

ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും വൃക്കയുടെയും ആരോഗ്യത്തിലുള്ള ആശങ്ക പോലെ കരളിന്റെ ആരോഗ്യത്തെ ആരും പരിഗണിക്കാറില്ല എന്നതാണ് വാസ്തവം. ആര്‍ക്കെങ്കിലും കരളിന് അസുഖം ബാധിച്ചാല്‍ ഉടന്‍തന്നെ അവര്‍ മദ്യപിക്കുന്നവരാണോ എന്നായിരിക്കും എല്ലാവരും അന്വേഷിക്കുന്നത്. എന്നാല്‍ മദ്യപിക്കുന്നവരില്‍ മാത്രമല്ല കരളിന്റെ ആരോഗ്യം തകരാറിലാകുന്നത്. മദ്യപിക്കാത്തവരിലും കരള്‍ പ്രശ്‌നങ്ങള്‍ ധാരാളമായി കണ്ടുവരുന്നുണ്ട്.
മദ്യം മാത്രമല്ല ജങ്ക് ഫുഡ്, പഞ്ചസാര പാനിയങ്ങള്‍,നിരന്തരമായ ലഘുഭക്ഷണം കഴിക്കല്‍, അലസമായ ദിനചര്യ എന്നിവയെല്ലാം കരളിനെ നിശബ്ദമായി തകരാറിലാക്കും. കരള്‍ പ്രശ്‌നങ്ങളില്‍ ഏറ്റവും ഗുരുതരമായ ഒന്നാണ് ഫാറ്റിലിവര്‍ രോഗം. ഫരീദാബാദിലെ Yatharth Super Speciality Hospital ലെ ഗ്യാസ്‌ട്രോ എന്‍ട്രോളജി & ഹെപ്പറ്റോളജി കണ്‍സള്‍ട്ടന്റ് ഡോ.ധ്രുവ് കാന്ത് മിശ്ര ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ ലേഖനത്തില്‍നിന്ന്.

മദ്യം മാത്രമാണ് കരളിന് ദോഷം ചെയ്യുന്നത് എന്നത് തെറ്റിദ്ധാരണയാണ്. കരളിന് ദേഷംവരുത്തുന്ന പല ഘടകങ്ങളില്‍ ഒന്ന് മാത്രമാണ് മദ്യം. കരള്‍ ശരീരത്തിലെ പ്രധാന രാസ സംസ്‌കരണ യൂണിറ്റാണ്. അതിനാല്‍ നമ്മള്‍ കഴിക്കുന്നതോ ശ്വസിക്കുന്നതോ ആയ എന്തും അതിലൂടെ കടന്നുപോകുന്നു. പൊണ്ണത്തടി, പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, ചില മരുന്നുകള്‍, ഹെര്‍ബല്‍ സപ്ലിമെന്റുകള്‍, വൈറല്‍ അണുബാധകള്‍, ഓട്ടോഇമ്മ്യൂണ്‍ അവസ്ഥകള്‍ എന്നിവ പോലും കരള്‍ കോശങ്ങളെ തകരാറിലാക്കും. ഇന്ത്യയില്‍, മെറ്റബോളിക് സിന്‍ഡ്രോമുമായി ബന്ധപ്പെട്ട ഫാറ്റി ലിവര്‍ രോഗം മദ്യവുമായി ബന്ധപ്പെട്ട കരള്‍ രോഗത്തേക്കാള്‍ വളരെ സാധാരണമായി കണ്ടുവരുന്നു. അതിനാല്‍ മദ്യം ഒരിക്കലും തൊട്ടിട്ടില്ലാത്ത ഒരാള്‍ക്ക് പോലും കരളില്‍ വീക്കം, മുറിവുകള്‍ തുടങ്ങി സിറോസിസ് പോലും ഉണ്ടാകാം.

