പൊതുആരോഗ്യരംഗം അനാസ്ഥയുടെ പര്യായം, ചികിത്സാ പിഴവ് മറയ്ക്കാൻ ശ്രമിച്ചത് ക്രിമിനൽ കുറ്റം: കെ സി വേണുഗോപാൽ

'അഞ്ച് വര്‍ഷക്കാലമായി ഒരു രോഗി അനുഭവിച്ച അവസ്ഥ കണ്ടുപിടിക്കാന്‍ സാധിച്ചില്ലെന്നതാണ് സിസ്റ്റത്തിന്റെ ഏറ്റവും വലിയ പരാജയം'

പൊതുആരോഗ്യരംഗം അനാസ്ഥയുടെ പര്യായം, ചികിത്സാ പിഴവ് മറയ്ക്കാൻ ശ്രമിച്ചത് ക്രിമിനൽ കുറ്റം: കെ സി വേണുഗോപാൽ
dot image

ന്യൂഡൽഹി: ആലപ്പുഴയിലെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ ഉപകരണം രോഗിയുടെ വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ പ്രതികരണവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. അനാസ്ഥയുടെ ഏറ്റവും വലിയ പര്യായമായിരിക്കുകയാണ് കേരളത്തിലെ പൊതു ആരോഗ്യരംഗമെന്ന് അദ്ദേഹം വിമർശിച്ചു. നമ്പര്‍ വണ്ണെന്ന് സര്‍ക്കാര്‍ പബ്ലിസിറ്റി നല്‍കുമ്പോള്‍ ഇത്തരം സംഭവങ്ങള്‍ യാഥാര്‍ത്ഥ്യം തുറന്നുകാട്ടുകയാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും അദ്ദേഹം പറഞ്ഞു.

അഞ്ച് വര്‍ഷക്കാലമായി ഒരു രോഗി അനുഭവിച്ച അവസ്ഥ കണ്ടുപിടിക്കാന്‍ സാധിച്ചില്ലെന്നതാണ് സിസ്റ്റത്തിന്റെ ഏറ്റവും വലിയ പരാജയം. എന്നാല്‍ ഇത്തരം സംഭവം വളരെ ലാഘവത്തോടെ കാണുന്ന നിലപാടാണ് സര്‍ക്കാരിന്. ശക്തമായ നടപടി സ്വീകരിക്കേണ്ട സാഹചര്യത്തില്‍ ലാഘവത്തോടെയുള്ള നിലപാടുകള്‍ സങ്കടകരമായ കാര്യമാണ്. ഉപകരണം കണ്ടെത്തിയതിന് പിന്നാലെ അത് പുറത്തുപറയരുതെന്ന നിലപാടാണ് സര്‍ക്കാരും ആശുപത്രിയും സ്വീകരിച്ചത്. ഇക്കാര്യം മറച്ചുവെയ്ക്കാന്‍ ശ്രമിച്ചത് ക്രിമിനല്‍ കുറ്റമാണെന്നും കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി ഇതെല്ലാം എങ്ങനെ കണ്ടുകൊണ്ടിരിക്കുന്നുവെന്നും സത്യം മൂടിവെയ്ക്കാനുള്ള ശ്രമം സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്നതാണ് സൂചിപ്പിക്കുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു. വാര്‍ത്ത വന്നപ്പോള്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണ് കരുതിയത്. മെഡിക്കല്‍ കോളേജില്‍ പോകാന്‍ ഭയമാണെന്ന് ഒരാള്‍ പറയുന്നത് ദൗര്‍ഭാഗ്യകരമാണ്. ആശുപത്രിക്കാര്‍ അടുത്ത തിങ്കളാഴ്ച വരാനാണ് രോഗിയായ സ്ത്രീയോട് പറഞ്ഞത്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആറേഴ് അന്വേഷണ സമിതികളെ നിയമിച്ചിരുന്നു. എന്നാല്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സമിതികള്‍ സ്വീകരിക്കുന്നതെന്നും വേണുഗോപാല്‍ ആരോപിച്ചു.

അതേസമയം സിസ്റ്റം തെറ്റാണെങ്കില്‍ അത് നന്നാക്കാനല്ലേ മന്ത്രി ഉള്ളതെന്നാണ് സംഭവത്തില്‍ രമേശ് ചെന്നിത്തലയുടെ പ്രതികരണം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഹർഷിനയ്ക്ക് സമാനമായ സംഭവമാണ് ആലപ്പുഴയിലും നടന്നിരിക്കുന്നത്. സര്‍ക്കാരിന്റെ ന്യായീകരണമല്ല, മറിച്ച് അടിയന്തരമായ സഹായമാണ് ആവശ്യമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നവരുടെ വയറ്റില്‍ കത്രികയിടുന്ന ചികിത്സയാണ് കേരളത്തില്‍ നടക്കുന്നത്. ചികിത്സാ ചെലവും നഷ്ടപരിഹാരവും സര്‍ക്കാര്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തിൽ കോൺഗ്രസ് നേതാവ് കെ മുരളീധരനും പ്രതികരിച്ചു. ആരോഗ്യവകുപ്പ് വെന്റിലേറ്ററിലാണാ മോര്‍ച്ചറിയിലാണോ എന്നതാണ് സംശയമെന്നായിരുന്നു കെ മുരളീധരന്‍ പറഞ്ഞത്.

Content Highlights: Congress MP KC Venugopal strongly criticised the Kerala Health Department over the Vandanam Medical College medical negligence

dot image
To advertise here,contact us
dot image