

തൃശ്ശൂര്‍: കേന്ദ്ര ബജറ്റില്‍ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഭാവി ലക്ഷ്യം വെച്ചുള്ള മികച്ച ബജറ്റാണ് പ്രഖ്യാപിച്ചതെന്നും ബജറ്റ് പുറത്തുവരുന്നതിന് മുമ്പ് തന്നെ അതിനെ എതിര്‍ക്കുന്ന സ്‌ക്രിപ്റ്റ് റെഡിയാക്കി വെച്ചിരിക്കുന്ന ഇന്ത്യന്‍ രാഷ്ട്രീയ സംവിധാനത്തില്‍ ജനങ്ങള്‍ കബളിപ്പിക്കപ്പെട്ടുപോകരുതെന്ന അഭ്യര്‍ത്ഥന മാത്രമാണുള്ളതെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
2070 വരെയുള്ള രാജ്യത്തിന്റെ രൂപകല്‍പ്പനയാണ് ഈ ബജറ്റെന്നും ഭാവികാലത്തേക്കുള്ള ദിശാബോധമുള്ള ബജറ്റ് ആണിതെന്നും സുരേഷ് ഗോപി പറഞ്ഞു. ബജറ്റിനെ വിമര്‍ശിച്ച് ഭരണം പിടിക്കാന്‍ കഴിയുമോയെന്നാണ് പലരും ശ്രമിക്കുന്നത്. ഇത് വോട്ടിലൂടെ കേരളസമൂഹം മറുപടി പറയുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കേരളത്തില്‍ എയിംസ് വരുമെന്ന് ആവര്‍ത്തിച്ചയാളായിരുന്നു കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എന്നാല്‍ എയിംസ് പ്രഖ്യാപിച്ചില്ലെന്ന് മാത്രമല്ല, കേരളത്തിന് സമ്പൂര്‍ണനിരാശ സമ്മാനിക്കുന്നതായിരുന്നു ബജറ്റ്. അതിവേഗ റെയില്‍പാത പ്രഖ്യാപനവും കേരളത്തിനായി പ്രഖ്യാപിച്ചിരുന്നില്ല. അയല്‍സംസ്ഥാനമായ തമിഴ്‌നാടിന് രണ്ട് അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചപ്പോഴാണ് സജീവ ചര്‍ച്ച ഉയര്‍ന്നുവന്ന കേരളത്തെ തഴഞ്ഞത്. അപൂര്‍വ്വ ധാതുക്കള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട കോറിഡോറില്‍ ഉള്‍പ്പെടുത്തി എന്നതാണ് കേരളത്തെ സംബന്ധിച്ചുണ്ടായ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം.
കേരളം-തമിഴ്നാട്-ഒഡീഷ-ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന അപൂര്‍വ്വ ധാതുക്കളുടെ കോറിഡോറാണ് പ്രഖ്യാപിച്ചത്. ധാതുഖനനം, ഗവേഷണം, ഉത്പാദനം എന്നിവ ലക്ഷ്യമിട്ടാണ് ഇടനാഴി പ്രഖ്യാപിച്ചിരിക്കുന്നത്. ധാതുസമ്പന്നമായ സംസ്ഥാനങ്ങള്‍ക്ക് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ കടലാമ പരിചരണത്തിന് കേരളത്തിലും കര്‍ണ്ണാടത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ടായിരുന്നു.
Content Highlights: union Budget is the country's design upto 2070 said suresh gopi