

തിരുവനന്തപുരം: ജന്തര്‍ മന്തറില്‍ സമരം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരായ വിവാദ പ്രസ്താവനയില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസിനെതിരെ പരാതി നല്‍കി സാമൂഹ്യപ്രവര്‍ത്തകർ. ശ്രീജ നെയ്യാറ്റിന്‍കര, അഡ്വ. സീന ഭാസ്‌കർ, പ്രീത ജി പി, വിജു വർമ്മ എന്നിവരാണ് പരാതി നൽകിയത്. ടി ജി മോഹന്‍ദാസിനെതിരെ ലൈംഗിക അതിക്രമ ആഹ്വാനത്തിനും വര്‍ഗീയ പ്രചാരണത്തിനും കേസെടുക്കണം എന്നാണ് ആവശ്യം. ജന്തര്‍ മന്തറില്‍ നടന്ന വിദ്യാര്‍ത്ഥി സമരത്തെക്കുറിച്ചുളള 'അധികാരം ലഭിച്ചാല്‍ എല്ലാവരെയും വെടിവെച്ച് കൊല്ലും, ശവങ്ങള്‍ പെറുക്കി കൊണ്ടുപോകും' എന്ന പരാമര്‍ശം അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിക്കുളളില്‍ പെടുന്നതല്ലെന്നും പൊതുജനങ്ങളില്‍ ഭീതി സൃഷ്ടിക്കുന്നതും രാഷ്ട്രീയ എതിരാളികള്‍ക്കെതിരായ സംഘടിത അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ഗുരുതരമായ പ്രസ്താവനകളാണെന്നും പരാതിയിൽ പറയുന്നു.
വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമത്തേയും ബലാൽസംഗത്തേയും ന്യായീകരിക്കുന്ന പരാമർശങ്ങൾ അതീവ ഗൗരവമുള്ളവയാണെന്നും അത് സ്ത്രീകളുടെ അന്തസ്സിനും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾക്കും നേരെയുള്ള കടുത്ത ആക്രമണമാണെന്ന് പരാതിയിൽ പറയുന്നുണ്ട്. ഇത്തരത്തിലുള്ള പ്രസ്താവനകൾ സ്ത്രീകൾക്കെതിരായ അക്രമത്തിന് പ്രേരണ നൽകുകയും സമൂഹത്തിൽ നിയമവാഴ്ചയെ തകർക്കുകയും ചെയ്യുന്നതാണ്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ വെടിവെപ്പിലൂടേയും ലൈംഗിക അക്രമ ഭീഷണിയിലൂടേയും നേരിടുമെന്ന തരത്തിലുള്ള സന്ദേശം സമൂഹത്തിലേക്ക് പ്രചരിപ്പിക്കുന്നത് ഭരണഘടനാപരമായ മൂല്യങ്ങൾക്കും നിയമവാഴ്ചയ്ക്കും എതിരാണ്. ഇത്തരം പ്രസ്താവനകൾ പൊതുസമാധാനം തകർക്കുന്നതിനും വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷവും സംഘർഷവും വളർത്തുന്നതിനും ഇടയാക്കുമെന്ന് ആഭ്യന്തര മന്ത്രിയ്ക്ക് അയച്ച പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
ടി ജി മോഹൻദാസിനെതിരെ ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്ത് സമഗ്രമായ ക്രിമിനൽ അന്വേഷണം നടത്തണമെന്ന് സാമൂഹ്യപ്രവർത്തകർ ആവശ്യപ്പെടുന്നു. പൊതുസമാധാനം തകർക്കുന്നതും കൊലപാതകത്തിനും ലൈംഗിക അതിക്രമത്തിനും പ്രേരണ നൽകുന്നതുമായ പ്രസ്താവനകൾ നടത്തിയിട്ടുണ്ടെങ്കിൽ അദ്ദേഹത്തിനെതിരെ നിയമാനുസൃതമായ കർശന നടപടികൾ സ്വീകരിക്കണമെന്നും സമൂഹത്തിൽ വർഗീയ വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം.
Content Highlights: Complaint filed with Home Minister demanding a case against TG Mohandas for inciting sexual violence and promoting communal hatred.