

തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബിന് മുന്നിലെ അപകടവുമായി ബന്ധപ്പെട്ട് സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ക്ലബ്ബിന്റെ പാർക്കിങ്ങിൽ നിന്ന് മണിയൻപിള്ള രാജു വാഹനം പുറത്തേക്ക് ഇറക്കുന്നതിനിടെ അമിതവേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. കാറിന്റെ മുൻഭാഗത്ത് ബൈക്ക് വന്ന് ഇടിക്കുന്നതും യുവാക്കൾ റോഡിലേക്ക് തെറിച്ചു വീഴുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. ഇൻഡികേറ്റർ ഇട്ട് പതിയെ ആണ് പ്രധാന റേഡിലേക്ക് മണിയൻപിള്ള രാജു വാഹനം എടുക്കുന്നത്. എന്നാൽ ബൈക്ക് വന്ന് ഇടിച്ചതിന് ശേഷം അദ്ദേഹം വാഹനം നിർത്താതെ എടുത്തുപോകുകയായിരുന്നു. ബൈക്ക് തന്റെ വാഹനത്തിൽ വന്ന് ഇടിക്കുകയായിരുന്നു എന്ന മണിയൻപിള്ള രാജുവിന്‍റെ വാദം ശരിവെക്കുന്നതാണ് ദൃശ്യങ്ങൾ.
സംഭവത്തിൽ മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ മ്യൂസിയം പൊലീസ്, വൈദ്യപരിശോധനയ്ക്ക് ശേഷം അദ്ദേഹത്തെ ജാമ്യത്തിൽ വിട്ടു. അപകടത്തിൽപ്പെട്ട വാഹനവും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബൈക്ക് തന്റെ വാഹനത്തിൽ വന്നിടിക്കുകയായിരുന്നുവെന്നും ഭയപ്പെട്ടതുകൊണ്ടാണ് നിർത്താതെ പോയതെന്നും മണിയൻപിളള രാജു പറഞ്ഞു. അപകടം നടന്നയുടൻ തന്നെ ആംബുലൻസ് എത്തിക്കാൻ സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞിരുന്നു.
ഇന്നലെ രാത്രിയാണ് തിരുവനന്തപുരം ട്രിവാർഡ്രം ക്ലബിന് സമീപം വാഹനാപകടമുണ്ടായത്. ശ്രീകണ്ഠേശ്വരം സ്വദേശികളായ നിദേവ്, സൂരജ് എന്നിവർക്ക് പരിക്കേറ്റിരുന്നു. സൂരജിനെ എസ്പി ഫോർട്ട് ആശുപത്രിയിലും നിദേവിനെ കിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സൂരജിന് തുടയെല്ലിന് പൊട്ടലും നിവേദിന് കാലിന് ഒടിവുമുണ്ടായി. അപകടത്തിൽപ്പെട്ട ബൈക്ക് ഫയർഫോഴ്സ് എത്തി റോഡരികിലേക്ക് മാറ്റി. അതേസമയം ട്രിവാൻഡ്രം ക്ലബ്ബിൽനിന്ന് ഇറങ്ങിവരികയായിരുന്ന കാറിന്റെ ഹെഡ്‌ലൈറ്റ് കണ്ടിരുന്നുവെന്നും എന്നാൽ തങ്ങൾ ഹോൺ അടിച്ചിരുന്നെങ്കിലും അടുത്തെത്താൻ ആയപ്പോൾ കാർ ഇടിക്കുകയായിരുന്നുവെന്നും പരിക്കേറ്റ യുവാവ് പറഞ്ഞു.
Content Highlights: Actor Maniyanpilla Raju involved Accident in front of Trivandrum club, Accident's CCTV visuals are out now