

കൊല്ലം: കേരളത്തിന് എയിംസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി എം പി നടത്തിയ ഒരു പരാമർശത്തിൽ 'മറ്റേ മോൻ' എന്ന് അധിക്ഷേപിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. പേര് പറയാൻ തോന്നാത്തത് കൊണ്ടാണ് മറ്റേ മോൻ എന്ന് പറഞ്ഞതെന്നും അധിക്ഷേപിച്ചതല്ലെന്നുമാണ് സുരേഷ് ഗോപി ഇപ്പോൾ വിശദീകരണം നൽകുന്നത്.
മാധ്യമങ്ങൾ തന്റെ വാക്കുകളെ അവതരിപ്പിച്ചതിലെ പ്രശ്‌നമാണെന്നും ഇതിൽ പരിതപിക്കാനൊന്നും തന്നെ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് വെച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. 'എന്റെ നെഞ്ചത്ത് കൈ വെച്ച് ഞാൻ പറയാം. നിങ്ങളൊക്കെ വ്യാഖ്യാനിച്ച 'അതല്ല' ഞാൻ ഉദ്ദേശിച്ചത്. അന്നേരം എനിക്ക് അദ്ദേഹത്തിന്റെ പേരെടുത്ത് പറയാൻ തോന്നിയില്ല. 'മറ്റേ ഇത് പറഞ്ഞ മോനില്ലേ' എന്നേ ഞാൻ ഉദ്ദേശിച്ചുള്ളു. എന്റെ അമ്മ സത്യം. നിങ്ങളെല്ലാവരും കൂടി അതങ്ങ് മറ്റ് രീതിയിൽ ആക്കിയെടുത്തു. ഇലക്ഷൻ വരുന്നത് കൊണ്ട് ചെയ്തത് ആകണം. അതിൽ എനിക്ക് പരിതപിക്കാൻ സാധിക്കില്ല. വീണ്ടും ഞാൻ പുച്ഛത്തോടെ തള്ളുന്നു എന്ന് പറയുന്നില്ല. ഈ അഭിപ്രായപ്പെടൽ നിങ്ങളുടെ അവകാശമല്ലേ,' സുരേഷ് ഗോപി പറഞ്ഞത്.
ജനുവരി 14ന് തൃപ്പൂണിത്തുറ എൻ എം ഹാളിൽ ബിജെപി സംഘടിപ്പിച്ച യോഗത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് സുരേഷ് ഗോപി 'മറ്റേ മോൻ' എന്ന അധിക്ഷേപ പരാമർശം നടത്തിയത്. 'കേരളത്തിൽ എയിംസ് വരും മറ്റേ മോനെ' എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. എയിംസ് വരും എന്ന് പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ടെന്നും അങ്ങനെയുളളവർ ആ ഭയത്തിൽ മുങ്ങിമരിക്കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
'പുച്ഛിക്കുന്നത് അവരുടെ ഡിഎൻഎ ആണ്. അവരത് ചെയ്തുകൊണ്ടേയിരിക്കട്ടെ. ഇന്ത്യയിലെ സാധാരണക്കാരായ മനുഷ്യരുടെ പച്ചക്കറി കടകളിൽ വരെ ഡിജിറ്റൽ ട്രാൻസാക്ഷൻ വരുമെന്ന് അരുൺ ജെയ്റ്റ്ലി പറഞ്ഞപ്പോൾ രാജ്യസഭയിൽ ഒരു വലിയ സാമ്പത്തിക വിദഗ്ദൻ, സുപ്രീംകോടതിയിലെ വലിയ വക്കീൽ രാജാവ് എന്താണ് പുച്ഛിച്ചതെന്ന് കണ്ടതല്ലേ. 'പിന്നേ ഉരുളക്കിഴങ്ങും തക്കാളിയും വിൽക്കുന്നവർ ഉടൻ തന്നെ പിഒഎസ് ഒക്കെ വച്ച് ഒണ്ടാക്കിക്കളയും. അവരുടെ അടുത്ത് പിഒഎസ് മെഷീനുണ്ടോ, ചാർജ് ചെയ്യാൻ സൗകര്യമുണ്ടോ, വൈഫൈ കണക്ഷനുണ്ടോ' എന്നൊക്കെയാണ് ചോദിച്ചത്.
ഇന്ന് രാജ്യം എന്താണ്? ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ ഒരുസംഘം ഇവിടെയെത്തിയപ്പോൾ അവരോട് സാധാരണക്കാരായ സ്ത്രീകൾ പറഞ്ഞത്, വീ ഡോണ്ട് ടേക്ക് കറൻസി എന്നാണ്. രാജ്യം ഇവിടെ വരെ എത്തിയെങ്കിൽ കേരളത്തിൽ എയിംസ് വരും മറ്റേ മോനെ എന്ന് മാത്രമേ എനിക്ക് പറയാൻ പറ്റൂ ' എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകൾ. ഇപ്പോൾ വിശദീകരണമായി സുരേഷ് ഗോപി രംഗത്തു വന്നെങ്കിലും അധിക്ഷേപ പ്രസംഗത്തിന്റെ വീഡിയോ പലരും കമന്റുകളിൽ പങ്കുവെക്കുകയാണ്.
ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന് എയിംസ് അനുവദിക്കാത്തതിന് പിന്നാലെ സുരേഷ് ഗോപിയുടെ മറ്റേ മോൻ പ്രയോഗവും ആ പ്രസംഗവും വലിയ ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു. 2026ൽ എയിംസ് വരുമെന്ന് താൻ പറഞ്ഞിട്ടില്ലെന്നും 2027ലും 2028ലുമെല്ലാം തങ്ങൾക്ക് സമയമുണ്ടെന്നുമാണ് ഇപ്പോൾ സുരേഷ് ഗോപി പറയുന്നത്.
Content Highlights: Suresh Gopi's explanation about 'matte mon' remark in a speech regarding AIMS