ശിവൻകുട്ടി സോണിയയുടെ പേര് പറയുന്നത് പേരെടുക്കാൻ, അത് കയ്യിൽ വെച്ചാൽ മതി: രമേശ് ചെന്നിത്തല

സ്വർണകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം പ്രഹസനമായി മാറുകയാണെന്ന് രമേശ് ചെന്നിത്തല

ശിവൻകുട്ടി സോണിയയുടെ പേര് പറയുന്നത് പേരെടുക്കാൻ, അത് കയ്യിൽ വെച്ചാൽ മതി: രമേശ് ചെന്നിത്തല
dot image

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം മരവിച്ചെന്നും പ്രഹസനമായി മാറുകയാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതികൾ ഓരോന്നായി പുറത്തുവരികയാണ്. പ്രതികൾ പുറത്തുവന്നാൽ എന്താകും അവസ്ഥയെന്നും തെളിവ് നശിപ്പിക്കാനും കേസിനെ സ്വാധീനിക്കാനും പ്രതികൾ ശ്രമിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. തൊണ്ടിമുതൽ എവിടെ എന്നത് ആദ്യം മുതൽ ഉന്നയിക്കുന്ന ചോദ്യമാണ്. എസ്‌ഐടിയുടെ ആത്മാർത്ഥതയെ ചോദ്യം ചെയ്യുന്നില്ല. എന്നാൽ അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിക്കുന്നുണ്ടെന്നും എസ്‌ഐടിക്കുമേൽ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ സമ്മർദമുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതികൾ ഓരോന്നായി പുറത്തുവരുമ്പോൾ ജനങ്ങളിൽ സംശയമുണ്ടാകും. തൊണ്ടിമുതലിനെ കുറിച്ച് ആരും മിണ്ടാത്തത് എന്താണ്?. കേസിൽ സിപിഐഎം നേതാക്കളുടെ പേര് വന്നിട്ടും അവർക്കെതിരെ ചെറുവിരൽ അനക്കിയിട്ടില്ല. അവർക്കെതിരെ സിപിഐഎം നടപടി സ്വീകരിക്കാത്തത് ഭയപ്പാടുകൊണ്ടാണ്. കൂടുതൽ പേര് പുറത്തുവരും എന്നുള്ളതാണ് അവരുടെ ഭയമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിയമസഭയിൽ സോണിയ ഗാന്ധിയുടെ പേര് പരാമർശിച്ച മന്ത്രി വി ശിവൻകുട്ടിയെ രമേശ് ചെന്നിത്തല വിമർശിച്ചു. ശിവൻകുട്ടി സോണിയയുടെ പേര് പറയുന്നത് പേരെടുക്കാനാണെന്നും അത് ശിവൻകുട്ടിയുടെ കയ്യിൽ വെച്ചാൽ മതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഒരു ഫോട്ടോയുടെ പേരിൽ തങ്ങൾ ആരെയും കുറ്റപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എസ്‌ഐടിയെ പ്രശംസിച്ച ഹൈക്കോടതിയുടെ പരാമർശത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് തങ്ങൾ ഉന്നയിക്കുന്നത് ജനങ്ങളുടെ ആശങ്കയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പ്രതിപക്ഷം ഉന്നയിച്ചത് ജനങ്ങളുടെ ആശങ്കയാണ്. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതിനുശേഷം പിന്നെ ഒന്നുമുണ്ടായില്ല. ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്തിട്ടില്ല. ഹൈക്കോടതിയെ കുറ്റപ്പെടുത്തുന്നില്ല. ഹൈക്കോടതിയുടെ ജോലി ഭംഗിയായി ചെയ്യുന്നുണ്ട്. എസ്ഐടിക്ക് മേലാണ് സമ്മർദം മുഴുവനെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം രക്തസാക്ഷി ഫണ്ട് വരെ മുക്കുന്ന പാർട്ടിയെ കാണുന്നത് ലോകത്ത് ആദ്യമാണെന്ന് സിപിഐഎമ്മിനെ പരിഹസിച്ചുകൊണ്ട് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർത്ഥി നിർണയം എത്രയും വേഗം പൂർത്തിയാക്കുമെന്നും യുഡിഎഫ് അധികാരത്തിൽ വരും എന്നതാണ് എൽഡിഎഫിന് ഹാലിളകാൻ കാരണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Content Highlight: congress leader ramesh chennithala reacts on sabarimala gold theft case, and criticized pinarayi vijayan

dot image
To advertise here,contact us
dot image