

കൊല്ലം: ട്വന്റി 20 യില്‍ അംഗത്വം സ്വീകരിച്ച അഖിൽ മാരാരുടെ വിമർശനത്തിൽ പ്രതികരിച്ച് ഐഷാ പോറ്റി. അഖിൽ മാരാരുടെ ആരോപണം പക്വത ഇല്ലാത്തതാണെന്നും ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഐഷാ പോറ്റി പറഞ്ഞു. ദേവസ്വം ബോർഡ് പ്രസിഡന്റാക്കുമെന്ന് ഐഷാ പോറ്റിക്ക് പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നുവെന്നും എന്നാൽ അത് കിട്ടാതെ വന്നതോടെയാണ് അവർ പാർട്ടിയോട് തിരിഞ്ഞതെന്നും അഖിൽ മാരാർ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഐഷാ പോറ്റി രംഗത്തെത്തിയത്.
ആരോപണത്തിന് പിന്നിൽ യാതൊരു സത്യവുമില്ല. ഇത് എവിടെനിന്ന് കിട്ടിയ വിവരമാണെന്ന് അറിയില്ല. അഖിൽ മാരാരെ കുറിച്ച് കേട്ടറിവ് മാത്രമേ ഉള്ളൂ. നേരിട്ട് കണ്ടിട്ടില്ല. അഖിൽ മാരാർ കൊച്ചു പയ്യനാണ്. അദ്ദേഹം എവിടെയായിരുന്നുവെന്നും എങ്ങോട്ടൊക്കെ പോയെന്നും ഇതിനുമുമ്പ് എന്തൊക്കെ ചെയ്തുവെന്നും നിങ്ങൾക്കെല്ലാം അറിയാം. അഖിൽ മാരാർക്ക് സിപിഐഎമ്മുകാർ ആരെങ്കിലും എഴുതിക്കൊടുത്തവിവരങ്ങളായിരിക്കും ഈ പറഞ്ഞുനടക്കുന്നതെന്ന് സംശയമുണ്ടെന്നും ഐഷാ പോറ്റി മാധ്യമങ്ങളോട് പറഞ്ഞു.
തന്നെ അല്പമെങ്കിലും അറിയാമായിരുന്നെങ്കിൽ അദ്ദേഹം ഇങ്ങനെ ഒരു പ്രതികരണം നടത്തില്ലായിരുന്നു. അഖിൽ മാരാർ സ്വയം ഒന്ന് തിരിഞ്ഞുനോക്കണം. അദ്ദേഹം എവിടെയായിരുന്നുവെന്നും ശേഷം എങ്ങോട്ടുപോയെന്നും നോക്കണം. ചതിച്ചു വഞ്ചിച്ചുവെന്നെല്ലാം പറയുന്നത് അഖിൽ മാരാർക്ക് മാത്രം അറിയാവുന്ന കാര്യമാണ് തനിക്ക് അതിനെ പറ്റി അറിയില്ലെന്നും ഐഷാ പോറ്റി പറഞ്ഞു. തന്നെ പറ്റി ഒന്നും അറിയാത്ത അഖിൽ മാരാർ ആരോപണം ഉന്നയിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയാണ്. ചതിച്ചു വഞ്ചിച്ചു എന്നെല്ലാം ആരോപിക്കുമ്പോൾ അദ്ദേഹം എന്താണ് ചെയ്തതെന്ന് സ്വയം ഒന്ന് ആലോചിച്ചാൽ മതിയെന്നും ഐഷാ പോറ്റി പറഞ്ഞു.
ദേവസ്വം ബോർഡ് പ്രസിഡണ്ട് ആക്കാമെന്ന് ഒരു വാക്കുപോലും ആരും പറഞ്ഞിട്ടില്ല. ഞാനറിഞ്ഞ കാര്യമല്ലത്. മുഖ്യമന്ത്രിയെ കണ്ടിരുന്നു, അദ്ദേഹം സർക്കാരിന് ഇപ്പോൾ സങ്കീർണ സമയമെന്ന് പറഞ്ഞു. എന്നാൽ എന്താണ് കാര്യത്തെ കുറിച്ചാണ് അങ്ങനെ പറഞ്ഞതെന്നുപോലും അറിയില്ല. ബാലഗോപാൽ വീട്ടിൽ വന്നിരുന്നു, അത് പാർട്ടിക്കാരി അല്ല എന്ന് പറയരുതെന്ന് ആവശ്യപ്പെടാനായിരുന്നുവെന്നും ഐഷാ പോറ്റി പറഞ്ഞു.
കൊട്ടാരക്കര മുൻ എംഎൽഎ ആയിരുന്ന സിപിഐഎം നേതാവ് ഐഷാ പോറ്റി പാർട്ടി വിട്ട് അടുത്തിടെയാണ് കോൺഗ്രസിൽ ചേർന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഐഷാ പോറ്റി മത്സരിച്ചേക്കുമെന്ന വിവരവും പുറത്തുവരുന്നുണ്ട്.
Content Highlights: Aisha Potty responds to criticism from Twenty20 leader Akhil Marar