ശബരിമല സ്വർണക്കൊള്ളയിൽ ഇനി അറസ്റ്റുണ്ടായേക്കില്ല; മാർച്ച് ആദ്യ ആഴ്ചയോടെ ഇടക്കാല കുറ്റപത്രം സമര്‍പ്പിക്കാൻ SIT

അടിയന്തര സ്വഭാവത്തോടെ ഇടക്കാല കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം

ശബരിമല സ്വർണക്കൊള്ളയിൽ ഇനി അറസ്റ്റുണ്ടായേക്കില്ല; മാർച്ച് ആദ്യ ആഴ്ചയോടെ ഇടക്കാല കുറ്റപത്രം സമര്‍പ്പിക്കാൻ SIT
dot image

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇനി അറസ്റ്റുണ്ടായേക്കില്ല. മാര്‍ച്ച് ആദ്യ ആഴ്ചയോടെ ഇടക്കാല കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്‌ഐടിയുടെ നീക്കം. ഇതിന്റെ ആദ്യഘട്ടമെന്നോണം സാക്ഷികളുടെ നീണ്ട പട്ടികയും എസ്‌ഐടി തയ്യാറാക്കി. അഞ്ചുപേര്‍ കൂടി അറസ്റ്റിലാകാനുണ്ടെന്നായിരുന്നു കഴിഞ്ഞ തവണ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമ്പോള്‍ എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ മതിയായ തെളിവുകള്‍ ലഭിക്കാത്തതിനാല്‍ ഈ നീക്കം എസ്‌ഐടി ഉപേക്ഷിക്കുകയായിരുന്നു.

അടിയന്തര സ്വഭാവത്തോടെ ഇടക്കാല കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. ഇതിന്റെ ആദ്യഘട്ടമെന്നോണം സാക്ഷികളുടെ നീണ്ട പട്ടികയും തയ്യാറാക്കി. സന്നിധാനത്ത് നിന്ന് ദ്വാരപാലക പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് വേണ്ടി ഏറ്റുവാങ്ങിയ സ്‌പോണ്‍സര്‍മാരായ അനന്തസുബ്രഹ്‌മണ്യം, രമേഷ് റാവു എന്നിവരും സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ നിന്ന് 479 ഗ്രാം സ്വര്‍ണം ബെല്ലാരിയിലെ ജ്വല്ലറി ഉടമയായ ഗോവര്‍ധന് എത്തിച്ചുനല്‍കിയ കല്‍പേഷും പ്രതിപ്പട്ടികയിലുള്ള മറ്റ് ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥരും സാക്ഷികളാകും. ആദ്യം കരട് കുറ്റപത്രം തയ്യാറാക്കി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറില്‍ നിന്ന് നിയമോപദേശം തേടും. തുടര്‍ന്ന് പ്രോസിക്യൂഷന്‍ അനുമതിക്കായി സര്‍ക്കാരിനെ സമീപിക്കും. അനുമതി ലഭിച്ചാല്‍ മാര്‍ച്ച് ആദ്യവാരം തന്നെ ഇടക്കാല കുറ്റപത്രം സമർപ്പിക്കാനാണ് തീരുമാനം.

അതിനിടെ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനിച്ചു. പോറ്റിയുമായി മുരാരി ബാബുവിന് സാമ്പത്തിക ഇടപാടുകള്‍ ഉള്ളതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. 2019-2025 കാലയളവില്‍ സ്വത്തുക്കളില്‍ വന്‍വര്‍ധനയുണ്ടായിട്ടുണ്ടെന്നും കണ്ടെത്തി. 2021ല്‍ വീട് നിര്‍മിച്ചതിലടക്കം അന്വേഷണം നടത്തും. ശബരിമലയിലെ മറ്റ് ക്രമക്കേടുകളില്‍ നിന്ന് മുരാരി പണം സമ്പാദിച്ചെന്ന നിഗമനവുമുണ്ട്. ഇന്നലെ നടത്തിയ ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ സ്വത്തുക്കള്‍ സംബന്ധിച്ച് മുരാരി കൃത്യമായ മറുപടി നല്‍കിയില്ല. അതേസമയം, സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് തനിക്ക് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് മുരാരി ഇന്നലെ മൊഴി നല്‍കിയത്.

Content Highlights- Officials involved in the investigation have indicated that no further arrests are expected in the Sabarimala gold theft case

dot image
To advertise here,contact us
dot image