

കോട്ടയം: പാലാ സെന്റ് തോമസ് കോളേജിലെ പ്രഭാഷണ പരിപാടിയില്‍ പങ്കെടുക്കാൻ തനിക്കുണ്ടായിരുന്ന ക്ഷണം പിന്‍വലിച്ചെന്ന് കാരവന്‍ മാസികയുടെ മുന്‍ എഡിറ്റര്‍ വിനോദ് കെ ജോസ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 'ഇന്ത്യന്‍ ജാനാധിപത്യത്തിന്റെ അവസ്ഥ' എന്ന വിഷയത്തില്‍ ഫെബ്രുവരി അഞ്ചിനായിരുന്നു പ്രഭാഷണം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കോളേജ് അധികൃതര്‍ ക്ഷണം പിന്‍വലിക്കുകയായിരുന്നുവെന്നാണ് വിനോദ് കെ ജോസ് പറയുന്നത്. താനൊരു കോണ്‍ട്രവേര്‍ഷ്യല്‍ ഫിഗര്‍ (വിവാദ വ്യക്തി) ആണെന്നും പ്രിന്‍സിപ്പലും കോളേജ് മാനേജ്‌മെന്റും കാമ്പസില്‍ തന്നെ സാന്നിധ്യം ആഗ്രഹിക്കുന്നില്ലെന്നുമാണ് അധികൃതര്‍ അറിയിച്ചതെന്നും വിനോദ് കെ ജോസ് ഫേസ്ബുക്കിൽ കുറിച്ചു.
കോളേജിലെ മുന്‍ ഫാക്കല്‍റ്റി അംഗമായിരുന്ന ടി സി തോമസിന്റെ പേരില്‍ സംഘടിപ്പിക്കുന്ന 'ടി സി തോമസ് എന്‍ഡോവ്‌മെന്റ് ലെക്ചര്‍ 2025'പരിപാടിയില്‍ പ്രഭാഷകനായാണ് തന്നെ ക്ഷണിച്ചിരുന്നതെന്ന് വിനോദ് കെ ജോസ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 'ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസ്ഥ' എന്ന വിഷയത്തിലാണ് പ്രഭാഷണം തീരുമാനിച്ചിരുന്നത്. എന്നാല്‍ തന്നോട് ഒരു വാക്ക് പോലും പറയാതെ ക്ഷണം പിന്‍വലിക്കുകയായിരുന്നുവെന്നും വിനോദ് കെ ജോസ് പറഞ്ഞു.
കത്തോലിക് സഭയുടെ കീഴില്‍ വരുന്നതാണ് പാലാ സെന്റ് തോമസ് കോളേജ്. കേരളത്തിലെ ഒരു വിഭാഗം ക്രിസ്ത്യന്‍ സമൂഹമെങ്കിലും പ്രസക്തവും സുതാര്യവുമായ സംഭാഷണങ്ങള്‍ തടയുക എന്ന ബിജെപി-ആര്‍എസ്എസ് നിലപാടിനെ പിന്തുണയ്ക്കുകയാണെന്ന് വിനോദ് കെ ജോസ് പറയുന്നു. ഇത് ഹിന്ദുത്വ വലതുപക്ഷത്തിന് കേരളത്തില്‍ കാലുറപ്പിക്കാന്‍ സഹായകമാകുന്ന നിലപാടാണ്. അടുത്തിടെ തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ ഗുണനിലവാരം കുറയുന്നതായി ചില ക്രിസ്ത്യന്‍ മാനോജ്‌മെന്റ് അധികൃതര്‍ പരാതി പറയുന്നത് കേട്ടിരുന്നു. എന്നാല്‍ തങ്ങളുടെ വിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ എന്ത് ഗുണനിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് വാഗ്ദാനം ചെയ്യുന്നതെന്ന ചോദ്യം ഉയരേണ്ടതുണ്ടെന്നും വിനോദ് കെ ജോസ് കുറിപ്പില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കാരവനിന്‍ അച്ചടിച്ചുവന്ന മുന്‍ സൈനിക മേധാവി എം എം നരവനെയുടെ പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചിരുന്നു. ദോക്‌ലാമിലെ ചൈനീസ് കയ്യേറ്റം, അഗ്നിപഥ് അടക്കം കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നരവനെയുടെ പുസ്തകത്തിലെ ചില ഭാഗങ്ങളായിരുന്നു കാരവന്‍ പ്രസിദ്ധീകരിച്ചത്. പുസ്തകം ഇതുവരെ പ്രസിദ്ധീകരിക്കിത്താതടക്കമുള്ള വിഷയം ഉയര്‍ത്തിയായിരുന്നു രാഹുല്‍ ഗാന്ധി ആഞ്ഞടിച്ചത്. എന്നാല്‍ പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തെക്കുറിച്ച് വിശദീകരണം നല്‍കേണ്ടതില്ലെന്നായിരുന്നു കേന്ദ്ര മന്ത്രി അമിത് ഷാ ലോക്‌സഭയില്‍ നല്‍കിയ മറുപടി. ഇന്നും സമാനമായി ലോക്‌സഭയില്‍ നരവനെ വിഷയം രാഹുല്‍ ഗാന്ധി ഉയര്‍ത്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് മുന്‍ കാരവന്‍ എഡിറ്ററായ വിനോദ് കെ ജോസിനുള്ള ക്ഷണം കത്തോലിക് സഭയുടെ കീഴിലുള്ള ഒരു കോളേജ് പിന്‍വലിച്ചതെന്ന അഭിപ്രായങ്ങളും ഉയർന്നു വരുന്നുണ്ട്.
Content Highlights- Pale St Thomas College has withdrawn its invitation to the former editor of Caravan vinod k jose.