ആഗോള അയ്യപ്പ സംഗമം: വരവ് ചെലവ് കണക്കുകളില്‍ വന്‍ പൊരുത്തക്കേട്; ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണം: ഹൈക്കോടതി

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കിയത് ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെയാണെന്ന് ഹൈക്കോടതി

ആഗോള അയ്യപ്പ സംഗമം: വരവ് ചെലവ് കണക്കുകളില്‍ വന്‍ പൊരുത്തക്കേട്; ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണം: ഹൈക്കോടതി
dot image

കൊച്ചി: ശബരിമല ആഗോള അയ്യപ്പ സംഗമത്തിന്റെ വരവ് ചെലവ് കണക്കുകളില്‍ വന്‍ പൊരുത്തക്കേടെന്ന് ഹൈക്കോടതി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കരാര്‍ നല്‍കിയത് ടെന്‍ഡര്‍ നടപടികള്‍ പാലിക്കാതെയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.

ബില്ലും സാധനങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ട്. പരിപാടിക്ക് എത്തിയവര്‍ക്ക് പ്രസാദം നല്‍കിയതിന് കണക്കില്ല. 150 കിടക്കകള്‍ വാങ്ങിയതില്‍ 50 എണ്ണം കാണാനില്ലെന്നും ഹൈക്കോടി വിലയിരുത്തി.ദേവസ്വം ബോര്‍ഡില്‍ നിന്ന് എടുത്ത രണ്ട് കോടി രൂപ തിരിച്ചടച്ചില്ല. ക്രമക്കേടുകള്‍ പ്രഥമദൃഷ്ട്യാ ഗുരുതരമായ സാമ്പത്തിക അച്ചടക്കമില്ലായ്മയാണ്. ദേവസ്വം ബോര്‍ഡ് വിശദീകരണം നല്‍കണമെന്നും ഹൈക്കോടതി പറഞ്ഞു.

ആഗോള അയ്യപ്പ സംഗമം നടത്തിയ വകയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കോടികളുടെ നഷ്ടമെന്ന സൂചന നല്‍കുന്ന ഓഡിറ്റ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. 3.40 കോടി രൂപയുടെ നഷ്ടമെന്നായിരുന്നു സൂചന. ആഗോള അയ്യപ്പ സംഗമം നടത്തിപ്പിന് ദേവസ്വം ബോര്‍ഡ് അഡ്വാന്‍സായി മൂന്ന് കോടി രൂപയാണ് നല്‍കിയത്. ഇത് സ്‌പോണ്‍സര്‍ഷിപ്പിലൂടെ തിരികെപ്പിടിക്കാം എന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ ധാരണ. എന്നാല്‍ ഈ തുക തിരികെ ലഭിച്ചില്ല. ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിന് ബോര്‍ഡിന്റെയോ സര്‍ക്കാരിന്റെയോ ഫണ്ട് ഉപയോഗിക്കാന്‍ പാടില്ല എന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. സ്‌പോണ്‍സര്‍ഷിപ്പിലൂടെ പണം കണ്ടെത്തുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇങ്ങനെയിരിക്കെയാണ് ദേവസ്വം ബോര്‍ഡിന് ചെലവാക്കിയ പണം തിരികെ ലഭിക്കാതെ വന്നത്.

അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്‌ഐടി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അയ്യപ്പ സംഗമത്തെക്കുറിച്ചും പരാമര്‍ശമുണ്ട്. അയ്യപ്പ സംഗമം തീരുമാനിച്ച വിവരം മിനുട്‌സില്‍ ഇല്ലായിരുന്നു എന്നാണ് എസ്‌ഐടി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫണ്ട് വിനിയോഗത്തില്‍ അവ്യക്തതകള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20നാണ് ആഗോള അയ്യപ്പ സംഗമം നടന്നത്. ശബരിമലയുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടത്തിയ സംഗമം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ആഗോള അയ്യപ്പ സംഗമത്തെ യുഡിഎഫും ബിജെപിയും ശക്തമായി എതിര്‍ത്തിരുന്നു. രാഷ്ട്രീയ നേട്ടം മാത്രമാണ് അയ്യപ്പ സംഗമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് യുഡിഎഫും ബിജെപിയും ആരോപിച്ചിരുന്നു. യുവതി പ്രവേശവുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെ ചുമത്തിയ കേസുകള്‍ പിന്‍വലിക്കാതെ സഹകരണമില്ലെന്നായിരുന്നു യുഡിഎഫ് പറഞ്ഞത്.

Content Highlights- The Kerala High Court has asked the Devaswom Board to explain major discrepancies in the revenue and expenditure records of the Global Ayyappa Sangamam event

dot image
To advertise here,contact us
dot image