കോഴിക്കോട് നോർത്ത് നിലനിർത്താന്‍ എ പ്രദീപ് കുമാർ വരുമോ? കോണ്‍ഗ്രസിനായി കെ ജയന്ത്? ബിജെപിയില്‍ അനിശ്ചിതത്വം

മറുവശത്ത് ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം പിടിക്കുമെന്ന വാശിയിലാണ് യുഡിഎഫ്.

കോഴിക്കോട് നോർത്ത് നിലനിർത്താന്‍ എ പ്രദീപ് കുമാർ വരുമോ? കോണ്‍ഗ്രസിനായി കെ ജയന്ത്? ബിജെപിയില്‍ അനിശ്ചിതത്വം
dot image

കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇത്തവണയും എല്‍ഡിഎഫ് ഉറച്ച വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് കോഴിക്കോട് നോർത്ത്. പഴയ കോഴിക്കോട്-1 മണ്ഡലം കോഴിക്കോട് നോർത്ത് ആയതിന് ശേഷമുള്ള മൂന്ന് തെരഞ്ഞെടുപ്പിലും മണ്ഡലം എല്‍ഡിഎഫിനായിരുന്നു വിജയം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പല മണ്ഡലത്തിലും വലിയ തോതിലുള്ള തിരിച്ചടി നേരിട്ടെങ്കിലും കോഴിക്കോട് നോർത്തില്‍ ലീഡ് നിലനിർത്താന്‍ സാധിച്ചത് ഇടതിന്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു.

മറുവശത്ത് ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം പിടിക്കുമെന്ന വാശിയിലാണ് യുഡിഎഫ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ എംകെ രാഘവന്‍ നേടിയ 14932 വോട്ടുകളുടെ ഭൂരിപക്ഷവും മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിലുമാണ് യുഡിഎഫിന്റെ പ്രതീക്ഷ. സംസ്ഥാനത്ത് തന്നെ പാർട്ടി ശ്രദ്ധയൂന്നുന്ന മണ്ഡലമായതിനാല്‍ ശക്തമായ പ്രവർത്തനവുമായി ബിജെപിയും എത്തുന്നതോടെ മണ്ഡലത്തില്‍ ഇത്തവണയും ത്രികോണ മത്സരമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. കഴിഞ്ഞ തവണ കെഎം അഭിജിത്തിനെതിരെ 12928 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു തോട്ടത്തില്‍ രവീന്ദ്രന്റെ വിജയം. 30952 വോട്ടുകളുമായി ബിജെപിയുടെ എംടി രമേശ് മൂന്നാം സ്ഥാനത്തും എത്തി.

കോഴിക്കോട് കോർപ്പറേഷനിലെ 6 മുതല്‍ 18 വരെ, 20, 21, 24, 63 മുതൽ 75 വരെ എന്നീ ഡിവിഷനുകൾ പൂർണ്ണമായും 19, 25, 26, 62 എന്നീ ഡിവിഷനുകൾ ഭാഗികമായും ഉൾപ്പെടുന്നതാണ് കോഴിക്കോട് നോർത്ത് നിയമസഭ മണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ ഡിവിഷനുകളില്‍ എല്‍ഡിഎഫ് 15, യുഡിഎഫ് 11, എന്‍ഡിഎ 07 എന്നിങ്ങനെയായിരുന്നു സീറ്റ് നില.

തോട്ടത്തില്‍ രവീന്ദ്രന്‍ ഒഴിയുന്ന സാഹചര്യമുണ്ടായാല്‍ സിപിഐഎം പരിഗണിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പേര് മണ്ഡലത്തില്‍ നേരത്ത രണ്ട് തവണ എംഎല്‍എയും നിലവില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായ എ പ്രദീപ് കുമാറിന്റേതാണ്. പ്രദീപ് കുമാർ സ്ഥാനാർത്ഥിയായി എത്തിയാല്‍ ഏത് കടുത്ത മത്സരത്തേയും അതിജീവിക്കാമെന്നും ഒരു വിഭാഗം കരുതുന്നു.

കെപിസിസി ജനറല്‍ സെക്രട്ടറി കെ ജയന്തിനാണ് യുഡിഎഫില്‍ പ്രഥമ പരിഗണന.

തദ്ദേശ തെരഞ്ഞെടുപ്പില്‍ കോർപ്പറേഷന്റെ ചുമത കെ ജയന്തിനായിരുന്നു. ഭരണം പിടിക്കാന്‍ സാധിച്ചില്ലെങ്കിലും അരനൂറ്റാണ്ടിലേറെയായി ഇടത് ആധിപത്യത്തിന് കീഴിലുള്ള കോർപ്പറേഷനില്‍ യുഡിഎഫിന് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ ഇത്തവണ സാധിച്ചിരുന്നു. വിദ്യാ ബാലകൃഷ്ണന്‍, കെ എം അഭിജിത്ത് എന്നിവരുടെ പേരുകളും യുഡിഎഫ് പാളയത്തില്‍ ചർച്ചയിലുണ്ട്.

എന്‍ഡിഎയില്‍ നിന്നും കഴിഞ്ഞ തവണ മത്സരിച്ച എം ടി രമേശിന്‍റെ പേരായിരുന്നു തുടക്കത്തില്‍ പറഞ്ഞ് കേട്ടിരുന്നത്. എന്നാല്‍ അദ്ദഹേം മത്സരത്തിനില്ലെങ്കില്‍ നവ്യ ഹരിദാസ്, കെപി പ്രകാശ് ബാബു എന്നിവരില്‍ ആരെയെങ്കിലും പരിഗണിക്കാം. അതേസമയം നവ്യ ഹരിദാസ് ഇത്തവണയും കോഴിക്കോട് സൗത്തില്‍ തന്നെ മത്സരിക്കാനുള്ള സാധ്യതയും ഏറെയാണ്.

2021ലെ തെരഞ്ഞെടുപ്പ് ഫലം

  • തോട്ടത്തിൽ രവീന്ദ്രൻ – എല്‍ഡിഎഫ് – 59124 (42.98%)
  • കെ എം അഭിജിത്ത് – യുഡിഎഫ് – 46196 (33.58%)
  • എം ടി രമേശ് – എന്‍ഡിഎ – 30952 (22.50%)
  • എൻ അഭിജിത് – സ്വതന്ത്രൻ – 328 (0.24%)
  • കെ റഹീം – എസ്‌യൂസിഐസി – 156 (0.11%)
  • എ രമേശ് – സ്വതന്ത്രൻ – 104 (0.08%)
  • വി പി രമേശ് – സ്വതന്ത്രൻ – 96 (0.07%)
  • ഉരണ്ടിയിൽ രവീന്ദ്രൻ – സ്വതന്ത്രൻ – 90 (0.07%)
  • നോട്ട – 516
  • പോൾ ചെയ്ത വോട്ടുകൾ– 137562
  • ഭൂരിപക്ഷം– 12928

കോഴിക്കോട് നോർത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ചവർ

  • 2021-2025 - തോട്ടത്തില്‍ രവീന്ദ്രന്‍ - സിപിഐ(എം)
  • 2016-2021 - എ പ്രദീപ് കുമാർ - സിപിഐ(എം)
  • 2011-2016 - എ പ്രദീപ് കുമാർ - സിപിഐ(എം)

Content Highlights: Political discussions are ongoing about potential candidates from major parties for the Kozhikode North Assembly constituency in the upcoming Kerala elections.

dot image
To advertise here,contact us
dot image