

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയ മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ പ്രതികരണത്തെ പ്രശംസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. 'വിഷൻ 2031'ൽ മണിശങ്കർ അയ്യരുടേത് ശ്രദ്ധേയമായ അവതരണമായി മാറിയെന്ന് ഗോവിന്ദൻ പറഞ്ഞു. ചർച്ചയിൽ പങ്കെടുക്കരുതെന്ന് പലർക്കും കോൺഗ്രസ് നേതാക്കൾ കത്തയച്ചു. എന്നാൽ മണിശങ്കർ അയ്യർ ഇടതുഭരണം തുടരണമെന്ന് ആവശ്യപ്പെട്ടു. ഗാന്ധി കണ്ട ദർശനം യാഥാർത്ഥ്യമാക്കിയത് ഇടതുപക്ഷമെന്നാണ് മണിശങ്കർ പറഞ്ഞത്. അതുകൊണ്ട് അദ്ദേഹത്തിനെതിരെ പല നുണകളും കോൺഗ്രസ് പറയും. രമേശ് ചെന്നിത്തല മാത്രമല്ല പ്രതിപക്ഷ നേതാവും അദ്ദേഹത്തെ പരിഹസിക്കുമെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്‌സണൽ സ്റ്റാഫ് ആയിരുന്ന എ സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മലമ്പുഴയിൽ മത്സരിച്ചേക്കുമെന്ന വാർത്തയോടും ഗോവിന്ദൻ പ്രതികരിച്ചു. എ സുരേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതാണ്. അല്ലാതെ അയാൾ മനംമടുത്ത് പോയതല്ല. മലമ്പുഴയിൽ സുരേഷിന് സിപിഐഎമ്മിന്റെ ഒരു വോട്ടും കിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാറുമായുള്ള പിണക്കം ഒഴിവാക്കാൻ പാർട്ടി ശ്രമിക്കുമെന്ന് എം വി ഗോവിന്ദൻ വ്യക്തമാക്കി. പ്രേംകുമാർ പാർട്ടി അംഗമല്ല. പിണക്കം ഒഴിവാക്കാൻ പാർട്ടി ശ്രമിക്കും. പിണങ്ങിയേ അടങ്ങൂവെന്ന് വെച്ചാൽ എന്ത് ചെയ്യും. പിണങ്ങി പോകുന്നവരെയെല്ലാം പിടിച്ച് നിർത്താനാവില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മുൻ സിപിഐ നേതാവും നടനുമായ ജയൻ ചേർത്തല കോൺഗ്രസിലേക്ക് ചേക്കേറിയേക്കുമെന്ന വിഷയത്തിലും സമാന പ്രതികരണമാണ് ഗോവിന്ദൻ നടത്തിയത്.
കേരളത്തിലെ വികസനത്തെ കുറിച്ച് പ്രതിപക്ഷ നേതാവ് നുണ പറയുകയാണെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി. ട്രഷറി പൂട്ടും, ശമ്പളം മുടങ്ങും എന്നെല്ലാം പ്രചരിപ്പിച്ചു. ഇന്ന് വരെ ശമ്പളം മുടങ്ങിയിട്ടില്ല. സാമ്പത്തികമായി തകർന്നെന്ന് വി ഡി സതീശൻ പ്രചരിപ്പിക്കുന്നുണ്ട്. അത് പൂർണമായും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ശബരിമല യുവതീ പ്രവേശനത്തിൽ കോടതി നിലപാട് പറയട്ടെ എന്ന് എംവി ഗോവിന്ദൻ അവർത്തിച്ചു. സിപിഐഎം നിലപാട് പറയേണ്ട സമയത്ത് പറയും. നിലവിൽ ഇത്തരം ചോദ്യങ്ങൾ ആവർത്തിച്ച് ചോദിക്കുന്നത് വർഗീയ ധ്രുവീകരണത്തിനായാണ്. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഹർജികൾ പരിഗണിക്കുന്നത് പാർട്ടിയിൽ പ്രതിസന്ധി സൃഷ്ടിക്കില്ല. യുവതീ പ്രവേശനത്തിൽ സർക്കാരെടുക്കുന്ന തീരുമാനവും സിപിഐഎമ്മിന്റെ നിലപാടും ഒന്നാണെന്ന് പറയാൻ സാധിക്കില്ലെന്നും ഗോവിന്ദൻ പറഞ്ഞു.
മസ്തിഷ്‌കമരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള കുഞ്ഞ് ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം തയ്യാറായത് അഭിനന്ദാർഹമാണെന്ന് ഗോവിന്ദൻ കൂട്ടിച്ചേർത്തു.
മണിശങ്കർ അയ്യർക്കെതിരായ കോൺഗ്രസ് നേതാക്കളുടെ വിമർശനത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. 'പാവം മണിശങ്കർ അയ്യർ. ഒരു കരുണയും കാണിക്കില്ല സ്വന്തം പാർട്ടി അണികൾ. വി ഡി സതീശൻ ആണ് അവരുടെ ഇപ്പോഴത്തെ നേതാവ്. സത്യം പറയുന്നവരെ അവർക്കിഷ്ടമല്ല' എന്നാണ് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
Content Highlights: CPIM state scecretary M V Govindan slams Congress leaders for criticizing Mani Shankar Aiyar for praising state government