നന്ദഗോവിന്ദം ഭജൻസിന്റെ നടക്കാതെപോയ പരിപാടി ഓഡിറ്റ് റിപ്പോർട്ടിൽ; ഉദ്യോഗസ്ഥ വീഴ്ചയെന്ന് ദേവസ്വം ബോർഡ്

ആദ്യം നൽകിയ എസ്റ്റിമേറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ ഓഡിറ്റ് റിപ്പോർട്ടായതിനാലാണ് പിശകുകളുണ്ടായതെന്ന് വിശദീകരണം

നന്ദഗോവിന്ദം ഭജൻസിന്റെ നടക്കാതെപോയ പരിപാടി ഓഡിറ്റ് റിപ്പോർട്ടിൽ; ഉദ്യോഗസ്ഥ വീഴ്ചയെന്ന് ദേവസ്വം ബോർഡ്
dot image

കോട്ടയം: ആഗോള അയ്യപ്പ സംഗമത്തിലെ വിവാദങ്ങൾ ചൂടുപിടിക്കുന്നതിനിടെ ഉദ്യോഗസ്ഥർക്ക് വീഴ്ച്ച പറ്റിയെന്ന പ്രതികരണവുമായി ദേവസ്വം ബോർഡ്. നന്ദഗോവിന്ദം ഭജന്‍സിന്‍റെ പരിപാടി നടക്കാതെ പോയതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിലാണ് ദേവസ്വം ബോർഡിന്‍റെ വിശദീകരണം. ആഗോള അയ്യപ്പ സംഗമത്തിലെ ആദ്യ എസ്റ്റിമേറ്റില്‍ നന്ദഗോവിന്ദം ഭജന്‍സിന്റെ പേര് ഉള്‍പ്പെട്ടിരുന്നെങ്കിലും പിന്നീട് മറ്റൊരു പരിപാടി ഉണ്ടായിരുന്നതിനാല്‍ ഇവർ ഒഴിവായെന്നും ദേവസ്വം ബോർഡ് വിശദമാക്കി. ഇതിന് പകരമായി ക്ഷേത്ര വാദ്യ കലകള്‍ അരങ്ങേറുകയും ചെയ്തു.

എന്നാല്‍ പരിപാടി മാറിയ വിവരം ഓഡിറ്ററെ അറിയിച്ചിരുന്നില്ല. ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റ് തുകയും രേഖകളുമാണ് ഓഡിറ്റര്‍ക്ക് ലഭിച്ചത്. ഇത് ഉള്‍പ്പെടുത്തി വിജയന്‍ അസോസിയേറ്റ് ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഗായകന്‍ ഇഷാന്‍ ദേവ് പരിപാടി നടത്തുന്നതിനായി എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും നാല് ലക്ഷം രൂപയാണ് നല്‍കിയതെന്നുമാണ് ദേവസ്വം ബോർഡ് വ്യക്തമാക്കുന്നത്.

ആഗോള അയ്യപ്പസംഗമത്തിന്റെ കണക്കുകള്‍ സംബന്ധിച്ച് ഉദ്യോഗസ്ഥ തലത്തില്‍ ചില വീഴ്ച്ചകള്‍ സംഭവിച്ചുവെന്നാണ് സംഭവത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. കണക്കുകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതിന്റെ തിരക്കില്‍ എസ്റ്റിമേറ്റുകളാണ് ഓഡിറ്റ് സ്ഥാപനത്തിന് കൈമാറിയത്. എന്നാല്‍ പരിപാടിയില്‍ വന്ന മാറ്റങ്ങള്‍ പരിപാടി പൂര്‍ത്തിയായതിന് ശേഷം ബില്ലുകളിലുണ്ടായ മാറ്റം എന്നിവയൊന്നും ഓഡിറ്റ് സ്ഥാപനത്തെ അറിയിച്ചിരുന്നില്ല. വളരെ വേഗത്തില്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയതിനാലാണ് ഇക്കാര്യങ്ങള്‍ മാറ്റാന്‍ കഴിയാത്തത് എന്നാണ് ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് വലിയ വീഴ്ച്ച സംഭവിച്ചതായും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.

ഇതുമായി ബന്ധപ്പെട്ട് ഈ മാസം 17ന് വിശദമായ പരിശോധന നടത്താനാണ് ദേവസ്വം ബോര്‍ഡ് അധ്യക്ഷന്റെ തീരുമാനം. അയ്യപ്പ സംഗമത്തിന്റെ കരാറെടുത്ത സ്ഥാപനത്തിന്റെയും ഓഡിറ്റ് നടത്തിയ സ്ഥാപനത്തിന്റെയും പ്രതിനിധികളെ വിളിച്ചുവരുത്താനും രേഖകള്‍ പരിശോധിക്കാനുമാണ് തീരുമാനം. ഇതിന് പിന്നാലെ മാത്രമെ പ്രതികരിക്കാന്‍ കഴിയു എന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രതികരണം. ദേവസ്വം ബോര്‍ഡ് അധ്യക്ഷനായ വി എസ് പ്രശാന്ത് പോലും ഇക്കാര്യങ്ങളില്‍ കൂടുതല്‍ പ്രതികരണങ്ങള്‍ തയ്യാറാകുന്നില്ല.

