

കാസര്‍കോട്: കാസർകോട് ഇടയലക്കാട് വീട് ജപ്തി ഭീഷണിയിലുണ്ടായിരുന്ന പ്ലസ് ടു വിദ്യാർത്ഥി അർജുന് ആശ്വാസം. ലേല നടപടികൾ നീട്ടിവെക്കാൻ തീരുമാനിച്ചതായി കാനറ ബാങ്ക് റീജിയണൽ മാനേജർ രാജ്മോഹൻ ഉണ്ണിത്താൻ എം പി യെ അറിയിച്ചു. അർജുന്റെ പരീക്ഷ ദിവസം തന്നെ ലേല നടപടികൾ നിശ്ചയിച്ച വാർത്ത റിപ്പോർട്ടർ ടി വി പുറത്തുവിട്ടതിന് പിന്നാലെയാണ് വിഷയത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ എം പി ഇടപെട്ടത്.
വീട് നിർമാണത്തിനായി എട്ടു വർഷം മുമ്പാണ് അർജുന്റെ പിതാവ് ബാങ്കിൽ നിന്ന് വായ്പ എടുത്തത്. പിതാവ് മരിക്കുന്നതുവരെ തിരിച്ചടവ് മുടങ്ങിയിരുന്നില്ല. എന്നാലിപ്പോൾ തിരിച്ചടവ് മുടങ്ങിയതോടെ വീട് ലേലം ചെയ്യാൻ ബാങ്ക് തീരുമാനിച്ചു. പ്ലസ് ടു വിദ്യാർത്ഥിയായ അർജുന്റെ മോഡൽ പരീക്ഷ തുടങ്ങുന്ന നാളെ തന്നെയാണ് വീട് ലേല നടപടികൾ നിശ്ചയിച്ചത്.
ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു പിതാവിന്റെ മരണം. 19 ലക്ഷം രൂപയോളം വായ്പയെടുത്തതില്‍ ഇനി 8.25 ലക്ഷം രൂപ കൂടിയാണ് തിരിച്ചടയ്ക്കാനുള്ളത്. അച്ഛന്‍ മരിച്ചതോടെ മുത്തശ്ശി മാത്രമാണ് അര്‍ജുന് കൂട്ടായി ഉള്ളത്. എന്നാല്‍ ഇത്ര വലിയ തുക താങ്ങാന്‍ മുത്തശ്ശിക്കാവില്ല. ഇതോടെയാണ് അര്‍ജുന്‍ പ്രതിസന്ധിയിലായത്.
Content Highlight; REPORTER IMPACT; Arjun Gets Relief from Confiscation Threat; Auction Process Extended Following Rajmohan Unnithan’s Intervention