

പത്തനംതിട്ട: തൻ്റെ ഔദ്യോഗിക വസതിക്ക് നേരെയുള്ള യൂത്ത് കോൺഗ്രസ് അതിക്രമം വി ഡി സതീശന്റെ നിർദ്ദേശപ്രകാരം നടന്നതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആലപ്പുഴയിലെ സംഭവത്തിൽ ഒരു ആരോഗ്യമന്ത്രി ചെയ്യേണ്ടതായ കാര്യങ്ങൾ താൻ ചെയ്തുവെന്നും നീചമായ മാർഗങ്ങളിലൂടെ, അതിക്രമം നടത്തി മുന്നോട്ടുപോകാനാണ് കോൺഗ്രസിന്റെ ശ്രമമെന്നും വീണാ ജോർജ് വിമർശിച്ചു. തെരഞ്ഞെടുപ്പിലെ തോൽവി ഭയന്നാണ് കോൺഗ്രസ് ഇത്തരത്തിൽ പ്രവർത്തിക്കുന്നതെന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
ഉഷ ജോസഫിന്റെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കണ്ടെത്തിയ സംഭവത്തിൽ താൻ ഉടനെത്തന്നെ വേണ്ട കാര്യങ്ങൾ ചെയ്തുവെന്നും വീണാ ജോർജ് പറഞ്ഞു. സംഭവം അറിഞ്ഞ് മണിക്കൂറുകൾക്കകമാണ് നടപടിയെടുത്തത്. കൃത്യമായ അന്വേഷണം നടത്താൻ തീരുമാനിച്ചു. നിയമടപടികളിലേക്ക് കടക്കാനും തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രിയല്ല സർജറിയും സർജറി രീതികളും പഠിപ്പിക്കുന്നത് എന്നും വീണാ ജോർജ് കൂട്ടിച്ചേർത്തു.
ഒരു തരത്തിലുള്ള ചികിത്സാപിഴവുകളും അംഗീകരിക്കില്ല എന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും വീണാ ജോർജ് പറഞ്ഞു. തന്റെ വസതിക്ക് നേരെയുള്ള അതിക്രമം വി ഡി സതീശന്റെ നേതൃത്വത്തിലാണ് നടന്നത്. തോൽവി ഭയന്നാണ് കോൺഗ്രസ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. കോൺഗ്രസ് തോൽക്കുമെന്ന് താനല്ല, കനഗോലുവാണ് പറഞ്ഞത്. ഇതിൽ ഭയന്ന്, അതിക്രമം നടത്തി മുന്നോട്ടുപോകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും കുത്തകകളെ സഹായിക്കാനുള്ള നിലപാടാണ് സതീശൻ എടുത്തിരിക്കുന്നത് എന്നും വീണാ ജോർജ് വിമർശിച്ചു. കോൺഗ്രസിനും യൂത്ത് കോൺഗ്രസിനും ജനങ്ങൾ റീത്ത് വെയ്ക്കുമെന്നും വീണാ ജോർജ് പ്രതികരിച്ചു.
സർക്കാർ സംവിധാനങ്ങളെ ഇകഴ്ത്തിക്കാണിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നും ആരോഗ്യമന്ത്രി കുറ്റപ്പെടുത്തി. വിഎസ് ശിവകുമാർ ആരോഗ്യമന്ത്രിയായിരുന്നപ്പോഴാണ് കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം നിർമ്മിച്ചത്. ആ കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിച്ചപ്പോൾ തന്നെ വിമർശിച്ചു. എന്തുകൊണ്ട് ശിവകുമാറിനെതിരെ പ്രതിഷേധമുണ്ടായില്ല എന്നും വീണാ ജോർജ് ചോദിച്ചു.
വീണാ ജോർജിന്റെ വസതിക്ക് നേരെയുണ്ടായ യൂത്ത് കോൺഗ്രസ് പ്രതിഷേധം കാടത്ത രീതിയാണെന്നാണ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞത്. മന്ത്രിയുടെ വീട്ടിൽ ചാടിക്കയറി റീത്ത് വയ്ക്കുക എന്നത് അത്യന്തം ഗുരുതരമായ ഒരു കാര്യമാണ്. പ്രതിപക്ഷ നേതാവ് അറിഞ്ഞുകൊണ്ടാണ് ഇത് നടന്നത്. ആരോഗ്യവകുപ്പ്മന്ത്രിയെ ഒറ്റപ്പെടുത്തി വിരട്ടാൻ നോക്കേണ്ട എന്നും ശിവൻകുട്ടി പറഞ്ഞു. കേരളത്തിൽ സാമാന്യം മെച്ചപ്പെട്ട നിലയിലാണ് ആരോഗ്യവകുപ്പ് പ്രവർത്തനം നടക്കുന്നത്. പുകമറ സൃഷ്ടിക്കുന്നതിനുള്ള സമരമാണിത് എന്നും ഈ വിരട്ട് സമരം ഉപേക്ഷിക്കുന്നതായിരിക്കും നല്ലതെന്നും ശിവൻകുട്ടി മുന്നറിയിപ്പ് നൽകി.
അല്പസമയം മുൻപാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തിയത്. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിലായിരുന്നു പ്രതിഷേധം.
ഗേറ്റ് തള്ളിത്തുറന്ന് അകത്തേയ്ക്ക് ഇരച്ചുകയറിയ പ്രവർത്തകർ വീടിൻ്റെ വാതിലിന് മുന്നിൽ റീത്ത് വെച്ചിരുന്നു. വസതിക്ക് മുന്നിൽ രണ്ട് പൊലീസുകാരായിരുന്നു ഉണ്ടായിരുന്നത്. പ്രതിഷേധം ശക്തമായതോടെ കൂടുതൽ പൊലീസുകാർ സ്ഥലത്തേയ്ക്ക് എത്തുകയായിരുന്നു. ഇതിനിടെ പ്രവർത്തകർ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഗേറ്റിൽ കരിങ്കൊടി തൂക്കുകയും ചെയ്തു. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ പൊലീസുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ പ്രവർത്തകർ വീട്ടിലേക്ക് വീണ്ടും അതിക്രമിച്ച് കയറാർ ശ്രമിച്ചു. ഇതോടെ പൊലീസിന് ബലം പ്രയോഗിക്കേണ്ടിവന്നു. ഇതിനിടെ പ്രവർത്തകർ വീട്ടിലേക്ക് ചീമുട്ടയെറിഞ്ഞിരുന്നു. പ്രവർത്തകരെ അറസ്റ്റ് ചെയ്ത പൊലീസ് വാഹനത്തിൽ കയറ്റി. ഈ സമയം പ്രവർത്തകർ പൊലീസ് വാഹനത്തിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തൈക്കാട്-വഴുതക്കാട് റോഡ് പ്രവർത്തകർ ഉപരോധിക്കുകയും ചെയ്തു.
Content Highlights: Kerala Health Minister Veena George has alleged that the Youth Congress attack on her official residence was carried out under the direction of V. D. Satheesan. Referring to the incident in Alappuzha, she stated that she had fulfilled all responsibilities expected of a Health Minister in the wake of the medical controversy