

മലപ്പുറം: മങ്കട സദാചാര കൊലക്കേസിൽ 5 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഒന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻ്റ് സെഷൻ ജഡ്ജ് ആണ് ശിക്ഷ വിധിച്ചത്. ഒന്നാംപ്രതി ഷറഫുദ്ദീൻ, രണ്ടാംപ്രതി അബ്ദുൽ ഗഫൂര്‍, മൂന്നാംപ്രതി അബ്ദു നാസര്‍, നാലാംപ്രതി സക്കീര്‍ ഹുസൈൻ, അഞ്ചാംപ്രതി മുഹമ്മദ് സുഹൈൽ എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. കൂട്ടിൽ കുന്നശ്ശേരി നസീര്‍ ഹുസൈനെ മര്‍ദ്ദിച്ചു കൊന്നു എന്നാണ് കേസ്.
കൊലപാതകം, വീട്ടിൽ അതിക്രമിച്ചു കയറൽ, ആൾക്കൂട്ട മർദനം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. 3, 5 പ്രതികൾക്ക് തെളിവ് നശിപ്പിച്ചതിന് 2 വർഷം കഠിന തടവും വിധിച്ചു. ഈ കൊലപാതകം ആൾക്കൂട്ടക്കൊലയ്ക്കും ഭീകരവാദത്തിനും തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു.
2016 ജൂൺ 28 നായിരുന്നു സുഹൃത്തായ യുവതിയുടെ വീട്ടിൽ പോയതിന്, നസീർ ഹുസൈനെ പ്രതികൾ കൂട്ടംകൂടി തല്ലിക്കൊന്നത്. 40 ഓളം സാക്ഷികളെയാണ് ഇരുഭാഗത്തിൽ നിന്നുമായി വിസ്തരിച്ചത്. കേസിൽ മൂന്നു പേരെ കോടതി വെറുതെ വിട്ടിരുന്നു. ശിക്ഷാവിധിയിൽ തൃപ്തിയുണ്ടെന്ന് പ്രോസിക്യൂട്ടറും നസീറിന്റെ സഹോദരനും പറഞ്ഞു. മര്‍ദന ദൃശ്യം ഒന്നാം പ്രതിയുടെ ഫോണിൽ പകര്‍ത്തിയിരുന്നു. ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും ഫോറൻസിക് പരിശോധനയിൽ വീണ്ടെടുത്തതാണ് കേസിൽ നിര്‍ണായകമായത്.
2016 ജൂൺ 28ന് പുലർച്ചെയായിരുന്നു ക്രൂര കൊലപാതകം നടന്നത്. സദാചാര പൊലീസ് ചമഞ്ഞ് മങ്കട കൂട്ടിൽ നസീര്‍ ഹുസൈനെ മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തായ യുവതിയുടെ വീട്ടിൽ പോയതിൻ്റെ പേരിലായിരുന്നു മര്‍ദനം. വീടിൻ്റെ വാതിൽ തകർത്ത് അകത്ത് കടന്നായിരുന്നു പ്രതികൾ നസീറിനെ മർദിച്ചത്.
മർദനത്തിന് ശേഷം അക്രമികൾ തന്നെ ഫോൺ വിളിച്ചാണ് മറ്റുള്ളവരെ വിവരം അറിയിച്ചത്. സഹോദരനായ നവാസും നാട്ടുകാരും സ്ഥലത്തെത്തി നസീറിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും അക്രമികൾ ആരെയും അടുപ്പിച്ചിരുന്നില്ല. നസീറിന്‍റെ തലയ്ക്ക് ആഴത്തിലുള്ള അഞ്ചോളം മുറിവുകളുണ്ടായിരുന്നു. മാത്രമല്ല രണ്ട് കൈകളും തോൾ മുതൽ വിരൽ വരെയും പ്രതികൾ അടിച്ച് തകർത്തിരുന്നു.
Content Highlights: Court sentences all 5 accused in Mankada moral turpitude case to life imprisonment