'ഇതാ എന്റെ ചതിയന്‍ സുഹൃത്ത് വരുന്നു': രവ്‌നീത് സിങ് ബിട്ടുവിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ചതിയന്‍ സുഹൃത്തേ, പേടിക്കേണ്ട നീ തിരിച്ചുവരും (കോണ്‍ഗ്രസിലേക്ക്) എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു

'ഇതാ എന്റെ ചതിയന്‍ സുഹൃത്ത് വരുന്നു': രവ്‌നീത് സിങ് ബിട്ടുവിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
dot image

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന രവ്‌നീത് സിങ് ബിട്ടുവിനെ പരിഹസിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റ് വളപ്പില്‍വെച്ചായിരുന്നു സംഭവം. കഴിഞ്ഞ ദിവസം സസ്‌പെന്‍ഷനിലായ പ്രതിപക്ഷ എംപിമാരുടെ പ്രതിഷേധത്തിനിടെയാണ് സംഭവം. രാഹുല്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് രവ്‌നീത് അതിന് മുന്നിലൂടെ ലോക്‌സഭയ്ക്ക് അകത്തേക്ക് പ്രവേശിക്കാനായി എത്തിയത്. രവ്‌നീതിനെ കണ്ടയുടന്‍ ഇതാ എന്റെ ചതിയന്‍ സുഹൃത്ത് കടന്നുവരുന്നു. അദ്ദേഹത്തിന്റെ മുഖത്തേക്ക് ഒന്നു നോക്കൂ എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

'ഹലോ സഹോദരാ, എന്റെ ചതിയന്‍ സുഹൃത്തേ, പേടിക്കേണ്ട നീ തിരിച്ചുവരും (കോണ്‍ഗ്രസിലേക്ക്) എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. രാഹുല്‍ ഹസ്തദാനത്തിനായി കൈ നീട്ടിയെങ്കിലും ബിട്ടു അതിന് തയ്യാറായില്ല. രാഹുൽ രാജ്യത്തിന്റെ ശത്രു എന്നാണ് ഇതിന് മറുപടിയായി രവ്‌നീത് സിങ് ബിട്ടു പറഞ്ഞത്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പാണ് രവ്‌നീത് സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ടത്. കോണ്‍ഗ്രസിന്റെ ടിക്കറ്റില്‍ മത്സരിച്ച് മൂന്നുതവണ എംപിയായ ആളാണ് രവ്‌നീത് സിങ്.

12 മണിയ്ക്ക് പുനരാരംഭിച്ച സഭ വീണ്ടും നിർത്തിവെച്ചു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസ് തളളിയതോടെ ലോക്സഭയിൽ ബഹളമുണ്ടായി. പ്രധാനമന്ത്രിക്ക് പാർലമെന്റിൽ എത്താൻ ഭയമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യ അമേരിക്ക വ്യാപാര കരാർ രാജ്യത്തിന് വലിയ നേട്ടമാകുമെന്ന് പ്രതിപക്ഷ ബഹളത്തിനിടയിൽ പീയുഷ് ഗോയൽ പറഞ്ഞു. കാർഷിക മേഖലയെ സംരക്ഷിച്ച് മാത്രമെ കരാർ നടപ്പാക്കു എന്നും രാജ്യത്തെ ചെറുകിട മേഖലക്ക് കരാർ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.140 കോടി ജനങ്ങൾക്ക് വേണ്ടി ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ കരാറിലൂടെ സാധിക്കും. കാർഷിക മേഖലയുടെയും ക്ഷീരമേഖലയുടെയും താല്പര്യങ്ങൾ ഹനിക്കില്ല എന്നും പീയുഷ് ഗോയൽ പറഞ്ഞു. പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം രംഗത്തെത്തി. പ്രതിപക്ഷ അംഗങ്ങൾ ബാനറുമായി നടുത്തളത്തിലിറങ്ങി. ഇതോടെ സഭ വീണ്ടും നിർത്തിവെയ്ക്കുകയായിരുന്നു.

Content Highlights: 'Here comes my Traitor friend': Rahul Gandhi mocks Ravneet Singh Bittu

dot image
To advertise here,contact us
dot image