

കൊച്ചി: 1974 ഏപ്രിൽ 29ന് നടന്ന 33പേരുടെ ജീവനെടുത്ത കരടിപ്പാറബസ് അപകടത്തിൽ നിന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും മുൻ എംഎൽഎ കെ മുഹമ്മദാലിയും രക്ഷപ്പെടാൻ നിമിത്തമായ ജിമ്മി മഠത്തിൽപ്പറമ്പിൽ അന്തരിച്ചു. കൊച്ചി കലൂർ സ്വദേശിയാണ്. ജിമ്മി ജയിംസ് എന്ന് അറിയപ്പെടുന്ന അദ്ദേഹം വ്യവസായിയും കർഷകനും ഇടുക്കി യൂത്ത് കോൺഗ്രസ് മുൻ ജില്ലാ ഓർഗനൈസിങ് പ്രസിഡന്റുമായിരുന്നു. കരടിപ്പാറ ബസ് അപകടം നടക്കുന്ന സമയം, ഇടുക്കിയിലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്നു ജിമ്മി. അപകടത്തിൽപ്പെട്ട ബസിൽ യാത്രചെയ്യാനായി ഉമ്മൻ ചാണ്ടിയും മുഹമ്മദാലിയും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.
ഇടുക്കി കാന്തല്ലൂരിലെ യൂത്ത് കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കാൻ ഇരുനേതാക്കളെയും ജിമ്മി ക്ഷണിച്ചു. അന്ന് കാന്തല്ലൂരില്‍ കൃഷിയും രാഷ്ട്രീയ പ്രവർത്തനവുമായി കഴിയുകയായിരുന്നു അദ്ദേഹം. കാന്തല്ലൂരിൽ ഒരു രാത്രി തങ്ങി, ആദിവാസി ഊരുകളില്‍ സന്ദർശനം നടത്തി മടങ്ങാനായിരുന്നു നേതാക്കളുടെ തീരുമാനം.
എന്നാൽ ചില ആദിവാസി ഊരുകളിൽ മാത്രം സന്ദർശനം നടത്തി സ്വീകരണത്തിൽ പങ്കെടുത്ത് മടങ്ങാൻ തുടങ്ങിയ നേതാക്കള്‍ ഇരുവരെയും തടയുകയും എല്ലാ ഊരുകളിലും സന്ദർശനം നടത്തി മടങ്ങിയാൽ മതിയെന്ന് ശാഠ്യം പിടിച്ച് പിടിച്ചുനിർത്തിയതും ജിമ്മിയാണ്. ഇക്കാര്യം മുഹമ്മദാലിയുടെ 'നടന്ന വഴികൾ, പിന്നിട്ട വഴികൾ' എന്ന ഓർമക്കുറിപ്പിൽ പറയുന്നുണ്ട്. അന്നേദിവസം രാത്രി എട്ടുമണിയോടെ മൂന്നാറിൽ നിന്നും എറണാകുളം ബസിൽ കോതമംഗലത്ത് എത്താനായിരുന്നു നേതാക്കന്മാർ തീരുമാനിച്ചിരുന്നത്.
എല്ലാ ഊരുകളും സന്ദർശിക്കണമെന്ന് വാശിപ്പിടിച്ച ജിമ്മിയെ അനുനയിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ഇതോടെ ഉമ്മൻചാണ്ടി ദേഷ്യപ്പെട്ട് അടിമാലിയിലേക്കുള്ള ജീപ്പിൽ കയറിയിരുന്നെങ്കിലും വാഹനത്തിന് മുന്നിൽ ജിമ്മി നിലയുറപ്പിച്ചു. ഇതോടെ നേതാക്കന്മാർക്ക് ഇരുവർക്കും ബാക്കി ഊരുകളിലും സന്ദർശനം നടത്തേണ്ടി വന്നു. പിന്നീട് മറ്റൊരു ബസിൽ മൂന്നാറിലെത്തിയപ്പോൾ കാണേണ്ടി വന്നത് ഭയാനകമായ കാഴ്ചയായിരുന്നു. ഇരുവരും സഞ്ചരിക്കേണ്ട ബസ് കരടിപ്പാറ വളവിൽ നിയന്ത്രണം വിട്ട് 1500അടി താഴ്ചയിലേക്ക് മറിഞ്ഞ് പല കഷ്ണങ്ങളായി ചിതറിക്കിടക്കുകയായിരുന്നു. അന്ന് ഉമ്മൻ ചാണ്ടിയുടെയും തന്‍റെയും മടക്കയാത്ര ജിമ്മി മുടക്കിയില്ലായിരുന്നു എങ്കിൽ കേരളത്തിന്റെയും ആലുവ നിയോജകമണ്ഡലത്തിന്റെയും രാഷ്ട്രീയ ചരിത്രം മറ്റൊന്നാകുമെന്നാണ് മുഹമ്മദാലി എഴുതിയിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ എട്ടുമണിക്കായിരുന്നു ജിമ്മിയുടെ വിയോഗം. ഇന്ന് വൈകുന്നേരം കലൂർ സെന്റ് സേവ്യർ പള്ളിയിൽ അദ്ദേഹത്തിന്റെ സംസ്‌കാരം നടക്കും.
Content Highlights: Jimmy James who inadvertently blocked Oommen Chandy’s journey, thereby saving him from the Karadippara bus crash, has passed away