കായിക മേഖലയിൽ വേഗത്തില്‍ ആധുനികവത്കരണം നടക്കുന്നു, അഞ്ജു സംസാരിക്കുന്നത് കാര്യങ്ങൾ അറിയാതെ: വി അബ്ദുറഹിമാൻ

'മുതിര്‍ന്ന കായിക താരങ്ങളില്‍ നിന്ന് അഭിപ്രായ രൂപീകരണം നടത്തിയാണ് കായിക രൂപരേഖ തയ്യാറാക്കിയത്. ഇതിനൊക്കെ വിളിച്ചാല്‍ വരണം'

കായിക മേഖലയിൽ വേഗത്തില്‍ ആധുനികവത്കരണം നടക്കുന്നു, അഞ്ജു സംസാരിക്കുന്നത് കാര്യങ്ങൾ അറിയാതെ: വി അബ്ദുറഹിമാൻ
dot image

തിരുവനന്തപുരം: കേരളം സ്‌പോര്‍ട്‌സിനെ അവഗണിക്കുന്നുവെന്ന അഞ്ജു ബോബി ജോര്‍ജിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍. കാര്യങ്ങള്‍ അറിയാതെയാണ് അഞ്ജു ബോബി ജോര്‍ജ് സംസാരിക്കുന്നതെന്നും കേരളത്തിലെ കായിക രംഗം ഏറ്റവുമധികം ശോഭിക്കുന്ന കാലഘട്ടമാണ് ഇതെന്നും അബ്ദുറഹിമാന്‍ പറഞ്ഞു. അടുത്ത ഒളിമ്പിക്‌സില്‍ കേരളത്തില്‍ നിന്ന് താരങ്ങളുണ്ടാകുമെന്നും കായിക വകുപ്പ് പല പദ്ധതികള്‍ക്കുമായി 5,000 കോടി രൂപയോളം ഇതുവരെ ചെലവാക്കിയെന്നും അബ്ദുറഹിമാന്‍ പ്രതികരിച്ചു. സി എം റിസര്‍ച്ച് ഫെലോഷിപ്പ് ഫോര്‍ മൈനോരിറ്റീസ് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

രാജ്യത്ത് ആദ്യമായി സ്‌പോര്‍ട്‌സ് പോളിസി നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. കേന്ദ്രസര്‍ക്കാരും അത് മാതൃകയാക്കുകയാണ്. കായിക മേഖലയില്‍ വളരെ വേഗത്തില്‍ ആധുനികവത്കരണം നടക്കുന്നുണ്ട്. സ്‌പോര്‍ട്‌സ് എക്കോണമിയുടെ ഭാഗമായാണ് ലീഗ് മത്സരങ്ങള്‍ കേരളത്തില്‍ ആരംഭിച്ചത്. കായിക സംഘടനകളുടെ ഭാഗത്ത് നിന്ന് അപാകതകള്‍ ചില അപാകതകളുണ്ടായിട്ടുണ്ട്. ഇല്ലെന്ന് പറയുന്നില്ലെന്നും കായികമന്ത്രി പ്രതികരിച്ചു.

കേരളത്തില്‍ നിന്ന് വളര്‍ന്നുവന്ന താരമാണ് അഞ്ജു ബോബി ജോര്‍ജ്. അത് മറന്ന് ഏതെങ്കിലും കസേരയിലിരുന്ന് പ്രസ്താവനകള്‍ ഇറക്കരുത്. താഴെ തട്ടിലേക്ക് വന്ന് അവിടെ നടക്കുന്ന കാര്യങ്ങള്‍ കൂടി അറിയണം. എല്ലാ പഞ്ചായത്തിലും കളിക്കളം. അത്തരമൊരു കാര്യം ഇന്ത്യയില്‍ മറ്റെവിടെയും കാണാന്‍ സാധിക്കില്ല. മുതിര്‍ന്ന കായിക താരങ്ങളില്‍ നിന്ന് അഭിപ്രായ രൂപീകരണം നടത്തിയാണ് കായിക രൂപരേഖ തയ്യാറാക്കിയത്. ഇതിനൊക്കെ വിളിച്ചാല്‍ വരണം. അഭിപ്രായങ്ങള്‍ പറയുന്നതിന് പിന്നില്‍ സ്വാര്‍ത്ഥ താല്‍പര്യമുണ്ടാകുമെന്നും അഞ്ജുവിനെ പോലൊരാള്‍ ഒരിക്കലവും പറയാന്‍ പാടില്ലാത്ത കാര്യമാണ് ഇതെന്നും വി അബ്ദുറഹിമാൻ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെ കായിക വകുപ്പിനെയും കായിക മന്ത്രി വി അബ്ദുറഹിമാനെയും രൂക്ഷമായി വിമര്‍ശിച്ച് ഒളിംപ്യനും ഇന്ത്യന്‍ അത്‌ലറ്റിക്‌സ് വൈസ് പ്രസിഡന്റുമായ അഞ്ജു ബോബി ജോര്‍ജ് രംഗത്തെത്തിയിരുന്നു. കേരളത്തില്‍ സ്‌പോര്‍ട്‌സിനെ അവഗണിക്കുകയായിരുന്നെന്നും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രവര്‍ത്തനരഹിതമാണെന്നും അഞ്ജു ബോബി ജോര്‍ജ് പറഞ്ഞിരുന്നു. മുന്നില്‍ നിന്ന് നയിക്കുന്നവര്‍ക്ക് താല്‍പര്യമുണ്ടെങ്കിലേ സിസ്റ്റം നന്നാവൂ. മെസിയെ കൊണ്ടുവരുന്ന പണം കായികമേഖലയ്ക്കായി ചെലവഴിക്കണമെന്നും അഞ്ജു ബോബി ജോര്‍ജ് വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കായിക മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.

Content Highlight; Sports Minister V Abdurahiman has responded to Anju Bobby George's statement that Kerala is neglecting sports.

dot image
To advertise here,contact us
dot image