

എരഞ്ഞിപ്പാലം: കോഴിക്കോട് എരഞ്ഞിപ്പാലം സിഗ്നൽ ജംഗ്ഷനിൽ ഫുട്പാത്തിലൂടെ ബൈക്ക് ഓടിച്ചുകയറ്റുന്നത് ചോദ്യം ചെയ്ത വയോധികയെ തിരഞ്ഞ് സോഷ്യൽ മീഡിയ. ഒടുവിൽ ഈ വൈറൽ താരം എരഞ്ഞിപ്പാലം സ്വദേശിയായ പ്രഭാവതിയാണെന്ന് കണ്ടെത്തി. താൻ പണ്ടേ കുറച്ച് കർക്കശകാരിയാണെന്നും ഇത്തരം നിയമലംഘനങ്ങൾക്ക് ചുട്ടമറുപടി നൽകാറുണ്ടെന്നുമാണ് മാധ്യമങ്ങളോട് പ്രഭാവതിയമ്മ പ്രതികരിച്ചത്. പണ്ട് രാഷ്ട്രീയത്തില്‍ സജീവമായിരുന്നെന്നും പിന്നീട് വാർഡനായി പ്രവർത്തിച്ചിട്ടുണ്ടെന്നും പ്രഭാവതിയമ്മ പറഞ്ഞു.
ഇത്തരം രീതി വർഷങ്ങളായി താൻ അനുഭവിക്കുന്നതാണെന്ന് പ്രഭാവതി പറയുന്നു. സിഗ്നൽ വന്നതിന് പിന്നാലെ ഇതാണ് പ്രദേശത്തെ സ്ഥിരം അവസ്ഥ. കാലുവയ്യാതെ വെയിലത്ത് നടക്കുന്നതിൻ്റെ ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനിടെയാണ് ഫുട്പാത്തിലേക്ക് ഇരുചക്രവാഹനവുമായി ഒരാൾ കയറി വന്നത്. ഇതിലേ വണ്ടികൾ പോകാൻ അനുവദിക്കില്ലെന്ന് പറഞ്ഞപ്പോൾ നിങ്ങൾ നിയമം പറയുകയാണോയെന്നായിരുന്നു ബൈക്ക് ഡ്രൈവറുടെ ചോദ്യമെന്ന് പ്രഭാവതി പറയുന്നു.
ഇതോടെ മൊബൈൽ ഫോൺ പുറത്തെടുത്ത് ചിത്രങ്ങൾ പകർത്താൻ ശ്രമിച്ചു, പിന്നാലെ ഇയാൾ ഫുട്പാത്തിൽ നിന്ന് വണ്ടി മാറ്റി റോഡിലൂടെ പോവുകയാണ് ഉണ്ടായത്. നിങ്ങൾ ജയിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് അയാൾ വണ്ടിയെടുത്ത് പോയതെന്നും പ്രഭാവതി പറയുന്നു. ആദ്യം തമാശ മട്ടിലാണ് വണ്ടി പിന്നോട്ടെടുക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇയാളുടെ പ്രതികരണം ശരിയല്ലെന്ന് കണ്ടതോടെയാണ് കർശനമായി നിലപാട് സ്വീകരിച്ചതെന്നും പ്രഭാവതി പറഞ്ഞു.
പ്രഭാവതിയുടെ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. കൊച്ചിയിൽ ഒരു പ്രഭാവതിയമ്മ വേണം, അത്യാവശമാണ്, അമ്മച്ചി അടിപൊളിയാണ്, ശബ്ദം പോലതന്നെ പവർഫുള്ളാണ് ഈ അമ്മ, ഇതാണ് അയൺ ലേഡി തുടങ്ങിയ കമന്റുകളാണ് പ്രഭാവതിയമ്മയെ പ്രകീർത്തിച്ച് പ്രത്യക്ഷപ്പെടുന്നത്.
Content Highlights: Prabhavathi Amma became a social media star after a viral video showed her blocking a biker riding through a footpath