

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിൻ്റെ മനസറിയാന്‍ റിപ്പോര്‍ട്ടര്‍ നടത്തുന്ന ഓണ്‍ലൈന്‍ തെരഞ്ഞെടുപ്പ് സര്‍വേയില്‍ യുവ നേതാക്കള്‍ മുന്നേറുന്നു. സര്‍വേ ആരംഭിച്ച് രണ്ടുദിവസം പിന്നിടുമ്പോള്‍ എംഎൽഎമാർക്ക് മാർക്ക് നൽകുന്ന വിഭാഗത്തിൽ യുവ എംഎൽഎമാരാണ് മുന്നേറുന്നത്. ഫെബ്രുവരി 13 ഉച്ചയ്ക്ക് ഒരുമണി വരെ ഏറ്റവുമധികം സ്‌കോര്‍ ലഭിച്ചത് അരുവിക്കര എംഎല്‍എ എം എസ് അരുണ്‍കുമാറിനാണ്. അഴീക്കോട് എംഎല്‍എ കെ വി സുമേഷ്, വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത്, കല്യാശേരി എംഎല്‍എ എം വിജിൻ, ബേപ്പൂര്‍ എംഎല്‍എ പി എ മുഹമ്മദ് റിയാസ് എന്നിവരാണ് എം എസ് അരുൺ കുമാറിനൊപ്പം പട്ടികയിലെ ആദ്യ അഞ്ചിൽ ഇടം നേടിയിരിക്കുന്നത്.
എന്നാല്‍ ആദ്യ പതിനഞ്ചിലെത്തിയ യുഡിഎഫ് എംഎൽഎമാരിൽ ഭൂരിപക്ഷവും മുതിര്‍ന്ന നേതാക്കളാണ്. യുഡിഎഫിൻ്റെ മുതിർന്ന നേതാക്കളായ ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും ആദ്യ പതിനഞ്ചിൽ ഇടം നേടിയിട്ടുണ്ട്. ആദ്യ പതിനഞ്ചിൽ ഇടം പിടിച്ച യുവ എംഎൽഎമാരിൽ യുഡിഎഫിൽ നിന്നുള്ള ഏക പ്രാധിനിത്യം ചാണ്ടി ഉമ്മൻ്റേത് മാത്രമാണ്.
മാവേലിക്കര എംഎല്‍എ എം എസ് അരുണ്‍കുമാറിന് പത്തില്‍ 8.6 മാർക്കാണ് ജനങ്ങള്‍ കൊടുത്തിരിക്കുന്നത്. അഴീക്കോട് എംഎല്‍എ കെ വി സുമേഷിന് 8.6/10, വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് 8.5 /10, കല്യാശേരി എംഎല്‍എ എം വിജിന്‍ 8.4/10, ബേപ്പൂര്‍ എംഎല്‍എ പി എ മുഹമ്മദ് റിയാസ് 8.3/10, തിരുവമ്പാടി എംഎല്‍എ ലിന്റോ ജോസഫ് 8.2/10, ഹരിപ്പാട് എംഎല്‍എ രമേശ് ചെന്നിത്തല 8.2/10, തൃത്താല എംഎല്‍എ എം ബി രാജേഷ് 8.2/10, പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്‍ 8.2/10, പാറശാല എംഎല്‍എ സി കെ ഹരീന്ദ്രന്‍ 8.1/10 , പറവൂര്‍ എംഎല്‍എ വി ഡി സതീശന്‍ 8.1/10, പുതുപ്പളളി എംഎല്‍എ ചാണ്ടി ഉമ്മന്‍ 8.1/10, വേങ്ങര എംഎല്‍എ പി കെ കുഞ്ഞാലിക്കുട്ടി 8.1/ 10, കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍ 8.1/10, ഒല്ലൂര്‍ എംഎല്‍എ കെ രാജന്‍ 8.1/10 എന്നിവരാണ് ആദ്യ പതിനഞ്ചിൽ ഇടം നേടിയിരിക്കുന്നത്.
