'എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം';സുരേഷ് ഗോപിയെ ട്രോളി MMമണി

നേരത്തെ സുരേഷ് ഗോപി നടത്തി അധിക്ഷേപ പരാമര്‍ശത്തെ സൂചിപ്പിച്ചായിരുന്നു എം എം മണിയുടെ പരിഹാസം

'എയിംസ് എവിടെ മറ്റേ മോനെ, എന്നാണ് ചോദിക്കേണ്ടത്, പക്ഷേ നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പം';സുരേഷ് ഗോപിയെ ട്രോളി MMമണി
dot image

ഇടുക്കി: കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് പ്രഖ്യാപിക്കാത്തതില്‍ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി മുതിര്‍ന്ന സിപിഐഎം നേതാവ് എം എം മണി. എയിംസ് എവിടെ മറ്റേ മോനെ എന്നാണ് ചോദിക്കേണ്ടതെന്നും എന്നാല്‍ ഇന്ന് നിങ്ങളുടെ ദയനീയതയ്‌ക്കൊപ്പമാണെന്നും എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ സുരേഷ് ഗോപി നടത്തിയ അധിക്ഷേപ പരാമര്‍ശത്തെ സൂചിപ്പിച്ചായിരുന്നു എം എം മണിയുടെ പരിഹാസം.

എയിംസ് കേരളത്തിലേക്ക് വരുമെന്ന് അവകാശവാദം ഉന്നയിക്കുന്നതിനിടെയായിരുന്നു സുരേഷ് ഗോപി നേരത്തെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. 'കേരളത്തില്‍ എയിംസ് വരും മറ്റേ മോനെ' എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. തൃപ്പൂണിത്തുറ എന്‍ എം ഹാളില്‍ ബിജെപി സംഘടിപ്പിച്ച യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സുരേഷ് ഗോപി അധിക്ഷേപ പരാമര്‍ശം നടത്തിയത്. എയിംസ് വരും എന്ന് പറയുന്നത് ആരെയൊക്കെയോ ഭയപ്പെടുത്തുന്നുണ്ടെന്നും അങ്ങനെയുളളവര്‍ ആ ഭയത്തില്‍ മുങ്ങിമരിക്കട്ടെ എന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

'കൂടുതല്‍ പേരുകള്‍ നിര്‍ദേശിക്കൂ എന്ന് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ സര്‍ക്കാരിനോട് 2015 മുതല്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. നിങ്ങള്‍ തരുന്ന രണ്ടോ മൂന്നോ ജില്ല മാത്രമല്ല ഒരഞ്ച് ജില്ലകളുടെ പേര് തരൂ എന്നാണ് ആവശ്യപ്പെട്ടത്. ഇപ്പോഴും അതുതന്നെയാണ് ആവശ്യപ്പെടുന്നത്. കേരളത്തില്‍ എയിംസ് വരുമെന്ന് പറയുമ്പോള്‍ പലരും അങ്കലാപ്പിലാകുന്നുണ്ട്. പുച്ഛിക്കുന്നത് അവരുടെ ഡിഎന്‍എയാണ്. അവരത് ചെയ്തുകൊണ്ടേയിരിക്കട്ടെ.' സുരേഷ് ഗോപി പറഞ്ഞു.

എന്നാല്‍ എയിംസ് വരുമെന്ന് സുരേഷ് ഗോപി ആവര്‍ത്തിച്ച് അവകാശവാദം ഉന്നയിച്ചിട്ടും ഇന്നലെ നടത്തിയ കേന്ദ്ര ബജറ്റില്‍ കേരളത്തിന് എയിംസ് പ്രഖ്യാപിച്ചിരുന്നില്ല. കേരളത്തിന് സമ്പൂര്‍ണ നിരാശ സമ്മാനിക്കുന്നതായിരുന്നു കേന്ദ്ര ബജറ്റ്. കേരളം ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയ എയിംസിന് പുറമേ അതിവേഗ റെയില്‍പാതയിലും പ്രഖ്യാപനമുണ്ടായില്ല. അയല്‍സംസ്ഥാനമായ തമിഴ്നാടിന് രണ്ട് അതിവേഗ റെയില്‍ ഇടനാഴികള്‍ പ്രഖ്യാപിച്ചപ്പോഴാണ് സജീവ ചര്‍ച്ച ഉയര്‍ന്നുവന്ന കേരളത്തെ തഴഞ്ഞത്.

അപൂര്‍വ്വ ധാതുക്കള്‍ക്കായി പ്രഖ്യാപിക്കപ്പെട്ട കോറിഡോറില്‍ ഉള്‍പ്പെടുത്തി എന്നതാണ് കേരളത്തെ സംബന്ധിച്ചുണ്ടായ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കേരളം-തമിഴ്‌നാട്-ഒഡീഷ-ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന അപൂര്‍വ്വ ധാതുക്കളുടെ കോറിഡോറാണ് പ്രഖ്യാപിച്ചത്. ധാതുഖനനം, ഗവേഷണം, ഉത്പാദനം എന്നിവ ലക്ഷ്യമിട്ടാണ് ഇടനാഴി പ്രഖ്യാപിച്ചിരിക്കുന്നത്. ധാതുസമ്പന്നമായ സംസ്ഥാനങ്ങള്‍ക്ക് സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പുറമെ കടലാമ പരിചരണത്തിന് കേരളത്തിലും കര്‍ണ്ണാടത്തിലും പ്രത്യേക കേന്ദ്രം സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇതോടെ കേരളത്തെ അവഗണിച്ചെന്ന വിമര്‍ശനം ഉയര്‍ത്തി കടലാമകളുടെ ചിത്രം നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതിന് പുറമെ സംസ്ഥാനങ്ങള്‍ക്കുള്ള പദ്ധതിവിഹിതം 50 ശതമാനം ആക്കണം എന്ന കേരളത്തിന്റെ ആവശ്യം ധനമന്ത്രി തള്ളുകയും ചെയ്തു.

Content Highlights: M M Mani against Suresh Gopi on ignorance of Kerala in Union Budget 2026

dot image
To advertise here,contact us
dot image