

കൊല്ലം: ഇത്തവണത്തെ കേന്ദ്ര ബജറ്റിലും കേരളത്തിന് എയിംസ് അനുവദിക്കാത്തതില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെ പ്രതികരണവുമായി കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപി എം പി. ഇത്തവണ കേരളത്തിന് എയിംസ് പ്രഖ്യാപിക്കുമെന്നും അത് ആലപ്പുഴയിലോ തൃശൂരിലോ ആയിരിക്കുമെന്നും ബജറ്റ് പ്രഖ്യാപനത്തിന് മുന്‍പ് സുരേഷ് ഗോപി പറഞ്ഞിരുന്നു. ബജറ്റിന് പിന്നാലെ സുരേഷ് ഗോപിക്കെതിരെ വലിയ ട്രോളുകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
2016ല്‍ എയിംസ് പ്രഖ്യാപിച്ചതാണെന്നും അതിന്റെ ഭാഗമായി കേരളം എന്ത് ചെയ്‌തെന്ന് പറയണമെന്നും സുരേഷ് ഗോപി ആവര്‍ത്തിച്ചു. കേരളം എന്ത് ചെയ്തു എന്ന് മറുപടി നല്‍കണം. കേരള സര്‍ക്കാരിന് എല്ലാം നന്നായി അറിയാം. സ്ഥലം കണ്ടെത്തി നല്‍കണമെന്നും വികസിപ്പിക്കാന്‍ സാധ്യതയുള്ള സ്ഥലമാകണം കണ്ടെത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
4 സ്ഥലങ്ങളെങ്കിലും പ്രൊപ്പോസ് ചെയ്യണമെന്ന് പറഞ്ഞ സുരേഷ് ഗോപി കൊച്ചിയില്‍ ഇനി വികസനം സാധ്യമല്ലെന്നും തിരുവനന്തപുരത്തും സ്ഥലമില്ലെന്നും അഭിപ്രായപ്പെട്ടു. 'ആലപ്പുഴയില്‍ എയിംസ് വരണം എന്നത് 2015 മുതലുള്ള എന്റെ നിലപാടാണ്. 2015 ല്‍ ഞാന്‍ എംപി അല്ല. ആലപ്പുഴ എല്ലാ അര്‍ത്ഥത്തിലും അധഃപതിച്ചു കിടക്കുന്നു. അതുകൊണ്ടാണ് എയിംസ് അന്ന് ആലപ്പുഴയ്ക്ക് നല്‍കണമെന്ന് പറഞ്ഞത്. ആലപ്പുഴ സ്ഥലം തന്നില്ലെങ്കില്‍ തൃശൂരില്‍ സ്ഥലം വാങ്ങി എടുക്കണം. ഞങ്ങള്‍ക്ക് ഇനിയും സമയമുണ്ട്. 2027 ലോ 2028 ലോ എയിംസ് സാധ്യമാകട്ടെ.
സ്ഥലം എടുത്തു തന്നാല്‍ എയിംസ് വരാതിരിക്കാന്‍ ഒരു കാരണവുമില്ല. തങ്ങള്‍ക്ക് ഇത്രയും സ്ഥലം ഉണ്ട് എന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചാല്‍ മതി. കാശ്മീരില്‍ ഒരു രാഷ്ട്രീയ ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലല്ലോ പദ്ധതികള്‍ക്ക്. കശ്മീരില്‍ ഒരു പദ്ധതിയുടെ നിര്‍മ്മാണം തുടങ്ങി,' സുരേഷ് ഗോപി പറഞ്ഞു. താന്‍ ഭാരതത്തിന്റെ പ്രധാനമന്ത്രിയും അല്ല ആരോഗ്യമന്ത്രിയും അല്ല. ജനത്തിന്റെ ആവശ്യം താന്‍ പറഞ്ഞു എന്നതേയുള്ളൂ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര ബജറ്റിന്റെ ശോഭ കെടുത്താന്‍ ചിലര്‍ ശ്രമിക്കുന്നു എന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ദീര്‍ഘദൃഷ്ടിയോടെയുള്ള കേന്ദ്ര ബജറ്റ് സാധാരണ ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. 2047 ല്‍ ഈ രാജ്യത്തിന്റെ സമ്പന്നത ഏതൊക്കെ രീതിയില്‍ വരണമെന്ന് ബജറ്റ് വിഭാവനം ചെയ്യുന്നു എന്നും സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
Content Highlights: Suresh Gopi repeats hi stand in AIMS after criticism over union budget