

കൊച്ചി: മതസ്പർദ്ധ വളർത്താൻ ശ്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരള സ്റ്റോറി2വിനെതിരെ പൊലീസില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ്. മുവാറ്റുപുഴ പൊലീസ് സ്റ്റേഷനിലാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആബിദ് അലി പരാതി നല്‍കിയത്. സിനിമയില്‍ ഇല്ലാത്ത രംഗം ട്രെയിലറില്‍ ഉള്‍പ്പെടുത്തിയെന്നും കേരളത്തില്‍ മതസ്പര്‍ദ്ധ വളർത്താനാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിച്ചതെന്നും പരാതിയില്‍ പറയുന്നു.
സിനിമയില്‍ മുസ്‌ലിം മതവിഭാഗത്തെ അപകീര്‍ത്തിപ്പെടുത്തുന്ന നിരവധി സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മതവിദ്വേഷം പടര്‍ത്തുന്ന ചിത്രം ആരംഭിക്കുന്നതിന് മുന്‍പ് 'നിരവധി യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സിനിമ' എന്ന് എഴുതി കാണിക്കുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളുടെ കഥ എന്ന രീതിയിലാണ് ചിത്രം മുന്നോട്ട് പോകുന്നത്. ഒരു മുസ്‌ലിം യുവാവ് ഹിന്ദു പെണ്‍കുട്ടിയെ വിവാഹം ചെയ്ത് അവരുടെ വികാരങ്ങള്‍ വൃണപ്പെടുത്തുന്നതായും ചിത്രത്തില്‍ കാണിക്കുന്നു. ഇന്ത്യയിലെ അവിവാഹിതരായ 85 ദശലക്ഷം പെണ്‍കുട്ടികളെ മുസ്‌ലിം യുവാക്കള്‍ വിവാഹം ചെയ്ത് മതം മാറ്റുന്നതായും ടീസറില്‍ കാണിക്കുന്നു. ഇത് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ആബിദ് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിച്ചു.
കേരളത്തില്‍ വ്യാപകമായി ഹിന്ദു പെണ്‍കുട്ടികളെ മതം മാറ്റുന്ന രീതി നിലനില്‍ക്കുന്നുണ്ട് എന്ന് ചിത്രത്തില്‍ പറയുന്നു. കൂടാതെ ഇതിനെതിരായി ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും പറയുന്നുണ്ട്. 'ഇന്‍ഷാ അള്ളാ, അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ഒരു ഇസ്‌ലാമിക രാജ്യമായി മാറും. ഇന്ത്യ മുഴുവന്‍ ശരിയത്ത് നിയമം നടപ്പിലാക്കും' എന്ന് ഒരു മുസ്‌ലിം പുരുഷന്‍ പറയുന്നിടത്താണ് ടീസര്‍ ആരംഭിക്കുന്നത്. ഈ കാരണങ്ങളാല്‍ പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിച്ച സിനിമയുടെ സംവിധായകന്‍, നിര്‍മാതാവ് എന്നിവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആബിദ് അലി പരാതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം, ആളില്ലാത്തതിനാൽ കൊച്ചിയിൽ 'കേരള സ്റ്റോറി2'വിന്‍റെ രണ്ട് ഷോകൾ റദ്ദാക്കി. 'കേരള സ്റ്റോറി' പ്രദർശനത്തിന് കൊച്ചിയിൽ ഒരു ബുക്കിങ് പോലും വന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് ഷോ റദ്ദാക്കിയത്. രണ്ടാമത്തെ ഷോ നടക്കുന്ന ഷേണോയിസ് തീയേറ്ററിലും വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമാണ് ഷോ ബുക്ക് ചെയ്തത്.
കേരള സ്റ്റോറി 2വിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രദര്‍ശനാനുമതി നല്‍കിയിരുന്നു. റിലീസ് തടഞ്ഞുകൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സിനിമ കണ്ട ശേഷമായിരുന്നു സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയതെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. വിദഗ്ധ സമിതി കണ്ട് അനുമതി നല്‍കിയ ചിത്രത്തിന്റെ പ്രദര്‍ശനം തടയാനാകില്ല. ക്രമസമാധാനം ലംഘിക്കപ്പെടുമെന്ന കാരണം പ്രദര്‍ശനം തടയാനുള്ള മതിയായ കാരണമല്ല. ക്രമസമാധാന പ്രശ്‌നം കൈകാര്യം ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്നും ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.
സിനിമയുടെ പ്രദര്‍ശനത്തിനെതിരെ ഫ്രെഡി ഫ്രാന്‍സിസ്, ശ്രീദേവ് നമ്പൂതിരി എന്നിവരായിരുന്നു കോടതിയെ സമീപിച്ചത്. കേരള സ്റ്റോറി 2വിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നുമായിരുന്നു ആവശ്യം. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. സിനിമ കേരളത്തിലെ മതസൗഹാര്‍ദത്തിനെ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സിംഗിള്‍ ബെഞ്ച് റിലീസ് തടഞ്ഞത്. 15 ദിവസത്തേക്കായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. ഇതിനെതിരെ സിനിമയുടെ നിര്‍മാതാക്കള്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
Content Highlight; The crew tried to create religious rivalry: Complaint filed with the police against 'Kerala Story 2'