ചുരിദാർ ധരിച്ചതിൻ്റെ പേരിൽ തടഞ്ഞ സംഭവം: സ്‌കൂൾ മാനേജർക്കെതിരെ കേസെടുക്കാത്തതിന് പിന്നിൽ ദുരൂഹത: പ്രധാനാധ്യാപിക

സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസെടുക്കാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് പ്രധാന അധ്യാപികയുടെ ആരോപണം

ചുരിദാർ ധരിച്ചതിൻ്റെ പേരിൽ തടഞ്ഞ സംഭവം: സ്‌കൂൾ മാനേജർക്കെതിരെ കേസെടുക്കാത്തതിന് പിന്നിൽ ദുരൂഹത: പ്രധാനാധ്യാപിക
dot image

കൊല്ലം: കൊട്ടാരക്കര സ്‌കൂളിലെ ചുരിദാര്‍ വിവാദത്തില്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പ്രധാനാധ്യാപിക സിന്ധു എസ് നായര്‍. സ്‌കൂള്‍ മാനേജര്‍ക്കെതിരെ കേസെടുക്കാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും താല്‍കാലിക ജീവനക്കാര്‍ക്കെതിരെ മാത്രം കേസെടുത്തത് കേസ് ഒതുക്കി തീര്‍ക്കാനാണെന്നും സിന്ധു എസ് നായര്‍ ആരോപിച്ചു. ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. താല്‍കാലിക ജീവനക്കാരനെ പുറത്താക്കി ഒരു പുകമറ സൃഷ്ടിക്കുകയാണെന്നും സിന്ധു റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

താനൊരു സാധാരണക്കാരിയായതിനാല്‍ സ്‌കൂളില്‍ തുടര്‍ന്ന് ജോലി ചെയ്യാന്‍ പേടിയുണ്ട്. സുരക്ഷയില്ലായ്മ തോന്നുന്നുണ്ട്. ജോലി ചെയ്യാനാണ് സ്‌കൂളിലെത്തിയത്. അപ്പോള്‍ തന്നെ തടഞ്ഞത് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന്റെ ലംഘനമാണ്. ഈ വകുപ്പ് കൂടി കേസിൽ ഉൾപ്പെടുത്തണം. സംഭവത്തില്‍ പോരാട്ടം തുടരുമെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

അതേസമയം സംഭവത്തില്‍ ഡിഇഒ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നു. സംഭവത്തിൽ സ്‌കൂള്‍ മാനേജരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ച്ചയുണ്ടായതായി കണ്ടെത്തി. കെഇആര്‍ ചട്ടങ്ങളുടെ ലംഘനമാണ് നടന്നതെന്നും വസ്ത്രധാരണത്തിന്റെ പേരില്‍ പ്രധാനാധ്യാപികയെ മാറ്റി നിര്‍ത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിഇഒ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്നലെ കൊല്ലം ഡിഡിഇക്ക് കൈമാറിയിരുന്നു. സംഭവത്തില്‍ വിശദീകരണം ചോദിച്ച് ഡിഡിഇ സ്‌കൂള്‍ മാനേജര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തിനകം വിശദമായ മറുപടി നല്‍കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ വനിതാ ശിശുക്ഷേമ വകുപ്പും ഇടപെട്ടിട്ടുണ്ട്. അധ്യാപികയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

സ്‌കൂളിലെ പ്രധാനാധ്യാപികയായ സിന്ധു എസ് നായരെ അന്യായമായി തടഞ്ഞു വെച്ചതിനാണ് പൊലീസ് കേസ് എടുത്തത്. പരാതിക്കാരിയെ അകത്തേക്ക് പ്രവേശിക്കാന്‍ കഴിയാത്ത വിധം സ്‌കൂള്‍ കോമ്പൗണ്ടിന്റെ ഗേറ്റിന് സമീപം അന്യായമായി തടഞ്ഞുവെച്ചുവെന്നും ഇത് സ്‌കൂള്‍ കുട്ടികളുടെയും അധ്യാപകരുടെയും മുന്നില്‍ പരാതിക്കാരിയുടെ അന്തസ്സിന് ഹാനി വരുത്തിയതായും എഫ്‌ഐആറില്‍ പറയുന്നുണ്ട്. എന്നാല്‍ പൊലീസ് നടപടിയില്‍ തൃപ്തയല്ലെന്നാണ് പ്രധാന അധ്യാപിക വ്യക്തമാക്കുന്നത്.

ഫെബ്രുവരി നാലിന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ചുരിദാര്‍ ധരിച്ചെത്തിയ പ്രധാനാധ്യാപികയായ സ്‌കൂളില്‍ പ്രവേശിപ്പിക്കാതെ സെക്യൂരിറ്റി ജീവനക്കാരന്‍ തടയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇടപെട്ട് അധ്യാപികയെ സ്‌കൂളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ മാനേജര്‍ കെ സുരേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് അധ്യാപികയെ തടഞ്ഞതെന്നായിരുന്നു ആരോപണം. എന്നാല്‍ അധ്യാപികയെ തടഞ്ഞിട്ടില്ലെന്നായിരുന്നു സ്‌കൂള്‍ മാനേജരുടെ വിശദീകരണം. വിദ്യാഭ്യാസ വകുപ്പിന്റെ നിയമം അനുസരിച്ച് അധ്യാപികമാര്‍ ചുരിദാര്‍ ധരിക്കുന്നതിന് വിലക്കില്ല. ഈ സാഹചര്യം നിലനില്‍ക്കെയാണ് അധ്യാപികയെ തടഞ്ഞത്. പിന്നാലെ സ്‌കൂള്‍ ഗേറ്റിന് മുന്നില്‍ ഇവര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

Content Highlight; Headmistress Sindhu S Nair has made serious allegations against the police in the Kottarakkara school churidar controversy. Sindhu S Nair alleged that there is a mystery behind not filing a case against the school manager and that a case was filed only against temporary employees to cover up the case.

dot image
To advertise here,contact us
dot image