

മലപ്പുറം: ജമാഅത്തെ ഇസ്ലാമി വിഷയത്തിൽ എൽഡിഎഫ് അധരവ്യായാമം നടത്തുകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. എൽഡിഎഫ് മെനക്കെട്ടിട്ട് കാര്യമില്ലെന്നും ഇടതുപക്ഷത്തിൻ്റെ ഈ പ്രചാരണം ജനങ്ങൾ മുഖവിലക്ക് എടുക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 'എൽഡിഎഫിനു വേണ്ടി പ്രചാരണം നടത്താൻ ഒന്ന് രണ്ട് ചാനലുകളുണ്ടെന്നും അതിനേക്കൊണ്ടൊന്നും കാര്യമില്ലെന്നും' കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. സമുദായ ഐക്യവും സമുദായങ്ങൾ തമ്മിലുള്ള ഐക്യവുമാണ് അനിവാര്യമെന്നും അദേഹം ചൂണ്ടിക്കാട്ടി.
മലപ്പുറം വിഭജനവുമായി ബന്ധപ്പെട്ട വിഷയം ലീഗ് ചർച്ച ചെയ്ത് നിലപാട് വ്യക്തമാക്കുമെന്നും മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി അറിയിച്ചു.ജമാഅത്തെ ഇസ്‌ലാമിയെ കുറിച്ചുള്ള സമസ്ത പ്രമേയത്തിൽ ലീഗ് അഭിപ്രായം പറയണമെന്നും മുതിർന്ന നേതാവായ പി കെ കുഞ്ഞാലിക്കുട്ടി അഴകുഴമ്പൻ നിലപാടാണ് സ്വീകരിക്കുന്നതെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിമർശിച്ചിരുന്നു. പിന്നാലെയാണ് പ്രതികരണം.
ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സമസ്ത സമ്മേളനത്തിൽ പ്രമേയം പാസാക്കിയിരുന്നു. രാഷ്ട്രീയ ഇസ്‌ലാം എന്നത് അപകടകരമായ ആശയമാണ്, മൗദൂദി ചിന്ത യുവാക്കളെ വഴിതെറ്റിക്കുന്നു, പാൻ ഇസ്‌ലാമിക് തീവ്ര ചിന്തയ്ക്കെതിരെ ജാഗ്രതവേണം, ഇത്തരം വിഘടന ചിന്തകളെ പ്രതിരോധിക്കണം എന്നിങ്ങനെ കടുത്ത വിമർശനങ്ങളായിരുന്നു സമസ്തയുടെ പ്രമേയത്തിലുണ്ടായിരുന്നത്. ഇതിലാണ് ഗോവിന്ദന്റെ പ്രതികരണം.
Content Highlights: Muslim League National General Secretary P.K. Kunhalikutty says that the LDF is paying lip service to the Jamaat-e-Islami issue