'കേരളത്തിന്റെ ആവശ്യങ്ങൾക്ക് വർഷങ്ങളായി ഒരു പരിഗണനയും നൽകുന്നില്ല'; കേന്ദ്ര ബജറ്റിനെതിരെ നിയമസഭയിൽ പ്രമേയം

കേന്ദ്ര ബജറ്റിൽ സംസ്ഥാനം നേരിട്ട അവഗണ തുറന്നുകാട്ടി നിയമസഭയിൽ പ്രമേയം പാസാക്കി

'കേരളത്തിന്റെ ആവശ്യങ്ങൾക്ക് വർഷങ്ങളായി ഒരു പരിഗണനയും നൽകുന്നില്ല'; കേന്ദ്ര ബജറ്റിനെതിരെ നിയമസഭയിൽ പ്രമേയം
dot image

തിരുവനന്തപുരം: കേന്ദ്രത്തിന്റെ അവഗണന കേരളത്തെയാകെ നിരാശപ്പെടുത്തുന്നതാണെന്നും വർഷങ്ങളായി കേരളത്തിന്റെ ആവശ്യങ്ങൾക്ക് കേന്ദ്ര സർക്കാർ ഒരു പരിഗണനയും നൽകുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര ബജറ്റിൽ സംസ്ഥാനം നേരിട്ട അവഗണ തുറന്നുകാട്ടി നിയമസഭയിൽ പ്രമേയം പാസാക്കി.

രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളുടെയും സമതുലിതമായ വികസനം ഉണ്ടാവുമ്പോൾ മാത്രമേ രാജ്യത്തിന്റെ പൊതുവികസനം സാധ്യമാവൂ. ഒരു ഭാഗത്തിന്റെ തകർച്ച പൊതു തളർച്ചയ്ക്കാവും വഴിവെക്കുക. ഇതുകൊണ്ടാണ് പ്രദേശഭേദങ്ങൾക്കതീതമായ സമീപനം ഭരണഘടന തന്നെ വ്യവസ്ഥ ചെയ്തത്. എന്നാൽ യൂണിയൻ സർക്കാരിന്റെ വാർഷിക പൊതു ബജറ്റ് മുൻ വർഷങ്ങളിലേതിനേക്കാൾ കൂടുതലായി ഈ വ്യവസ്ഥയെ അട്ടിമറിക്കുന്നുവെന്ന് പ്രമേയത്തിൽ പറയുന്നു.

എയിംസ് വേണമെന്നത് രണ്ട് ദശാബ്ദക്കാലത്തിലേറെയായി കേരളം ഉന്നയിക്കുന്ന ആവശ്യമാണ്. സംസ്ഥാന സർക്കാർ ആവശ്യമായ ഭൂമി കണ്ടെത്തുകയും ഏറ്റെടുക്കാൻ ആവശ്യമായ നടപടികൾ മിക്കവാറുമൊക്കെ പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല. കേരളത്തിന് അടിയന്തരമായി എയിംസ് അനുവദിക്കണം. കേരളത്തിന്റെ റെയിൽവേ ശൃംഖല ഇപ്പോഴും വേഗം കുറഞ്ഞ അവസ്ഥയിലാണ് തുടരുന്നത്.

573 കിലോമീറ്റർ ദൂരമുള്ള തിരുവനന്തപുരം - കാസർകോട് മേഖലയിൽ യാത്ര പൂർത്തീകരിക്കാൻ 13 മണിക്കൂറോളം വേണ്ടിവരും. ഇത് ഗണ്യമായി കുറച്ചുകൊണ്ടുവന്നാൽ കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്ക് വലിയ ഉത്തേജനം നൽകുമെന്ന കാര്യത്തിൽ സംശയമില്ല. സാങ്കേതിക മാതൃക ഏതുതന്നെയായാലും കേരളത്തിന് ഒരു അതിവേഗ റെയിൽപാത അനിവാര്യമാണ്. ഇതിനായി സംസ്ഥാന സർക്കാർ പലവട്ടം കേന്ദ്രസർക്കാരിനെ സമീപിച്ചിട്ടുള്ളതാണ്. എന്നാൽ കേന്ദ്ര ബജറ്റിൽ ഇക്കാര്യത്തിലും കേരളത്തിന് അവഗണനയാണ്.


പല സംസ്ഥാനങ്ങൾക്കും വി ജി എഫ് ഗ്രാന്റായി അനുവദിച്ച യൂണിയൻ സർക്കാർ വിഴിഞ്ഞം തുറമുഖത്തിന് വി ജി എഫ് അനുവദിക്കുന്നതിൽ തികച്ചും വിവേചനപരമായ സമീപനമാണ് സ്വീകരിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെ ചുരുക്കുകയും കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് നൽകുന്നതിനുള്ള കേന്ദ്രവിഹിതം തടഞ്ഞുവെയ്ക്കുകയും ഭൗതിക പശ്ചാത്തല സൗകര്യ വികസനത്തിന്റെ കാര്യത്തിൽ ഒരു പരിഗണനയും കേരളത്തിന് നൽകാതിരിക്കുകയും ചെയ്യുന്ന കേന്ദ്രസർക്കാരിന്റെ അവഗണനയിലും വിവേചനത്തിലും കേരള ജനതയ്ക്കുള്ള ശക്തമായ പ്രതിഷേധം സഭ അറിയിക്കുകയാണെന്നും പ്രമേയത്തിൽ പറഞ്ഞു.

സംസ്ഥാനത്തോടുള്ള കേന്ദ്രസമീപനം അടിയന്തിരമായി തിരുത്തുകയും കേരളത്തിന്റെയും ഇന്ത്യയുടെയാകെയും വികസനത്തിന് അനിവാര്യമായ ആവശ്യങ്ങളാണ് കേരളം ഉന്നയിക്കുന്നത്. ഇത് മനസിലാക്കി കേരളത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

Content Highlights: The Kerala Assembly unanimously passed a resolution urging the Union Government to stop its alleged neglect of the state

dot image
To advertise here,contact us
dot image