

തൃശ്ശൂർ തൃശ്ശൂരിൽ മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ പത്മജ വേണുഗോപാലിനെ കളത്തിലിറക്കാന്‍ ബിജെപി. കരുണാകരന്റെ പ്രധാന തട്ടകമായിരുന്ന തൃശ്ശൂരില്‍ അദ്ദേഹത്തിന്റെ മകളെ കളത്തിലിറക്കുന്നതോടെ 'കരുണാകരപക്ഷ' വോട്ടുകള്‍ പിടിക്കാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് ബിജെപി. 2016, 2021 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി കളത്തിലിറങ്ങിയ പത്മജ വേണുഗോപാല്‍ രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 2021ലെ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത് സുരേഷ് ഗോപിയായിരുന്നു. പത്മജയെ തൃശൂരില്‍ ഇറക്കുന്നതില്‍ സുരേഷ് ഗോപി അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തൃശ്ശൂരില്‍ മുന്നേറ്റം ഉണ്ടാക്കാനാകാതെ പോയതും പത്മജയുടെ സ്ഥാനാര്‍ത്ഥിത്വത്തിന് കാരണമായി
പത്മജ വേണുഗോപാലിന് ഗവര്‍ണര്‍ പദവി നല്‍കാനായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന് കാണിച്ച് പത്മജയ്ക്ക് കേന്ദ്ര നേതൃത്വം അടിയന്തര നിര്‍ദേശം നല്‍കുകയായിരുന്നു. പത്മജയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സുരേഷ് ഗോപിയും പിന്തുണക്കുകയായിരുന്നു. വെള്ളിയാഴ്ച തൃശ്ശൂരിലെത്തി പ്രചാരണത്തിന്റെ പ്രാഥമികഘട്ടത്തിലേക്ക് പത്മജ കടക്കും.
നേരത്തേ തൃശൂരില്‍ ജനങ്ങളുടെ വലിയ പിന്തുണയുണ്ടെന്ന് വ്യക്തമാക്കി പത്മജ വേണുഗോപാല്‍ രംഗത്തെത്തിയിരുന്നു. പാര്‍ട്ടി നോക്കാതെ ആളുകള്‍ വിളിക്കാറുണ്ട്. താന്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ പറയാറുണ്ട്. കോണ്‍ഗ്രസുകാരുടെ ഉള്ളില്‍ തനിക്ക് ഇപ്പോഴും സ്വാധീനമുണ്ടെന്നും പത്മജ പറഞ്ഞിരുന്നു. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും പത്മജ വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടറിനോടായിരുന്നു പത്മജയുടെ പ്രതികരണം.
കെപിസിസി നേതൃത്വവും തൃശൂര്‍ ഡിസിസിയുമായുണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2024 മാര്‍ച്ചിലായിരുന്നു പാര്‍ട്ടി വിട്ട് പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേര്‍ന്നത്. നിലവില്‍ ബിജെപി ദേശീയ കൗണ്‍സില്‍ അംഗമാണ്. 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലായിരുന്നു പത്മജ വേണുഗോപാല്‍ ആദ്യമായി കോണ്‍ഗ്രസ് ടിക്കറ്റില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഇന്നത്തെ ചാലക്കുടി മണ്ഡലത്തിലെ പ്രദേശങ്ങള്‍ ഉള്‍പ്പെട്ടിരുന്ന മുകുന്ദപുരം മണ്ഡലത്തില്‍ നിന്നായിരുന്നു പത്മജ വേണുഗോപാല്‍ മത്സരിച്ചത്. അന്ന് സിപിഐഎം സ്ഥാനാര്‍ത്ഥിയായിരുന്ന ലോനപ്പന്‍ നമ്പാടനായിരുന്നു പത്മജ വേണുഗോപാലിന്റെ എതിരാളി. അന്ന് ലോനപ്പന്‍ നമ്പാടന്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. അതിന് ശേഷം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും പത്മജ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു. അന്ന് സിപിഐയുടെ വി എസ് സുനിൽ കുമാറിനോട് 6,987 വോട്ടുകൾക്കാണ് പത്മജ പരാജയപ്പെട്ടത്. സുനിൽകുമാർ 53,664 വോട്ടുകള്‍ നേടിയപ്പോൾ പത്മജയ്ക്ക് ലഭിച്ചത് 46,677 വോട്ടുകളായിരുന്നു. 2021ലും സമാനമായി പത്മജയെ കോണ്‍ഗ്രസ് കളത്തിലിറക്കി. അന്ന് സിപിഐയുടെ പി ബാലചന്ദ്രനായിരുന്നു പത്മജയുടെ എതിരാളി. അന്ന് പി ബാലചന്ദ്രന് 44,263 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പത്മജയ്ക്ക് 43,317 വോട്ടുകളാണ് ലഭിച്ചത്.
Content Highlights- BJP decide to contest Padmaja Venugopal in Thrissur as part of a strategy to consolidate Congress votes in the constituency