ഇപ്പോള്‍ ഏറ്റവും സാധാരണമായ കരള്‍ രോഗം മദ്യപിക്കാത്തവരില്‍ ഉണ്ടാകുന്ന ഫാറ്റി ലിവര്‍ രോഗമാണ്. ഇതിന് അമിതവണ്ണം, ഇന്‍സുലിന്‍ പ്രതിരോധം, ടൈപ്പ് 2 പ്രമേഹം എന്നിവയുമായി വളരെ അടുത്ത ബന്ധമുണ്ട്. ശരീരഭാരം കൂടുക, ഉദാസീനമായ ജീവിതശൈലി, ഭക്ഷണത്തിലെ പഞ്ചസാരയുടെ അളവ് കൂടുക എന്നിവ ഇതിന് ഒരു പ്രധാന പങ്ക് വഹിക്കുന്നു. നമ്മുടെ രാജ്യത്തുള്ള വിട്ടുമാറാത്ത വൈറല്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയും കരള്‍ രോഗത്തിന് പ്രധാന കാരണങ്ങളാണ്. ചില വേദനസംഹാരികള്‍, ക്ഷയരോഗ വിരുദ്ധ മരുന്നുകള്‍, ഡോക്ടറുടെ അറിവോടെയല്ലാതെ കഴിക്കുന്ന സപ്ലിമെന്റുകള്‍ എന്നിവയുള്‍പ്പെടെ ചില ദീര്‍ഘകാല മരുന്നുകളും കരളിന് പരിക്കേല്‍പ്പിക്കും.

പ്രാരംഭ ഘട്ടത്തില്‍ തന്നെ രോഗം മൂര്‍ച്ഛിക്കുന്നതാണ് ഫാറ്റിലിവര്‍ രോഗത്തിന്റെ പ്രധാന പ്രശ്‌നം. ഇത് പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. പല രോഗികള്‍ക്കും രോഗലക്ഷണങ്ങളൊന്നുമില്ല. ചിലര്‍ക്ക് തുടര്‍ച്ചയായ ക്ഷീണം, നേരിയ അസ്വസ്ഥത അല്ലെങ്കില്‍ വയറിന്റെ മുകളില്‍ വലത് ഭാഗത്ത് ഭാരം, വിശപ്പില്ലായ്മ അല്ലെങ്കില്‍ ശരീര ഭാരത്തിലെ മാറ്റങ്ങള്‍ എന്നിവ കണ്ടേക്കാം. രോഗം പുരോഗമിക്കുമ്പോള്‍ മഞ്ഞപ്പിത്തം, കാലുകളില്‍ നീര്‍വീക്കം, വയറുവേദന, ചൊറിച്ചില്‍ അല്ലെങ്കില്‍ ചര്‍മ്മത്തില്‍ ചതവ് എന്നിവ ഉണ്ടാകാം. മദ്യപിക്കാത്തവര്‍, പ്രത്യേകിച്ച് പ്രമേഹം, പൊണ്ണത്തടി അല്ലെങ്കില്‍ കരള്‍ രോഗത്തിന്റെ പാരമ്പര്യം ഉള്ളവര്‍ എന്നിവരെല്ലാം രോഗം വരാന്‍ സാധ്യതയുളളവരാണ്.

AST, ALT തുടങ്ങിയ എന്‍സൈമുകള്‍, ബിലിറൂബിന്‍,പ്രോട്ടീന്‍ അളവ്, എന്നിവ പരിശോധിക്കുന്ന രക്ത പരിശോധനയിലൂടെ ഫാറ്റീലിവര്‍, അല്ലെങ്കില്‍ ലിവര്‍ രോഗങ്ങള്‍ കണ്ടെത്താം. വയറിന്റെ അള്‍ട്രാസൗണ്ട് പരിശോധനയിലൂടെ ബയോപ്‌സി ഇല്ലാതെ ആദ്യകാല ഫൈബ്രോസിസ് കണ്ടെത്താന്‍ കഴിയും.
Content Highlights :Liver health is not only affected by alcohol consumption. Liver problems are also common in non-drinkers.