

കൊച്ചി: കേരള കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. എന്നും ചെയര്‍മാന് വിധേയപ്പെട്ട് നില്‍ക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ചെയര്‍മാനെയും തന്നെയും തെറ്റിക്കണമെന്ന് പലരും ആഗ്രഹിക്കുന്നു. എന്നാല്‍ അത് നടക്കില്ല. ജോസ് കെ മാണിക്ക് യാതൊരു പരിഭവവുമില്ല. ജോസ് കെ മാണിയും താനും എന്നും ഒരുമിച്ചാണ്. താനും ചെയര്‍മാനും ഒരു മെയ്യ് ആണെന്നും റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. കൊച്ചിയിൽ റിപ്പോര്‍ട്ടറിനോട് സംസാരിക്കവെയായിരുന്നു റോഷി അഗസ്റ്റിന്‍റെ പ്രതികരണം.
കേരള കോണ്‍ഗ്രസില്‍ പരിഭവം പുകയുന്നു എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് വിശദീകരണവുമായി റോഷി അഗസ്റ്റിന്‍ രംഗത്തെത്തിയത്. ജോസ് കെ മാണിയെ തള്ളിക്കൊണ്ട് റോഷി അഗസ്റ്റിന്‍ അഭിപ്രായങ്ങള്‍ പറയുന്ന സാഹചര്യവുമുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ ചര്‍ച്ചയാകുന്നതിനിടെയാണ് പാര്‍ട്ടിയില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്ന് റോഷി അഗസ്റ്റിന്‍ വിശദീകരിക്കേണ്ടി വരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായില്‍ ജോസ് കെ മാണി തന്നെ മത്സരിക്കുമെന്നായിരുന്നു റോഷി അഗസ്റ്റിന്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് മാധ്യമങ്ങള്‍ ഭാവനയില്‍ നിന്ന് പറയുന്നതാണെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. ചെയര്‍മാനാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതെന്ന് റോഷി അഗസ്റ്റിന്‍ തന്നോട് പറഞ്ഞെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു.
ആര് മത്സരിക്കുമെന്ന് പാര്‍ട്ടി തീരുമാനിക്കുമെന്നാണ് റോഷി പറഞ്ഞത്, തീരുമാനിച്ചുവെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലെന്നും റോഷി അഗസ്റ്റിന്‍ ഒരിക്കലും അച്ചടക്ക ലംഘനം നടത്തിയിട്ടില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളോ പ്രശ്‌നങ്ങളോ ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് റോഷി അഗസ്റ്റിന്‍ രംഗത്തെത്തിയത്.
Content Highlight; Minister Roshy Augustine says there is no confusion in Kerala Congress. Roshy Augustine explains after news of a scandal brewing in the Kerala Congress