

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ കൊള്ളയടിക്കപ്പെട്ട സ്വർണം തിരിച്ചുകിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നിഗമനം. തൊണ്ടിമുതൽ ലഭിക്കാതെ തന്നെ എസ്‌ഐടി കേസിൽ കുറ്റപത്രം സമർപ്പിച്ചേക്കും. തൊണ്ടിമുതലിനായി കാത്തിരുന്നാൽ തിരിച്ചടിയാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. തുടരന്വേഷണത്തിന് ശുപാർശ ചെയ്യുന്നതാകും കുറ്റപത്രം.
എത്ര സ്വർണം നഷ്ടപ്പെട്ടു എന്നറിഞ്ഞാൽ മാത്രമേ വീണ്ടെടുക്കേണ്ട സ്വർണം എത്രയെന്നതിൽ അന്വേഷണ സംഘത്തിന് വ്യക്തതവരികയുള്ളൂ. ദ്വാരപാലക പാളികളിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നും ഏകദേശം ഒന്നര കിലോയോളം സ്വർണമാണ് നഷ്ടപ്പെട്ടത് എന്ന നിഗമനത്തിലായിരുന്നു എസ്ഐടി. എന്നാൽ എത്ര സ്വർണമാണ് നഷ്ടപ്പെട്ടത് എന്ന് എസ്ഐടിക്ക് ശാസ്ത്രീയമായി കണ്ടെത്താൻ സാധിച്ചിട്ടില്ല. നഷ്ടപ്പെട്ട സ്വർണത്തിന് പകരമായി പ്രതികൾ സ്വർണം നൽകി എന്ന് എസ്ഐടി പിന്നീട് കണ്ടെത്തിയിരുന്നു. എന്നാൽ ഇത് ശബരിമലയിൽ നിന്ന് കൊള്ളയടിക്കപ്പെട്ട സ്വർണമല്ല എന്നതാണ് പ്രശ്നം. തൊണ്ടിമുതൽ എവിടെയെന്നതിൽ പ്രതികളാരും കൃത്യമായ സൂചന നൽകുന്നില്ല. അതിനാൽ ഇനിയും കാത്തിരിക്കേണ്ടതില്ല എന്നും തൊണ്ടിമുതൽ ഇല്ലാതെത്തന്നെ കുറ്റപത്രം സമർപ്പിക്കാം എന്ന നിഗമനത്തിലുമാണ് എസ്ഐടി.
അതേസമയം, കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാൻ നടന്‍ ജയറാമിന് ഇ ഡി നോട്ടീസ് നൽകിയിട്ടുണ്ട്. അടുത്ത ചൊവ്വാഴ്ച്ച കൊച്ചിയിലെ ഇ ഡി ഓഫീസില്‍ ചോദ്യംചെയ്യലിന് ഹാജരാകാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സ്വര്‍ണക്കൊളള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുളള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുകയാണ് ഇ ഡിയുടെ ലക്ഷ്യം.
ശബരിമലയില്‍ നിന്ന് കൊണ്ടുപോയ കട്ടിളപ്പാളികള്‍ ജയറാമിന്റെ ചെന്നൈയിലെ വീട്ടില്‍ എത്തിച്ചതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അതിന്റെ മറവില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാനാണ് ഇ ഡി നോട്ടീസയച്ചിരിക്കുന്നത്. നേരത്തെ എസ്‌ഐടി ജയറാമിന്റെ മൊഴിയെടുത്തിരുന്നു.
തുടർന്ന് ജയറാമിന് പ്രത്യേക അന്വേഷണസംഘം ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. നടന് സ്വര്‍ണക്കൊള്ളയുമായി ബന്ധമില്ലെന്നും പ്രതികളുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും ഇനി ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു എസ്‌ഐടി നിലപാട്. സ്വര്‍ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ജയറാമിനെ തെറ്റിദ്ധരിപ്പിച്ച് ചടങ്ങുകളില്‍ പങ്കെടുപ്പിച്ചുവെന്നാണ് എസ്‌ഐടി കണ്ടെത്തല്‍. ജയറാമിന്റെ മൊഴിയില്‍ തീയതികള്‍ മാറിയതില്‍ ദുരൂഹതയില്ലെന്നും എസ്‌ഐടി നിഗമനം. ജയറാം കുറ്റപത്രത്തില്‍ പ്രധാന സാക്ഷികളില്‍ ഒരാളാകും.
Content Highlights: The Special Investigation Team (SIT) probing the Sabarimala gold robbery case has concluded that the stolen gold is unlikely to be recovered. Based on the findings, the SIT is expected to file the charge sheet in the case even without retrieving the stolen valuables