

കൊച്ചി: കേരളത്തിലെ മുന്‍നിര ബിസിനസുകാരനായ സിജെ റോയിയുടെ മരണം ബിസിനസ് മേഖലയെ സംബന്ധിച്ച് ഒരു തീരാനഷ്ടം തന്നെയാണ്. ബെംഗളൂരൂവിലെ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസില്‍ വച്ച് ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ സ്വയം വെടിയുതിര്‍ത്ത് മരിക്കുകയായിരുന്നു സി ജെ റോയ്. സി ജെ റോയ് ബിസിനസ് മേഖലയില്‍ കൊണ്ടു വന്ന മാറ്റങ്ങളും മുന്നോട്ടു വച്ച ആശയങ്ങളും പിന്നീട് പല ബിസിനസുകാര്‍ക്കും പ്രചോദനമായിരുന്നു. ഒടുവിൽ നിയമലംഘനങ്ങളുടെ പേരിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ വിടാതെ പിന്നാലെ കൂടിയതോടെയാണ് സി ജെ റോയ് ജീവനൊടുക്കിയത്. സി ജെ റോയ് മരണം വിവരം പുറത്ത് വന്നതിന് പിന്നാലെ നിയമലംഘനം നടത്തി ബിസിനസ് ചെയ്യില്ലെന്ന് വ്യക്തമാക്കുന്ന റോയ്‌യുടെ ഒരു പഴയ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ്. കൊച്ചി മരടില്‍ ഫ്‌ളാറ്റ് പണിക്ക് തുടക്കമിട്ടതിൻ്റെയും അത് പെട്ടെന്ന് തന്നെ അവസാനിപ്പിച്ചതിന്റെയും കാരണം വ്യക്തമാക്കുന്ന സി ജെ റോയ്‌യുടെ അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുന്നത്.
സി ജെ റോയിയുടെ വാക്കുകള്‍
'കോണ്‍ഫിഡന്റ് ഗ്രൂപ്പ് വലിയൊരു പ്രൊജക്ട് മരടില്‍ പ്ലാന്‍ ചെയ്തതാണ്. 450 ഫ്‌ലാറ്റിനാണ് അന്ന് അനുമതി കിട്ടിയത്. അതില്‍ 250 ഫ്‌ലാറ്റ് സെയിലായതാണ്. ബില്‍ഡിങ്ങിന്റെ പണി ചെറിയ രീതിയില്‍ തുടങ്ങിയിരുന്നു. അന്ന് എന്നോട് ആരോ CRZ എന്നു പറഞ്ഞു. അന്ന് ഇത് എന്താണെന്ന് എനിക്ക് അറിയിലായിരുന്നു അതുകൊണ്ടു തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു എക്‌സ്‌പേര്‍ട്ടുമായ സംസാരിച്ചു. അന്നാണ് Coastal Regulation Zone എന്താണെന്ന് ഞാന്‍ അറിയുന്നത്. അതേ എക്‌സ്‌പേര്‍ട്ട് എന്നോട് പറഞ്ഞു ഇതൊക്കെ ചുമ്മാ റൂള്‍ ബുക്കിലേയുള്ളു ഇതൊന്നും പ്രശ്‌നമാകില്ലെന്ന്. അന്ന് എന്റെ തലയിലൊരു പുഴു കയറി ഇത് റൂള്‍ ബുക്കിലുണ്ടെങ്കില്‍ ഇത് ഭാവിയിലൊരു റൂള്‍ ആയാല്‍ അത് പ്രശ്‌നമാകുമെന്ന് മുന്‍കൂട്ടി ഞാന്‍ കണ്ടു. പിന്നീട് ഒരു ബോര്‍ഡ് മീറ്റിംഗ് വിളിച്ച് കൂട്ടി ആ പ്രൊജക്ട് ഞാന്‍ ക്യാന്‍സല്‍ ചെയ്തു. 250 ഫ്‌ലാറ്റിന് അഡ്വാന്‍സ് തന്ന എല്ലാ കസ്റ്റമേഴ്‌സിനും പലിശ സഹിതം തിരിച്ചു നല്‍കി. അന്ന് എല്ലാരും എന്നോട് പറഞ്ഞു ഇതൊരു മണ്ടത്തരമല്ലേന്ന് പക്ഷെ ആ പ്രൊജക്ട് കോണ്‍ഫിഡന്റ് ഗ്രൂപ്പ് 2009ല്‍ ഉപേക്ഷിക്കുകയായിരുന്നു. 2025ലും ആ പ്രൊപ്പര്‍ട്ടി അവിടെ കിടപ്പുണ്ട്. മരടിലെ പ്രൊജക്ടല്ലാതെ മറ്റൊരു പ്രൊജക്ടും കോണ്‍ഫിഡന്റ് ഗ്രൂപ്പിന് ഉപേക്ഷിക്കേണ്ടതായി വന്നിട്ടില്ല. കാരണം ഒരു നിയമവും ഇതു വരെ കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ലംഘിച്ചിട്ടില്ല'.
