

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയില്‍ നേതാക്കന്മാര്‍ തമ്മില്‍ പിടിവലിയുണ്ടായ സംഭവത്തില്‍ കോണ്‍ഗ്രസിനെ പരിഹസിച്ച് സിപിഐഎം നേതാവ് എം വി ജയരാജന്‍. യുഡിഎഫ് യാത്ര കുറ്റ്യാടിയില്‍ അടിയുഗ യാത്രയായി മാറിയെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. അവിടെ ഉന്തും തള്ളും തമ്മിലടിയും നടക്കുമ്പോള്‍ ഇവിടെ മറ്റൊരു വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരായ കെ എന്‍ ബാലഗോപാലും എം ബി രാജേഷും സന്തോഷത്തോടെയും തിക്കും തിരക്കുമില്ലാതെയും സ്ത്രീസുരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നുവെന്ന് എം വി ജയരാജന്‍ ചൂണ്ടിക്കാട്ടി.
സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഇന്ന് ഉച്ചക്ക് 12 മണിക്ക് ഒരാള്‍ക്ക് പണം കൈമാറി. ഉദ്ഘാടനം ചെയ്ത ശേഷം 2 മണിയോടെ രജിസ്റ്റര്‍ ചെയ്ത 10,18,042 സ്ത്രീകള്‍ക്കും പണം അക്കൗണ്ട് വഴി ലഭിച്ചു. 2025 ഒക്ടോബര്‍ 29 ന്റെ മന്ത്രിസഭാ വാഗ്ദാനം നടപ്പാക്കി. തമ്മിലടിക്കുന്ന യുഡിഎഫ് അല്ല, വാഗ്ദാനം പാലിക്കുകയും ജനങ്ങളെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന എല്‍ഡിഎഫ് തന്നെയാണ് വീണ്ടും കേരളം ഭരിക്കേണ്ടതെന്നും എം വി ജയരാജന്‍ ഫേസബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
യുഡിഎഫ് യാത്ര കുറ്റ്യാടിയില്‍ അടിയുഗ യാത്രയായി മാറി. ഷാഫിയെ ആദ്യം പ്രസംഗിക്കാന്‍ ക്ഷണിക്കാത്തത് കൊണ്ട് കോഴിക്കോട് ഉഇഇ സെക്രട്ടറിയും സ്വീകരണ പരിപാടിയുടെ അധ്യക്ഷനുമായ തന്റെ സഹപ്രവര്‍ത്തകന്റെ കഴുത്തിന് പിടിച്ച് പുറത്താക്കാന്‍ നോക്കുന്ന ദൃശ്യം മലയാളികള്‍ കണ്ടു. ഒപ്പം തമ്മിലടിയിലും ഉന്തും തള്ളിലും വേദിയില്‍ നിന്നും മുന്‍ കെപിസിസി പ്രസിഡന്റ് വിഴുകയും ചെയ്തു. എന്നാല്‍ മറ്റൊരു വേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരായ കെ എന്‍ ബാലഗോപാലും എം ബി രാജേഷും സന്തോഷത്തോടെയും തിക്കും തിരക്കുമില്ലാതെയും സ്ത്രീസുരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു. ഇന്ന് ഉച്ചക്ക് 12 മണിക്ക് ഒരാള്‍ക്ക് പണം കൈമാറി ഉദ്ഘാടനം ചെയ്ത ശേഷം 2 മണിയോടെ രജിസ്റ്റര്‍ ചെയ്ത 10,18,042 സ്ത്രീകള്‍ക്കും പണം അക്കൗണ്ട് വഴി ലഭിക്കുന്നു. 2025 ഒക്ടോബര്‍ 29 ന്റെ മന്ത്രിസഭാ വാഗ്ദാനം നടപ്പാക്കി. തമ്മിലടിക്കുന്ന യുഡിഎഫിനെ അല്ല വാഗ്ദാനം പാലിക്കുകയും ജനങ്ങളെ ചേര്‍ത്തുപിടിക്കുകയും ചെയ്യുന്ന എല്‍ഡിഎഫ് തന്നെയാണ് വീണ്ടും കേരളം ഭരിക്കേണ്ടത്.
