

തിരുവനന്തപുരം: തിരുവല്ല സ്പായിലെ ഗുണ്ടാ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം നഗരത്തിലെ സ്പാകളിൽ പരിശോധന കർശനമാക്കുമെന്ന് മേയർ വി വി രാജേഷ്. കോർപ്പറേഷനും പൊലീസും സംയുക്തമായിട്ടാകും പരിശോധന നടത്തുകയെന്നും സ്പാകളുടെ മറവിൽ അനാശ്യാസ പ്രവർത്തനം നടത്താൻ അനുവദിക്കില്ലെന്നും മേയർ പറഞ്ഞു. തിരുവല്ലയിൽ നടന്ന സംഭവം കേരള മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും മേയർ അഭിപ്രായപ്പെട്ടു.
സ്പാ സെന്ററുകളിൽ ക്രോസ് മസാജിങ് നടക്കുന്നുണ്ടെന്നും അംഗീകൃത ഡോക്ടർമാരുടെയും മറ്റും സാന്നിധ്യമില്ലാതെയാണ് ചിലയിടത്ത് സ്പാകളുടെ പ്രവർത്തനമെന്നും മേയർ പറഞ്ഞു. ഇത്തരം ലൈസൻസിന്റെ മറവിൽ അനാശ്യസപ്രവർത്തനം നടത്താൻ അനുവദിക്കില്ല. അങ്ങനെ കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കും. ശക്തമായ നടപടി സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കി.
തിരുവനന്തപുരത്ത് ഒരു കുട്ടിയെ സ്പായിൽ അഭിമുഖത്തിന് വിളിച്ച ശേഷം കയ്യേറ്റം ചെയ്തുവെന്ന പരാതി ലഭിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ അനുവദിക്കില്ല. ചില പൊലീസുകാരും ഇത്തരം കാര്യങ്ങൾക്ക് കൂട്ടുനിൽക്കുന്നുണ്ട്. സ്പാ സെന്ററുകളുടെ വിവരങ്ങൾ ശേഖരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ലൈസൻസ് നൽകിയത് മാനദണ്ഡങ്ങൾ പാലിച്ചാണോ എന്നും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നത് ഏതൊക്കെയാണെന്നും കണ്ടെത്തും. ഏത് തരത്തിലാകും പരിശോധന എന്നത് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മേയർ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി നേതാക്കൾ സ്വീകരണത്തിനായി നാളെ രാവിലെ ഡൽഹിയിലേക്ക് തിരിക്കുമെന്നും വി വി രാജേഷ് പറഞ്ഞു. പ്രധാനമന്ത്രിയുടെ വസതി, കേന്ദ്രമന്ത്രി ജോർജ് കുര്യന്റെ വസതി എന്നിവിടങ്ങളാകും ഇവർ സന്ദർശിക്കുക. ചില കേന്ദ്ര മന്ത്രിമാരുമായി സംസാരിക്കാൻ അനുമതി തേടിയിട്ടുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു.
അതേസമയം, തിരുവല്ലയിലെ സ്പായിൽ ജീവനക്കാരിയെ കഴുത്തിൽ കത്തിവെച്ച് കാപ്പ കേസ് പ്രതി ബലാത്സംഗം ചെയ്ത സംഭവത്തിൽ സഹപ്രവർത്തകയിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പൊലീസ്. സംഭവം നടക്കുന്ന സമയത്ത് ഒരു സഹപ്രവർത്തക സ്പായിലുണ്ടായിരുന്നു. തന്നെ ക്രൂരമായി പീഡിപ്പിക്കുമ്പോഴും മർദിക്കുമ്പോഴും സഹപ്രവർത്തക ഇടപെട്ടില്ലെന്നും അവർ ഗുണ്ടാസംഘത്തിലെ ചിലരോട് സൗഹൃദപരമായാണ് പെരുമാറിയതെന്നും അതിജീവിത പറഞ്ഞിരുന്നു.സഹപ്രവർത്തകയുടെ ഒരു ആൺസുഹൃത്ത് ഉണ്ടെന്നും ഇയാൾ ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിലെ അംഗമാണെന്നും അതിജീവിത മൊഴി നൽകിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സഹപ്രവർത്തകയെ ചോദ്യം ചെയ്യാനുള്ള നീക്കം.
പ്രതികളുടെ സുഹൃത്തുക്കളെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നെങ്കിലും ഇവരിൽനിന്ന് വ്യക്തമായ വിവരം ലഭിച്ചില്ലെന്നാണ് വിവരം. ആറംഗ അക്രമിസംഘത്തിലെ രണ്ട് പേർ മാത്രമാണ് നിലവിൽ പിടിയിലായിട്ടുള്ളത്. മറ്റ് പ്രതികളുടെ ഫോൺ സ്വിച്ച് ഓഫാണ്.
Content Highlights: Mayor V V Rajesh announces stricter inspections in Thiruvananthapuram spas after the gang attack at a Thiruvalla spa, aiming to improve safety and regulation.