എ സുരേഷ് മലമ്പുഴയില്‍ UDF സ്വതന്ത്രനായി മത്സരിച്ചേക്കും; സതീശന്‍ നയിക്കുന്ന 'പുതുയുഗയാത്ര'യില്‍ പങ്കെടുക്കും

വി എസ് പാര്‍ട്ടിയില്‍ തിരുത്തല്‍ ശക്തി ആയിരുന്നു, അതുകൊണ്ടാണ് പാര്‍ട്ടി വളര്‍ന്നത്. അദ്ദേഹമുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടിയും സര്‍ക്കാരും ഇങ്ങനെയാവില്ലായിരുന്നുവെന്ന് എ സുരേഷ്

എ സുരേഷ് മലമ്പുഴയില്‍ UDF സ്വതന്ത്രനായി മത്സരിച്ചേക്കും; സതീശന്‍ നയിക്കുന്ന 'പുതുയുഗയാത്ര'യില്‍ പങ്കെടുക്കും
dot image

പാലക്കാട്: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ മുൻ പേഴ്‌സണൽ അസിസ്റ്റന്റ് എ സുരേഷ് മലമ്പുഴയിൽ യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചേക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര'യിൽ സുരേഷ് പങ്കെടുക്കും. പുതുയുഗയാത്ര യാത്ര നാളെ പാലക്കാട് എത്തുമ്പോഴാണ് അദ്ദേഹം പങ്കെടുക്കുക. കെപിസിസി നേതാക്കൾ എ സുരേഷുമായി ചർച്ച നടത്തി.

പുറത്തുവരുന്ന വാർത്തകളെല്ലാം വസ്തുതാപരമെന്ന് എ സുരേഷ് റിപ്പോർട്ടറിനോട് സ്ഥിരീകരിച്ചു. യാത്രയിൽ പങ്കെടുക്കാൻ യുഡിഎഫിന്റെ ഉന്നത നേതാക്കൾ തന്നെ ക്ഷണിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read:

അതേസമയം താൻ ഇപ്പോഴും ഇടതുപക്ഷ നിലപാടുള്ള ആളാണെന്ന് സുരേഷ് ആവർത്തിച്ചു. പാർട്ടി തന്നെ പുറത്താക്കിയിട്ട് പതിമൂന്ന് കൊല്ലമായി. തന്നാലാകുന്നവിധം പാർട്ടി ചട്ടക്കൂടിനകത്ത് നിന്ന് അപ്പീലുകൾ നിരന്തരം കൊടുത്തിരുന്നു അതിലൊന്നും ഒരു മറുപടി പോലും ഇതുവരെ കിട്ടിയിട്ടില്ല. അതിൽ വളരെ വിഷമവും അപമാനവും തോന്നുന്നുണ്ട്. കഴിഞ്ഞ ആഴ്ച തന്റെ പ്രദേശത്തെ ബ്രാഞ്ച് കമ്മിറ്റി കൂടുകയും പാർട്ടിയിൽ തിരിച്ചെടുക്കുന്ന കാര്യം ആലോചിക്കുകയും ചെയ്തപ്പോൾ ഉപരികമ്മിറ്റിയിൽ നിന്ന് പങ്കെടുത്ത സഖാവ് പറഞ്ഞത് സംസ്ഥാന കമ്മിറ്റി തീരുമാനിക്കട്ടെ എന്നാണ്. ഗ്രൂപ്പിലെടുക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിക്കണമെന്ന് പറഞ്ഞതിനേക്കാൾ വലിയ അപമാനം തനിക്ക് ഇനി നേരിടാനില്ല. അത് പ്രദേശത്തെ നേതാക്കൾക്കും വലിയ വിഷമമാണ് ഉണ്ടാക്കിയതെന്നും സുരേഷ് പറഞ്ഞു.

വി എസ് അച്യുതാനന്ദൻ എടുത്ത നിലപാടുകൾക്കൊണ്ടാണ് പാർട്ടി ഇത്രയും ശക്തിപ്പെട്ടതെന്നാണ് താൻ വിശ്വസിക്കുന്നത്. വർഗീയതയ്ക്കും അഴിമതിക്കും മാഫിയകൾക്കുമെതിരെ വി എസ് എടുത്ത നിലപാടുകൾ പാർട്ടിയെ ശക്തിപ്പെടുത്തിയിട്ടുണ്ട്. വി എസ് ഉണ്ടായിരുന്നെങ്കിൽ ഈ സർക്കാരും പാർട്ടിയും ഇങ്ങനെ ആകുമായിരുന്നില്ല. കുറേ തിരുത്തലുകൾ വേണ്ടതുണ്ടെന്ന് പാർട്ടി സഖാക്കൾ തന്നെ ആഗ്രഹിക്കുന്നുണ്ട്. ജീവിച്ചിരുന്നിരുന്നെങ്കിൽ അത് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് വി എസ് ആയിരിക്കും. അദ്ദേഹം ഒരു തിരുത്തൽ ശക്തിയായി പാർട്ടിയിൽ ഉണ്ടായിരുന്നു. അതുകൊണ്ടാണ് പാർട്ടി കേരളത്തിൽ വലിയ ശക്തിയായതും ഭരണം നേടിയതെന്നും എ സുരേഷ് പറഞ്ഞു.

പാർട്ടിക്ക് മൂല്യച്യുതി സംഭവിച്ചാൽ പാർട്ടിയുണ്ടാകും, പക്ഷെ കൂടെ ജനം ഉണ്ടാകില്ല. പാർട്ടി എല്ലായിപ്പോഴും നിലനിൽക്കണമെന്നാണ് ആഗ്രഹം. യുഡിഎഫ് പിന്തുണയിൽ മത്സരിക്കുമ്പോൾ മാനസികമായൊരു അസ്വസ്ഥത തോന്നുന്നുണ്ടെന്നും അത് പരസ്യമായി പങ്കുവെക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

2013ൽ പാർട്ടിയുമായി ബന്ധപ്പെട്ട വാർത്തകൾ മാധ്യമങ്ങൾക്ക് ചോർത്തിനൽകി എന്ന കുറ്റം ചുമത്തിയാണ് സുരേഷിനെ സിപിഐഎം പുറത്താക്കിയത്. സിപിഐഎമ്മില്‍ നിന്ന് പുറത്താക്കിയ തന്നെ തിരിച്ചെടുക്കാന്‍ വൈകുന്നതെന്തെന്ന ചോദ്യവുമായി പാർട്ടി ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് എ സുരേഷ് തുറന്ന കത്തെഴുതിയിരുന്നു. പുറത്താക്കപ്പെട്ട കാലയളവില്‍ ഒരുപാട് തിക്താനുഭവങ്ങളുണ്ടായെന്നും എന്നാൽ ഇക്കാലയളവിലും താൻ പാര്‍ട്ടിക്കൊപ്പം സഞ്ചരിച്ചു. ചെങ്കൊടി പുതച്ച് കിടക്കാനുള്ള ആഗ്രഹത്തിലാണ് കാത്തിരുന്നതെന്നും സുരേഷ് കത്തില്‍ പറഞ്ഞിരുന്നു.

Content Highlights:‌ former cm v s Achuthanandan's personal assistant A Suresh to contest in Malampuzha as UDF's independent candidate

dot image
To advertise here,contact us
dot image