ആഗോള അയ്യപ്പ സംഗമത്തിന്റെ തുടക്കത്തിൽ ഒരു ഭജൻ അവതരിപ്പിക്കണമെന്ന നിർദേശം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നന്ദഗോവിന്ദം ഭജൻസ് സംഘത്തെ സമീപിച്ചെങ്കിലും, അന്നേ ദിവസം മറ്റ് പരിപാടികൾ ഉണ്ടായതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അവർ അറിയിച്ചു. തുടർന്ന് പ്രശസ്ത സംഗീതജ്ഞനായ ഇഷാൻ ദേവ്നെ സമീപിച്ചു. ചുരുങ്ങിയ സമയത്തിനുള്ളിൽ 25-ലധികം കലാകാരന്മാരും 10-ലധികം ടെക്നീഷ്യൻമാരും ഉൾപ്പെടെ 35 പേർ പങ്കെടുത്ത മികച്ച സംഗീതാവിഷ്‌കാരമാണ് സംഘം അവതരിപ്പിച്ചത്. വിവിധ ട്രൂപ്പുകളെ ഏകോപിപ്പിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. സംഘത്തിന്റെ അഞ്ച് ദിവസത്തെ താമസം, ഭക്ഷണം, റിഹേഴ്സൽ തുടങ്ങി എല്ലാ ചെലവുകളും ഉൾപ്പെടുത്തി 8 ലക്ഷം രൂപയാണ് ചെലവായതെന്നും ദേവസ്വം ബോർഡ് വിശദമാക്കി.

നന്ദഗോവിന്ദം ഭജൻസ് സംഘത്തിന് തുക നൽകിയതായി ബോർഡിന്റെ ഓഡിറ്റർ റിപ്പോർട്ടിൽ പറയുന്നത് പിശകാണ്. അങ്ങനെ തുക നൽകിയിരുന്നുവെങ്കിൽ വൗച്ചർ അല്ലെങ്കിൽ ബാങ്ക് ഇടപാട് രേഖകൾ ഉണ്ടായിരിക്കേണ്ടതാണ്. തുക പോയത് ഇഷാൻ ദേവിന്റെ അക്കൗണ്ടിലേക്കാണെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി.

ഇവന്റ് മാനേജ്മെന്റ് ഏജൻസി ദേവസ്വം ബോർഡിന്റെ ചാർട്ടേഡ് അക്കൗണ്ടന്റിന് സമർപ്പിച്ച സ്റ്റേറ്റ്മെന്റിൽ അശ്രദ്ധയായി ഉണ്ടായ പിശകാണ് നന്ദഗോവിന്ദം ഭജൻസ് പരിപാടി അവതരിപ്പിച്ചു എന്ന രീതിയിലുള്ള തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്നും ദേവസ്വം ബോർഡ് പ്രതികരിച്ചു.

അതേസമയം ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ചെലവുകളെക്കുറിച്ച് വിശദീകരണം നടത്തേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡാണെന്നായിരുന്നു ദേവസ്വം വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. സാമ്പത്തിക ഇടപാട് കൈകാര്യം ചെയ്തത് ബോര്‍ഡ് ആണെന്നും ബോര്‍ഡ് ഇക്കാര്യത്തില്‍ മറുപടി പറയുമെന്നും വി എന്‍ വാസവന്‍ ചൂണ്ടിക്കാണിച്ചു. ബോര്‍ഡ് അഡ്വാന്‍സ് പൈസ തിരിച്ചു കൊടുത്തു എന്നാണ് കിട്ടിയ മറുപടി. സ്പോണ്‍സറുടെ പൈസ കൊണ്ടാണ് പരിപാടി നടന്നത്. താന്‍ കൈകാര്യം ചെയ്യാത്ത കാര്യത്തെ കുറിച്ച് എങ്ങനെ മറുപടി പറയുമെന്നും വാസവന്‍ ചോദിച്ചിരുന്നു.

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വരവ് ചെലവ് കണക്കുകളില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. പരിപാടിയുമായി ബന്ധപ്പെട്ട് ദേവസ്വം കമ്മീഷണര്‍ നല്‍കിയ കണക്കിലും ഓഡിറ്റ് റിപ്പോര്‍ട്ടിലും വ്യത്യാസമുണ്ട്. ആഗോള അയ്യപ്പ സംഗമം നടത്തുന്നതിനായി ദേവസ്വം ബോര്‍ഡില്‍ നിന്നെടുത്ത പണം തിരിച്ചടച്ചെന്നാണ് ദേവസ്വം കമ്മീഷണര്‍ ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ട്. ദേവസ്വം അക്കൗണ്ടില്‍ നിന്നും അഡ്വാന്‍സായി ലഭിച്ച മൂന്നുകോടി രൂപ തിരിച്ചടച്ചുവെന്നാണ് ദേവസ്വം കമ്മീഷണര്‍ അറിയിച്ചത്. 4.99 കോടി രൂപയാണ് ആഗോളസംഗമത്തിനായി ആകെ ചെലവായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

അതേസമയം ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ കണക്ക് തള്ളുന്നതാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. സംഗമത്തിന് ചെലവായത് 10.99 കോടിയാണെന്നും ഇതില്‍ 4.35 കോടി രൂപ ഇനിയും കൊടുത്തുതീര്‍ക്കാനുണ്ടെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ അയ്യപ്പസംഗമത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ പി എസ് പ്രശാന്ത് പ്രതികരിച്ചു. ദേവസ്വം കമ്മീഷണറുടെ റിപ്പോര്‍ട്ടിലെ തുകയില്‍ പ്രശാന്ത് സംശയം പ്രകടിപ്പിക്കുകയും ചെയ്തു. സംഗമത്തിന്റെ സംഘാടനത്തിനായി മൂന്ന് കോടി രൂപ മാത്രമാണ് ഇതുവരെ ചെലവഴിച്ചതെന്നും ഈ മൂന്ന് കോടി രൂപയും പൂര്‍ണമായും സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിച്ചതാണെന്നുമാണ് പ്രശാന്ത് പറയുന്നത്.

Content Highlight; Reports suggest that there were also errors in the name of Nandagovindam Bhajan at the Global Ayyappa Sangamam

dot image
To advertise here,contact us
dot image