

കൊച്ചി: കേരള സ്റ്റോറി 2 വിവാദത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി എൻഡിഎ സഖ്യകക്ഷിയായ ട്വന്റി 20യുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. എൻഡിഎ നേതൃത്വമാണ് നിലപാട് പറയേണ്ടത് എന്നും താൻ മുന്നണിയില്‍ എത്തിയിട്ട് 21 ദിവസമേ ആയിട്ടുള്ളൂ എന്നുമായിരുന്നു സാബുവിന്റെ പ്രതികരണം.
ട്വന്റി 20യിൽ ചേർന്ന അഖിൽ മാരാർ ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും സാബു എം ജേക്കബ് പറഞ്ഞു. എൻഡിഎ നേതൃത്വമാണ് മണ്ഡലം തീരുമാനിക്കുക. ട്വന്റി 20യിൽ നിന്ന് ആളുകൾ വിട്ടുപോകുന്നു എന്ന വ്യാജവാർത്തകൾ ഉണ്ടായി. എന്നാൽ ഒരുപാട് പേർ പാർട്ടിയിലേക്ക് കടന്നുവരികയാണ്. അതിന്റെ ആദ്യപടിയാണ് അഖിൽ മാരാരുടെ പാർട്ടി പ്രവേശനമെന്നും സാബു എം ജേക്കബ് പറഞ്ഞു.
താൻ സ്വതന്ത്ര ചിന്താഗതിക്കാരനാണ് എന്നും ചിലപ്പോൾ ബിജെപിക്ക് അനുകൂലമായും, ചിലപ്പോൾ യുഡിഎഫിന് അനുകൂലമായും മറ്റു ചിലപ്പോൾ സിപിഐഎം അനുകൂല നിലപാട് സ്വീകരിക്കുമെന്നുമാണ് അഖിൽ മാരാർ പറഞ്ഞത്. താൻ പാർട്ടിക്ക് അകത്ത് വേണോ പുറത്ത് വേണോ എന്ന് ചിന്തിക്കേണ്ടിയിരുന്നത് കോൺഗ്രസാണ് എന്നും എന്നാൽ അതുണ്ടായില്ല എന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.
അതേസമയം, കേരള സ്റ്റോറി 2വിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽ ഹർജി. കണ്ണൂർ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹർജി നൽകിയിരിക്കുന്നത്. ഹർജിയിൽ സെൻസർ ബോർഡിന് ഹൈക്കോടതി നോട്ടീസ് നൽകി. നിർമാതാക്കളായ സൺഷൈൻ പിക്ചേഴ്സും മറുപടി നൽകണം. ഹർജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.
റിപ്പോർട്ടർ ഇലക്ഷൻ സർവേയിൽ വോട്ട് ചെയ്യാം
2023 ൽ പുറത്തിറങ്ങിയ കേരള സ്റ്റോറിയുടെ ഒന്നാം ഭാഗം വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ചിത്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരും വിമർശനവുമായി രംഗത്തുണ്ട്.
കേരളത്തിനെതിരെ വിദ്വേഷം വിതയ്ക്കാനും നമ്മുടെ മതനിരപേക്ഷ പാരമ്പര്യത്തെ അവഹേളിക്കാനും ലക്ഷ്യമിട്ട് നിർമ്മിക്കപ്പെട്ട കേരളാ സ്റ്റോറി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗം പുറത്തിറങ്ങുന്നു എന്ന വാർത്ത ഗൗരവത്തോടെ കാണേണ്ടതാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. 'ബീഫ്' എന്ന പേരിട്ടത് കൊണ്ട് ചലച്ചിത്ര മേളയിലെ ഒരു ചിത്രത്തിന് പ്രദർശനാനുമതി പോലും നിഷേധിച്ച കാലത്ത് സമൂഹത്തിൽ ഭിന്നതയും വിദ്വേഷവും പടർത്തുക എന്ന ലക്ഷ്യത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷസൃഷ്ടികൾക്ക് പ്രദർശനാനുമതി ലഭിക്കുന്നത് ആശ്ചര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം ആണെന്നാണ് കേരള സ്റ്റോറി പറഞ്ഞുവെക്കുന്നതെന്നും വരുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സ്റ്റോറിയാണ് ഇതെന്നുമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്. കേരളത്തിന്റെ മതനിരപേക്ഷതയിലും വികസനനേട്ടത്തിലും അസൂയ ഉള്ളവരാണ് സിനിമയ്ക്ക് പിന്നിലെന്നാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞത്.
Content Highlights: Twenty20 chief coordinator Sabu M Jacob avoided direct questions regarding the controversy surrounding Kerala Story 2. He stated that the NDA leadership should clarify the alliance’s official stance on the issue.