

ഇടുക്കി: സമരം താൽകാലികമായി അവസാനിപ്പിക്കാനുള്ള തീരുമാനവുമായി അടിമാലി മണ്ണിടിച്ചില്‍ ദുരന്ത ബാധിതര്‍. ചര്‍ച്ചകള്‍ക്ക് പിന്നാലെ വീട്ടുവാടക നല്‍കാന്‍ തീരുമാനമായതോടെയാണ് സമരം തല്‍കാലത്തേക്ക് അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ ദുരന്തബാധിതരുടെ പ്രതിനിധികളും എഡിഎമ്മുമായി നടത്തിയ ചര്‍ച്ചയിലാണ് വീട്ടുവാടക നല്‍കാന്‍ തീരുമാനമായത്. ഇകെകെ കമ്പനിയുടെ യാര്‍ഡിന് മുന്നില്‍ ദുരന്തബാധിതര്‍ നടത്തിയിരുന്ന സമരമാണ് അവസാനിപ്പിച്ചത്.
6,28,000 രൂപ കരാര്‍ കമ്പനി സമരസമിതിക്ക് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്. സംഭവത്തില്‍ ചീഫ് സെക്രട്ടറിയോട് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ദുരന്തത്തിന് പിന്നാലെ അധികൃതര്‍ നല്‍കിയ വാഗ്ദാനങ്ങളൊന്നും പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ദുരന്തബാധിതരുടെ സമരം. ദേശീയപാത നിര്‍മാണ കമ്പനിയുടെ മുന്നില്‍ മൂന്ന് ദിവസങ്ങളായി കുടില്‍ കെട്ടി സമരം നടത്തിയിരുന്നെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കിയിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് കുട്ടികളടക്കം പട്ടിണി സമരത്തിലേക്ക് കടക്കാനൊരുങ്ങുകയാണെന്ന് ദുരന്തബാധിതര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീട്ടുവാടക നല്‍കാനുള്ള തീരുമാനമായത്. 30 കുടുംബങ്ങളായിരുന്നു യാര്‍ഡിന് മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തിയിരുന്നു.
ഫെബ്രുവരി ഒന്‍പതിന് രാവിലെ ഏഴ് മണിക്കായിരുന്നു ദുരന്തബാധിതര്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. പൊരിവെയിലിന്റെ കടുത്ത ചൂടും പൊടിയുമെല്ലാം സഹിച്ചാണ് സ്ത്രീകളും കുട്ടികളും വൃദ്ധരുമുള്‍പ്പെടെ സമരത്തില്‍ പങ്കെടുത്തത്. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാനോ ഭക്ഷണം വാങ്ങാനോ പോലും കഴിയാതെയായിരുന്നു സമരം മുന്നോട്ട് പോയത്. എട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും സമരത്തില്‍ പങ്കെടുത്തിരുന്നു.
ഒക്ടോബര്‍ 25നായിരുന്നു അടിമാലി കൂമ്പന്‍പാറയിലെ ലക്ഷംവീട് കോളനിയില്‍ ദുരന്തമുണ്ടായത്. ദുരന്തത്തില്‍ വീട് ഇടിഞ്ഞ് വീണ് പ്രദേശവാസിയായ ബിജു മരിക്കുകയും ഭാര്യ സന്ധ്യയ്ക്ക് കാലിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സന്ധ്യയുടെ കാല്‍ മുറിച്ച് മാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സ്ഥലം വാസയോഗ്യമല്ലെന്നും പ്രദേശവാസികള്‍ എത്രയും പെട്ടെന്ന് അവിടെ നിന്നും മാറണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ആളുകള്‍ ക്യാമ്പുകളിലേക്കും മറ്റുമായി മാറി. വീടുവിട്ട് പോകേണ്ടി വന്നവര്‍ക്ക് വാടക വീട്ടിലേക്ക് മാറാനുള്ള പണം നല്‍കാമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. എന്നാല്‍ സ്‌കൂളുകളില്‍ നടത്തിയിരുന്ന ദുരിതാശ്വാസ ക്യാമ്പ് അവസാനിപ്പിച്ചിട്ടും പണം നല്‍കിയില്ല. ഇതിന് പിന്നാലെയാണ് ദുരന്തബാധിതര്‍ സമരവുമായി രംഗത്തെത്തിയത്.
Content Highlight; Adimali landslide victims decide to temporarily end strike. The strike is set to be temporarily ended after it was decided to pay house rent following discussions.