ഇന്ന് ഉച്ചയോടെയാണ് റോയ് ജീവനൊടുക്കുന്നത്. രാവിലെയോടെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. രണ്ട് മണിയോടെ റോയ് ഓഫീസിലേയ്ക്ക് എത്തി. ഇതിന് പിന്നാലെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റോയ്യെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. തുടര്‍ന്ന് റോയ്യോട് ചില രേഖകള്‍ ഹാജരാക്കാന്‍ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ച് റോയ് സ്വയം നിറയൊഴിക്കുകയായിരുന്നു. ആദായ വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍വെച്ചായിരുന്നു റോയ് നിറയൊഴിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോയ്യെ ആദായ നികുതി ഉദ്യോഗസ്ഥര്‍ തന്നെയാണ് ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. റോയ്യുടെ മൃതദേഹം നിലവില്‍ നാരായണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തൃശൂര്‍ സ്വദേശിയാണ് റോയ്. കേരളം, കര്‍ണാടക, തമിഴ്നാട് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു സി ജെ റോയ്. റിയല്‍ എസ്റ്റേറ്റ് കൂടാതെ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, വിദ്യാഭ്യാസം, ഗോള്‍ഫിംഗ്, റീട്ടെയില്‍, ഇന്റര്‍നാഷണല്‍ ട്രേഡിങ്ങ് (ബില്‍ഡിംഗ് മെറ്റീരിയല്‍സ്) തുടങ്ങിയ മേഖലകളിലും സി ജെ റോയ് സജീവ സാന്നിധ്യമായിരുന്നു. റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ നടപ്പിലാക്കുമ്പോള്‍ 'സീറോ ഡെബിറ്റ്' (കടരഹിത) നയം സ്വീകരിച്ചിരുന്നു. അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്സ് പട്ടികയില്‍ 14-ാം സ്ഥാനത്ത് എത്തിയിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനം ബെംഗളൂരുവിലും അന്താരാഷ്ട്ര ആസ്ഥാനം ദുബായിലുമാണ്.
കോളജ് വിദ്യാഭ്യാസത്തിന് ശേഷം സ്വിറ്റ്സര്‍ലന്‍ഡിലെ എസ്ബിഎസ് ബിസിനസ് സ്‌കൂളില്‍ നിന്ന് റോയ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഡോക്ടറേറ്റ് നേടിയിരുന്നു. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്. 2006ല്‍ തുടക്കമിട്ട കോണ്‍ഫിഡന്റ് ഗ്രൂപ്പ് കേരളത്തിലും ബെംഗളൂരുവിലും റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ നടപ്പിലാക്കിയാണ് വളര്‍ന്നത്. തുടര്‍ന്ന് ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, വിദ്യാഭ്യാസം, റീട്ടെയില്‍ തുടങ്ങിയ രംഗങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. സിനിമാ നിര്‍മാണ രംഗത്തും സജീവമായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും തല്‍പരനായിരുന്നു സി ജെ റോയ്.
Content Highlights: Dr. C J Roy, Founder of Confident Group, proudly states that unlike demolished Maradu flats, his group avoided the project and has never violated any law or breached confidence group standards to date. Discover the legacy of ethical real estate development in Kerala and beyond.