

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി ശരണ്‍ എസ് കര്‍ത്തയും ശശിധരന്‍ കര്‍ത്തയുടെ ഭാര്യ ജയ എസ് കര്‍ത്തയും. കൊച്ചിയിലെ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. സിഎംആര്‍എല്‍ എംഡിയാണ് ശശിധരന്‍ കര്‍ത്തയുടെ മകന്‍ ശരണ്‍.
എംപവര്‍ ഇന്ത്യ കാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഡയറക്ടറാണ് ജയ. എംപവര്‍ വീണയ്ക്ക് രണ്ട് തവണയായി 50 ലക്ഷം വായ്പ അനുവദിച്ചിരുന്നു. ആദ്യതവണ തിരിച്ചടവ് മുടങ്ങിയിട്ടും വീണ്ടും വായ്പ അനുവദിച്ചുവെന്നാണ് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യല്‍.
കേസില്‍ ചോദ്യം ചെയ്യുന്നതിനായി ഹാജരാകാന്‍ ആവശ്യപ്പെട്ട് വിണ ടിയ്ക്ക് ഇഡി സമന്‍സ് അയച്ചിട്ടുണ്ട്. നാളെയാണ് ചോദ്യം ചെയ്യല്‍. ശശിധരന്‍ കര്‍ത്തയുടെ മകള്‍ ഷിബി എസ് കര്‍ത്തയെ തിങ്കളാഴ്ച ഇ ഡി ചോദ്യം ചെയ്തിരുന്നു. സിഎംആര്‍എല്‍ ഡയറക്ടറായ ഷിബി, സിഎംആര്‍എല്ലുമായി ബന്ധമുള്ള നിപുണ ഇന്റര്‍നാഷണല്‍സിന്റെ പ്രധാനചുമതല കൂടി വഹിക്കുന്നുണ്ട്. ഇ ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ള സ്ഥാപനമാണ് നിപുണ ഇന്റര്‍നാഷണല്‍.
വിശദമായ ചോദ്യാവലി തയ്യാറാക്കിയാണ് കേസില്‍ ഇ ഡിയുടെ ചോദ്യം ചെയ്യല്‍ നടക്കുന്നത്. വീണയ്ക്ക് നേരത്തെ സമന്‍സ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്‌നങ്ങളാല്‍ എത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. രണ്ടാഴ്ച സാവകാശം തേടിയാണ് വീണ ഇ മെയില്‍ അയച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും അഭിഭാഷകന്‍ വഴി സമര്‍പ്പിക്കാമെന്നും കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്രയും സാവകാശം നല്‍കാതെ ബുധനാഴ്ച ഹാജരാകണം എന്നാവശ്യപ്പെട്ട് വീണ്ടും ഇ ഡി സമന്‍സ് അയയ്ക്കുകയായിരുന്നു. പിഎംഎല്‍എ വകുപ്പ് 50 പ്രകാരം ലഭിച്ച സമന്‍സില്‍ കക്ഷി നേരിട്ട് ഹാജരാകുമെന്നാണ് വ്യവസ്ഥ.
സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി എങ്ങനെ വിനിയോഗിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ വീണയില്‍ നിന്ന് വ്യക്തത തേടാനാണ് ഇ ഡി തീരുമാനം. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് നല്‍കിയ മൊഴികള്‍ അടിസ്ഥാനമാക്കിയും ചോദ്യം ചെയ്യാന്‍ ഇ ഡി തീരുമാനിച്ചിട്ടുണ്ട്. കേസില്‍ ഇ ഡിക്ക് അന്വേഷണം തുടരാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
Content Highlights: Sharan S Kartha and Jaya S Kartha, wife of Sashidharan Kartha, appeared before the Enforcement Directorate in connection with the CMRL–Exalogic financial transaction case.