംസ് മാത്യു - സിപിഐഎം
  • 2011-2016 - ജെയിംസ് മാത്യു - സിപിഐഎം
  • 2006-2011 - സി കെ പി പദ്മനാഭൻ - സിപിഐഎം
  • 1996-2001 - എം വി ഗോവിന്ദൻ - സിപിഐഎം
  • 1991-1996 - പാച്ചേനി കുഞ്ഞിരാമൻ - സിപിഐഎം
  • 1989-1991 - പാച്ചേനി കുഞ്ഞിരാമൻ - സിപിഐഎം
  • 1987-1989 - കെ കെ എൻ പരിയാരം - സിപിഐഎം
  • 1982-1987- സി പി മൂസ്സാൻകുട്ടി- സിപിഐഎം
  • 1980-1982 - സി പി മൂസ്സാൻകുട്ടി സിപിഐഎം
  • 1977-1980 - എം വി രാഘവ- സിപിഐഎം
  • 1970-1977- സി പി ഗോവിന്ദൻ നമ്പ്യാർ- കോൺഗ്രസ്
  • 1967-1970- കെ പി രാഘവ പൊതുവാൾ - സിപിഐഎം
  • 1965-* കെ പി രാഘവ പൊതുവാൾ - സിപിഐഎം

*1965 ലെ തെരഞ്ഞെടുപ്പിന് ശേഷം ഒരു കക്ഷിക്കും മുന്നണിക്കും ഭൂരിപക്ഷമില്ലാതെ പോയതിനാല്‍ എംഎല്‍എമാർ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പായി ഗവർണ്ണർ വി വി ഗിരിയുടെ ശുപാർശപ്രകാരം സഭ പിരിച്ചുവിട്ടു

Content Highlights: CPI(M) state secretary MV Govindan is unlikely to contest again from Thaliparamba ahead of the 2026 Kerala Assembly elections. Names of AIDWA leaders PK Shyamala, and N Sukanya along with journalist-turned-politician MV Nikesh Kumar are under active consideration.

dot image
To advertise here,contact us
dot image