വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം; ഉഷ ജോസഫിന് ഐക്യദാർഢ്യവുമായി ഹർഷിന

ഹർഷിനയ്ക്ക് നീതി ഉറപ്പാക്കിയിരുന്നുവെങ്കിൽ ഇത്തരം പിഴവുകൾ ആവർത്തിക്കില്ലായിരുന്നു എന്ന് ഹർഷിനയ്ക്കായി സമരം ചെയ്യുന്ന സമരസമിതി

വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം; ഉഷ ജോസഫിന് ഐക്യദാർഢ്യവുമായി ഹർഷിന
dot image

കോഴിക്കോട്: വണ്ടാനം മെഡിക്കൽ കോളേജിൽ നടത്തിയ ശസ്ത്രക്രിയയ്ക്കിടെ സർജറി ഉപകരണം വയറ്റിൽ കുടുങ്ങിയ ഉഷ ജോസഫിന് ഐക്യദാർഢ്യവുമായി കോഴിക്കോട് മെഡിക്കൽ കോളെജിൽനിന്ന് സമാനരീതിയിലുള്ള ചികിത്സാ പിഴവ് നേരിട്ട ഹർഷിന. കോഴിക്കോട് മെഡിക്കൽ കോളെജിൽ നടത്തിയ ശസ്ത്രക്രിയക്ക് പിന്നാലെ ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയിരുന്നു. ഹർഷിനയ്ക്ക് നീതി ഉറപ്പാക്കിയിരുന്നുവെങ്കിൽ ഇത്തരം പിഴവുകൾ ആവർത്തിക്കില്ലായിരുന്നു എന്ന് ഹർഷിനയ്ക്കായി സമരം ചെയ്യുന്ന സമരസമിതി വ്യക്തമാക്കി.

സമാനരീതിയിലുള്ള ചികിത്സാ പിഴവ് നേരിടേണ്ടിവന്ന ഹർഷിന ഇന്ന് കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ സമരം ചെയ്യും. സമരസമിതിയുടെ നേതൃത്വത്തിലുള്ള സമരത്തിലാണ് ഹർഷിന പങ്കെടുക്കുക. കോഴിക്കോട് മെഡിക്കൽ കോളെജിൽവെച്ച് നടന്ന പ്രസവ ശസ്ത്രക്രിയക്കിടെയാണ് ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത്. ശസ്ത്രക്രിയയിലൂടെ കത്രിക പിന്നീട് പുറത്തെടുത്തെങ്കിലും അതിന് ശേഷവും ആരോഗ്യപ്രശ്‌നങ്ങൾ ഹർഷിനയെ വേട്ടയാടുന്നുണ്ട്. സർക്കാരിൽനിന്നും നീതി ലഭിച്ചില്ലെന്ന് ഉന്നയിച്ച് ഹർഷിന പലപ്പോഴായി സമരം നടത്തിയിട്ടുണ്ട്. നേരത്തെ 104 ദിവസം തുടർച്ചയായി മെഡിക്കൽ കോളെജിന് മുന്നിൽ ഹർഷിന പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു.

2021 മെയിൽ വയറിലെ മുഴ നീക്കം ചെയ്യുന്നതിനായി ഉഷയ്ക്ക് വണ്ടാനം മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് ശേഷം കഠിനമായ വേദന അനുഭവപ്പെട്ടിരുന്നതായി ഉഷ പറഞ്ഞിരുന്നു. ആശുപത്രികളിൽ മാറിമാറി പോയി ചികിത്സ തേടി. മൂത്രത്തിലൂടെ രക്തം പോകാൻ തുടങ്ങിയപ്പോഴാണ് ടെസ്റ്റുകൾ നടത്തിയത്. ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു താൻ. മൂത്രസഞ്ചിയിൽ കല്ലാണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് എക്സ്റേ എടുത്തപ്പോഴാണ് വയറ്റിൽ കത്രിക കണ്ടതെന്നും ഉഷ പറഞ്ഞു.

നിലവിൽ ഉഷയെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ഉപകരണം വയറ്റിൽനിന്ന് പുറത്തെടുക്കുന്നതിനുള്ള ശസ്ത്രക്രിയ ഇന്നുണ്ടായേക്കുമെന്ന് കുടുംബം അറിയിച്ചു. സംഭവത്തില്‍ ഗുരുത വീഴ്ച സംഭവിച്ചതായും കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.

Content Highlights: Harshina expressed solidarity with housewife Usha Joseph over the medical negligence at Alappuzha Vandanam medical college Hospital

dot image
To advertise here,contact us
dot image