സി ജെ റോയ് വെടിയുതിർത്തത് ആദായ വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽവെച്ച്

ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ചില രേഖകള്‍ ആവശ്യപ്പെട്ടിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് നല്‍കിയിരുന്നില്ല

സി ജെ റോയ് വെടിയുതിർത്തത് ആദായ വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നിൽവെച്ച്
dot image

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കിയത് ആദായ വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നില്‍വെച്ച്. രാവിലെയോടെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ അശോക് നഗറിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍ പരിശോധനയ്ക്ക് എത്തിയിരുന്നു. രണ്ട് മണിയോടെ റോയ് ഓഫീസിലേയ്ക്ക് എത്തി. ഇതിന് പിന്നാലെ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ റോയ്‌യെ ഒരു മണിക്കൂറോളം ചോദ്യം ചെയ്തു. തുടര്‍ന്ന് റോയ്‌യോട് ചില രേഖകള്‍ ഹാജരാക്കാന്‍ ആദായ വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു മണിക്കൂര്‍ കഴിഞ്ഞിട്ടും റോയ് രേഖകള്‍ ഹാജരാക്കിയില്ല. തുടര്‍ന്ന് സ്വന്തം ഉടമസ്ഥതയിലുള്ള തോക്ക് ഉപയോഗിച്ച് റോയ് സ്വയം നിറയൊഴിക്കുകയായിരുന്നു.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ റോയ്‌യെ ആദായ നികുതി ഉദ്യോഗസ്ഥര്‍ തന്നെയാണ് ബെംഗളൂരുവിലെ നാരായണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ബെംഗളൂരു സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം സ്ഥലത്തെത്തിയിട്ടുണ്ട്. റോയ്‌യുടെ മൃതദേഹം നിലവില്‍ നാരായണ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആദായ വകുപ്പിന്റെ പരിശോധന നടന്നുവരികയായിരുന്നു. ഇതില്‍ റോയ് മാനസിക സമ്മര്‍ദത്തിലായിരുന്നു എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞത്. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഓഫീസുകളില്‍ മുന്‍പ് പല തവണ ആദായ വകുപ്പിന്റെ പരിശോധന നടന്നിട്ടുണ്ട്.

തൃശൂർ സ്വദേശിയാണ് റോയ്. കേരളം, കര്‍ണാടക, തമിഴ്‌നാട് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു സി ജെ റോയ്. റിയല്‍ എസ്റ്റേറ്റ് കൂടാതെ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, വിദ്യാഭ്യാസം, ഗോള്‍ഫിംഗ്, റീട്ടെയില്‍, ഇന്റര്‍നാഷണല്‍ ട്രേഡിങ്ങ് (ബില്‍ഡിംഗ് മെറ്റീരിയല്‍സ്) തുടങ്ങിയ മേഖലകളിലും സി ജെ റോയ് സജീവ സാന്നിധ്യമായിരുന്നു. റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ നടപ്പിലാക്കുമ്പോള്‍ 'സീറോ ഡെബിറ്റ്' (കടരഹിത) നയം സ്വീകരിച്ചിരുന്നു. അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്‌സ് പട്ടികയില്‍ 14-ാം സ്ഥാനത്ത് എത്തിയിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനം ബെംഗളൂരുവിലും അന്താരാഷ്ട്ര ആസ്ഥാനം ദുബായിലുമാണ്.

കോളജ് വിദ്യാഭ്യാസത്തിന് ശേഷം സ്വിറ്റ്‌സര്‍ലന്‍ഡിലെ എസ്ബിഎസ് ബിസിനസ് സ്‌കൂളില്‍ നിന്ന് റോയ് ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ഡോക്ടറേറ്റ് നേടിയിരുന്നു. ബഹുരാഷ്ട്ര കമ്പനിയായ എച്ച്പിയിലെ ജോലി രാജിവച്ചാണ് ബിസിനസിലേക്ക് ഇറങ്ങിയത്. 2006ല്‍ തുടക്കമിട്ട കോണ്‍ഫിഡന്റ് ഗ്രൂപ്പ് കേരളത്തിലും ബെംഗളൂരുവിലും റിയല്‍ എസ്റ്റേറ്റ് പ്രോജക്ടുകള്‍ നടപ്പിലാക്കിയാണ് വളര്‍ന്നത്. തുടര്‍ന്ന് ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, വിദ്യാഭ്യാസം, റീട്ടെയില്‍ തുടങ്ങിയ രംഗങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുകയായിരുന്നു. സിനിമാ നിര്‍മാണ രംഗത്തും സജീവമായിരുന്നു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും തല്‍പരനായിരുന്നു സി ജെ റോയ്.

Content Highlights- C J Roy shot infront of income tax officials, creating a dramatic scene during raid

dot image
To advertise here,contact us
dot image