റിപ്പോര്‍ട്ടര്‍ വെബ്‌സൈറ്റിലൂടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെയും REPORTER Online Election Surveyയില്‍ നിങ്ങള്‍ക്ക് പങ്കാളികളാകാം. ക്യൂ ആര്‍ കോഡ് വഴി അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ടവര്‍ക്ക് അതിനുള്ള സൗകര്യവും ഉണ്ട്.
സര്‍വേ പേജില്‍ പ്രവേശിച്ചാല്‍ 'നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക' എന്ന തലക്കെട്ടിന് താഴെയുള്ള 'നിങ്ങളുടെ ജില്ല തിരഞ്ഞെടുക്കുക' എന്ന ബോക്‌സില്‍ ക്ലിക്ക് ചെയ്യുക. കേരളത്തിലെ 14 ജില്ലകളുടെ പട്ടിക അവിടെ കാണാം. അതില്‍ നിന്ന് നിങ്ങളുടെ ജില്ല തിരഞ്ഞെടുക്കുക. തുടര്‍ന്ന് 'നിങ്ങളുടെ മണ്ഡലം തിരഞ്ഞെടുക്കുക' എന്ന ബോക്‌സില്‍ ക്ലിക്ക് ചെയ്ത് മണ്ഡലം തിരഞ്ഞെടുക്കണം. ഇതിന് ശേഷം Next ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന ഘട്ടത്തിലേക്ക് കടക്കാം.
അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്ന പ്രധാന പേജില്‍ പ്രവേശിച്ചാല്‍ നിങ്ങളുടെ എംഎല്‍എയുടെ പേര്, പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ കക്ഷി, നിലവിലെ സ്‌കോര്‍ തുടങ്ങിയ വിവരങ്ങള്‍ കാണാം. അതിന് താഴെയായി സര്‍വേയുടെ ആദ്യ ഘട്ടം ആരംഭിക്കും. ഈ ഘട്ടത്തില്‍ പത്ത് ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ മണ്ഡലത്തിലെയും എംഎല്‍എയുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ ഓരോ ചോദ്യത്തിനും മാര്‍ക്ക് നല്‍കാം. ഇതിനായി ഓരോ ചോദ്യത്തിനും താഴെയായി ഉള്ള സ്ലൈഡിംഗ് ബാറുകളാണ് ഉപയോഗിക്കേണ്ടത്. 0 മുതല്‍ 10 മാര്‍ക്കുകള്‍ വരെ നിങ്ങള്‍ക്ക് രേഖപ്പെടുത്താവുന്ന വിധത്തിലാണ് സ്ലൈഡിംഗ് ബാറുകള്‍ ക്രമീകരിച്ചിരിക്കുന്നത്.
സര്‍വേയുടെ രണ്ടാം ഘട്ടത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തേണ്ട ആറ് പ്രധാന ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ആദ്യ ചോദ്യം ഈ തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ വോട്ടിനെ ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്ന വിഷയം ഏത് എന്നതാണ്. അതിന് താഴെ നല്‍കിയിരിക്കുന്ന പത്ത് ഓപ്ഷനുകളില്‍ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുക്കാം. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ പ്രകടനം, പ്രതിപക്ഷ നേതാവിന്റെ പ്രകടനം, മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി, അടുത്ത മുഖ്യമന്ത്രി ആരാകണം, ഇത്തവണ ഏത് മുന്നണി അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹം തുടങ്ങിയ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാം.
എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി കഴിഞ്ഞാല്‍ താഴെ കാണുന്ന SUBMIT ബട്ടണില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ നല്‍കി OTP വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയാല്‍ സര്‍വേ നടപടികള്‍ പൂര്‍ത്തിയാകും.
ഇതോടൊപ്പം തന്നെ, ഇതേ പേജില്‍ ഓരോ മണ്ഡലത്തിന്റെയും വിശദമായ ചരിത്രം, തദ്ദേശ സ്ഥാപനങ്ങള്‍, അവിടെയുള്ള ഭരണകക്ഷികള്‍, മണ്ഡലത്തിലെ മുന്‍കാല എംഎല്‍എമാര്‍, അതിര്‍ത്തി മണ്ഡലങ്ങള്‍, 2006 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിശദമായ ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങളും ലഭ്യമാകും.
Content Highlight: Reporter online election survey; LDF's young leaders and UDF's senior leaders on top