

തിരുവനന്തപുരം: നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാറുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സംസാരിച്ചു. പ്രേംകുമാർ കോൺഗ്രസുമായി സഹകരിച്ചേക്കുമെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇവർ ഫോണിൽ ബന്ധപ്പെട്ടത്. അതേസമയം പ്രേംകുമാർ വിഷയത്തെ കുറിച്ചുള്ള ചോദ്യത്തോട് താൻ ബോധവാനല്ല എന്നും പ്രേംകുമാർ കോൺഗ്രസിലേക്ക് വരുമെന്ന് അറിയില്ലെന്നുമാണ് കെ സി വേണുഗോപാൽ പ്രതികരിച്ചത്.
ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും തന്നെ മാറ്റിയതിനെതിരെ പ്രേംകുമാർ സർക്കാരിനും സിപിഐഎമ്മിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെ അദ്ദേഹം തന്റെ കുടുംബത്തിന്റെ കോൺഗ്രസ് പശ്ചാത്തലവും കെഎസ്‌യുകാലത്തെ ഓർമകളും പങ്കുവെച്ചിരുന്നു. ഇതോടെയാണ് പ്രേംകുമാർ കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹം ശക്തമായത്. നാളെ തിരുവനന്തപുരത്ത് കെ സി വേണുഗോപാലുമായി നിർണായക കൂടിക്കാഴ്ചകൾ ഉണ്ടാകുമെന്നാണ് വിവരം. കോൺഗ്രസിലേക്ക് ചേക്കേറിയാൽ പ്രേംകുമാറിനെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാനും കോൺഗ്രസ് നീക്കമുണ്ട്. നെയ്യാറ്റിൻകര, അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങളിലായിരിക്കും പ്രേംകുമാറിനെ പരിഗണിക്കുക.
എന്നാൽ കോൺഗ്രസ് നേതാക്കൾ ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്ന് പ്രേംകുമാർ പ്രതികരിച്ചു. ഒരു പാർട്ടിയുടെ ചട്ടക്കൂടിൽ നിൽക്കാൻ താൽപര്യമുള്ള ആളല്ല താൻ. മുൻ നിശ്ചയിച്ച പ്രകാരം തീരുമാനിക്കുന്ന വ്യക്തിയുമല്ല. നാളെ എന്ത് സംഭവിക്കുമെന്ന് തനിക്കറിയില്ല. താൻ ഒരു ഉറച്ച ദൈവ വിശ്വാസിയാണെന്ന് പ്രേംകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം പ്രേംകുമാറിനെ സ്ഥാനത്ത് നിന്നുമാറ്റിയത് സ്വാഭാവിക നടപടിമാത്രമാണെന്നും അദ്ദേഹത്തിന്റെ നിലപാടിന്റെ പേരിൽ അല്ലെന്നുമുള്ള സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയോട് പ്രേംകുമാർ പ്രതികരിച്ചു. കേരളത്തിൽ വേറെയും അക്കാദമികൾ ഉണ്ട്.
ചലച്ചിത്ര അക്കാദമിയിൽ മാത്രമാണോ ഈ സ്വാഭാവിക നടപടി. സംസ്ഥാന അവാർഡ് പ്രഖ്യാപനത്തിന്റെ തലേദിവസമാണ് തന്നെ സ്ഥാനത്തുനിന്ന് മാറ്റിയത്. തിരുവനന്തപുരത്ത് പ്രഖ്യാപിക്കാൻ ഇരുന്ന ചടങ്ങ് തൃശ്ശൂരിലേക്ക് മാറ്റിയെന്നും പ്രേംകുമാർ പറഞ്ഞു.
ചലച്ചിത്രമേഖലയിലെ മുഴുവൻ പ്രവർത്തകരുടെയും പ്രശ്‌നങ്ങൾ നേരിട്ട് കേട്ട ആളാണ് താൻ. ആശ സമരത്തിൽ ഇടപെടണം എന്ന് പറഞ്ഞത് പോസിറ്റീവായാണ്. താൻ ഒരു രാഷ്ട്രീയക്കാരനല്ല. ഒരു പ്രശ്‌നം ഉണ്ടായാൽ അത് പരിഹരിക്കാനുള്ള ആർജ്ജവം കാണിക്കണം. ഒരാളോട് കാണിച്ച നീതിയല്ല തന്നോട് കാണിച്ചത്. നീതിയും അറിയിപ്പുമില്ലാതെ ലാഘവത്തോടെയാണ് തന്നെ പുറത്താക്കിയത്.
ഒരു വ്യക്തിയോ പാർട്ടിയോ സ്ഥാപനമോ തന്നെ വിളിച്ചിട്ടില്ല. ഞാനൊരു കോൺഗ്രസ് കുടുംബത്തിലെ അംഗമായിരുന്നു എന്നത് സത്യമാണ്. സിപിഐഎം സഹയാത്രികൻ ആയിരുന്നെങ്കിലും സിപിഐഎം മെമ്പർ ആയിരുന്നില്ലെന്നും പ്രേംകുമാർ പറഞ്ഞു.
ആശാ സമരത്തെ പിന്തുണച്ച് നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെ യാതൊരു അറിയിപ്പുമില്ലാതെ ഒരാേേളാാടും നന്ദി പോലും പറയാൻ അവസരം നൽകാതെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്നും തന്നെ പുറത്താക്കിയെന്ന് പ്രേംകുമാർ വിമർശിച്ചിരുന്നു. തുടർഭരണം സംബന്ധിച്ച വിവാദ പരാമർശം നടത്തിയ കവി കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമിയുടെ തലപ്പത്ത് തുടരുന്നത് ഇരട്ട നീതിയാണെന്നും പ്രേംകുമാർ ആരോപിച്ചിരുന്നു.
Content Highlights: AICC General Secretary K C Venugopal and KPCC President Sunny Joseph spoke to Premkumar