ഇന്ന് വൈകിട്ട് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്ര കോഴിക്കോട് കുറ്റ്യാടിയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ജാഥാ ക്യാപ്റ്റനായ വി ഡി സതീശന് മുന്‍പ് ഷാഫി പറമ്പില്‍ എംപിയെ പ്രസംഗിക്കുന്നതിന് വിളിക്കാത്തതാണ് പ്രശ്നത്തിന് കാരണമായത്. ജാഥാ ക്യാപ്റ്റന് മുന്‍പ് സംസാരിക്കേണ്ടിയിരുന്നത് ഷാഫി പറമ്പില്‍ ആയിരുന്നു. എന്നാല്‍ യോഗത്തിന് അധ്യക്ഷത വഹിച്ച ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍ ഷാഫിക്ക് മുന്‍പ് സതീശനെ ക്ഷണിച്ചു. ഇതിനിടെ വേദിയില്‍ നിന്ന് ഷാഫിയെ പ്രസംഗിക്കാന്‍ വിളിക്കണമെന്ന ആവശ്യം ഉയരുകയായിരുന്നു.
ഇതിന് പിന്നാലെ ഷാഫി പറമ്പിലിനെ വിളിക്കാനായി പ്രമോദ് കക്കട്ടില്‍ മൈക്കിന് അടുത്തേയ്ക്ക് പോയി. ഇതിനിടെ 'വിളിച്ച് കഴിഞ്ഞിട്ടാണോ എന്നെ വിളിക്കുന്നത്' എന്ന് ഷാഫി ചോദിച്ചു. തുടര്‍ന്ന് വേദിയില്‍ പിടിവലിയുണ്ടായി. തൊട്ടുപിന്നാലെ സതീശന്‍ വേദിയില്‍ എത്തുകയും സംസാരിക്കുകയും ചെയ്തു. സതീശന്‍ സംസാരിച്ച ശേഷം പ്രമോദ് കക്കട്ടില്‍ വീണ്ടും ഷാഫിയെ ക്ഷണിക്കാനായി മൈക്കിനടുത്തേയ്ക്ക് വരാനുള്ള ശ്രമം നടത്തി. ഇതിനിടെ പ്രമോദ് കക്കട്ടിലിനെ ഷാഫി പറമ്പില്‍ തടഞ്ഞു. ഏറെ പരിശ്രമിച്ച് മൈക്കിന് അടുത്തേയ്ക്ക് വന്ന പ്രമോദ് കക്കട്ടില്‍ 'ഇനി പ്രിയപ്പെട്ട ഷാഫി പറമ്പില്‍ എംപി സംസാരിക്കും' എന്ന് പറഞ്ഞു.
പിന്നാലെ സംസാരിക്കാനായി ഷാഫി പറമ്പില്‍ മൈക്കിന് അടുത്തേയ്ക്ക് വന്നു. പ്രസംഗിക്കുന്നില്ലെന്ന് പറഞ്ഞ ഷാഫി, ഒറ്റ വാക്കില്‍ പറഞ്ഞ് അവസാനിപ്പിക്കാം എന്നും പറഞ്ഞു. 'പ്രതിപക്ഷ നേതാവിനോടാണ്, നൂറില്‍ കൂടുതല്‍ എണ്ണുമ്പോള്‍ കുറ്റ്യാടി കൂടി എണ്ണിക്കോളൂ' എന്ന് മാത്രമാണ് ഷാഫി പറമ്പില്‍ പറഞ്ഞത്. പിന്നാലെ അവിടെ നിന്ന് മാറുകയും ചെയ്തു. വേദിയില്‍ പിടിവലി നടക്കുമ്പോള്‍ ഇടപെടാതെ മാറിനില്‍ക്കുന്ന വി ഡി സതീശനെയും കാണാമായിരുന്നു. അതേസമയം സയമക്കുറവ് കാരണമാണ് മറ്റ് നേതാക്കള്‍ സംസാരിക്കുന്നത് ഒഴിവാക്കിയതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. വേദിയില്‍ പരക്കെ ആളുകള്‍ കയറിയത് സ്ഥിതി വഷളാക്കിയെന്നും കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നു.
Content Highlights- MV Jayarajan publicly mocked the Congress party in a statement, attracting political attention in Kerala